പാലക്കാട്: കഞ്ചിക്കോട് എലപ്പുള്ളിയിൽ ബ്രൂവറി ആരംഭിക്കുന്നതിന് ഒയാസിസ് കമ്പനി ഏറ്റെടുത്ത ഭൂമി തരം മാറ്റണമെന്നാവശ്യപ്പെട്ട് കമ്പനി നൽകിയ അപേക്ഷ പാലക്കാട് ആർഡിഒ തള്ളി. ഏറ്റെടുത്ത 24 ഏക്കറിലെ നാലേക്കറിലധികം സ്ഥലം നെൽവയലാണ്. 2008 വരെ ഇവിടെ കൃഷി നടന്നിരുന്നു. പിന്നീട് വെള്ളം കിട്ടാത്തതു മൂലം തരിശിടുകയായിരുന്നു.
ഈ സ്ഥലം കാർഷികേതര ആവശ്യത്തിന് ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഒയാസിസ് കമ്പനി റവന്യൂ വകുപ്പിന് അപേക്ഷ നൽകിയിരുന്നത്. അപേക്ഷ തള്ളിയ ആർഡിഒ സ്ഥലം വീണ്ടും കൃഷിക്ക് ഉപയോഗിക്കുന്ന കാര്യം പരിഗണിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബ്രൂവറിക്കെതിരേ സിപിഐ ശക്തമായ നിലപാടെടുത്ത സമയത്താണ് ആ പാർട്ടിക്ക് കീഴിലുള്ള റവന്യൂ വകുപ്പ് ഇത്തരത്തിലൊരു നിലപാട് എടുത്തത് എന്നത് ശ്രദ്ധേയമാണ്. എലപ്പുള്ളിയിൽ ബ്രൂവറി ആരംഭിക്കാനുള്ള നീക്കത്തിനെതിരെ സിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി രംഗത്തിറങ്ങിയിട്ടുണ്ട്.