ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പെട്ട മുഡ ഭൂമി ഇടപാട് കേസിന്‍റെ അന്വേഷണം സിബിഐക്ക് കൈമാറാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. വിവരാവകാശ പ്രവർത്തക സ്നേഹമയി കൃഷ്ണയായിരുന്നു പ്രസ്‌തുത ഹര്‍ജിയുമായി ഹൈക്കോടതിയില്‍ എത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ലോകായുക്ത പൊലീസ് സംസ്ഥാന സർക്കാരിന്‍റെ കീഴില്‍ പ്രവർത്തിക്കുന്നതിനാല്‍ മുഖ്യമന്ത്രി ഉൾപ്പെട്ട കേസിൽ നിഷ്‌പക്ഷമായ അന്വേഷണം പ്രതീക്ഷിക്കാനാവില്ലെന്നായിരുന്നു ഹർജിക്കാരന്‍റെ വാദം.
ജസ്റ്റിസ് എം നാഗപ്രസന്നയാണ് ഹര്‍ജി പരിഗണിച്ചത്. കേസില്‍ ലോകായുക്ത നടത്തിയ അന്വേഷണം പക്ഷപാതപരമോ, ഏകപക്ഷീയമോ, മോശം സ്വഭാവമുള്ളതോ ആണെന്ന് പരിശോധനയിൽ എവിടെയും സൂചനയില്ലെന്ന് കോടതി വ്യക്തമാക്കി.
സിദ്ധരാമയ്യ തന്‍റെ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് മൈസൂരു നഗര വികസന അതോറിറ്റിയുടെ ഭൂമി ഭാര്യയ്‌ക്കും ബന്ധുക്കള്‍ക്കും നല്‍കിയെന്നാണ് കേസ്. സിദ്ധരാമയ്യയുടെ ഭാര്യ ബിഎൻ പാർവതി, ഭാര്യയുടെ സഹോദരൻ മല്ലികാർജുൻ സ്വാമി, ഭൂമി വിറ്റ ദേവരാജു എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
ലോകായുക്ത പൊലീസ് സിദ്ധരാമയ്യയ്‌ക്കെതിരെ രജിസ്റ്റർ ചെയ്‌ത എഫ്‌ഐആർ കണക്കിലെടുത്ത് 2024 സെപ്റ്റംബറിൽ ഇഡി പിഎംഎൽഎ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തിരുന്നു.
മുഡ ഭൂമി ഇടപാട് കേസ്; 300 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി