തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ വര്‍ധനയില്‍ കണ്ണും നട്ടിരുന്നവരെ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിരാശരാക്കി. തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ നിലവിലെ 1600 രൂപയെന്ന പ്രതിമാസ പെന്‍ഷനില്‍ 100 മുതല്‍ 300 വരെ രൂപ കൂട്ടുമെന്ന പ്രതീക്ഷ പൊതുവിലുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ബജറ്റ് പ്രസംഗത്തിലേത് പോലെ ഇത്തവണയും ക്ഷേമ പെന്‍ഷനെ കുറിച്ച് ധനമന്ത്രി യാതൊന്നും മിണ്ടിയില്ല.
2500 രൂപയായി ക്ഷേമ പെന്‍ഷന്‍ ഉയര്‍ത്തുമെന്ന എല്‍ഡിഎഫിന്‍റെ പ്രകടന പത്രികയിലെ വാഗ്‌ദാനത്തെ കുറിച്ച് ബജറ്റ് പ്രസംഗത്തിന് ശേഷം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് കേന്ദ്രം ഇങ്ങനെ വരിഞ്ഞു മുറുക്കുമ്പോള്‍ എങ്ങനെ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന മറുചോദ്യമാണ് ധനമന്ത്രിയില്‍ നിന്നുണ്ടായത്.
ഏതായാലും നിലവിലെ സാമ്പത്തിക പരാധീനതയില്‍ നിന്നുകൊണ്ട് ഉള്ളത് കൃത്യമായി കൊടുക്കുക എന്നതാണ് നയമെന്ന് ധനമന്ത്രി പറയാതെ പറഞ്ഞു. ഇനി ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മന്ത്രി എന്തെങ്കിലും വര്‍ധനവ് വരുത്തുമോ എന്നാണ് അറിയാനുള്ളത്. പച്ചത്തേങ്ങയുടെ സംഭരണ വില 32ല്‍ നിന്ന് 34 ആക്കും എന്നൊരു പ്രഖ്യാപനം കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി നടത്തിയിരുന്നെങ്കിലും ഇത്തവണത്തെ ബജറ്റില്‍ നാളികേര വികസനത്തിന് 73 കോടി രൂപ വകയിരുത്തുന്നു എന്ന പ്രഖ്യാപനം മാത്രമാണുള്ളത്.
നെല്ലിന്‍റെ സംഭരണ വില ഉയര്‍ത്തുകയും സപ്ലൈകോ ശേഖരിക്കുന്ന നെല്ലിന് കൃത്യമായി പണം നല്‍കുകയും വേണമെന്ന കര്‍ഷകരുടെ ദീര്‍ഘകാലമായ ആവശ്യം മന്ത്രി തീര്‍ത്തും അവഗണിച്ചു. പകരം സമഗ്രമായ ഒരു നെല്ല് വികസന പദ്ധതി അടുത്തവര്‍ഷം സര്‍ക്കാര്‍ കൊണ്ടു വരും എന്ന പ്രഖ്യാപനം നടത്തുകയാണുണ്ടായത്.
നെല്ല് വികസനത്തിനുള്ള വിവിധ പദ്ധതികള്‍ സംയോജിപ്പിക്കുന്നതിന് 150 കോടി രൂപ വകയിരുത്തുന്നതായി ധനമന്ത്രി പറഞ്ഞു. ഈ പദ്ധതി പ്രകാരം സുസ്ഥിര നെല്‍കൃഷി വികസനത്തിന് ഉത്‌പാദനോപാധികള്‍ക്കുള്ള സഹായമായി ഹെക്‌ടറിന് 5500 രൂപയും നെല്‍വയല്‍ ഉടമസ്ഥര്‍ക്ക് നെല്‍വയല്‍ സംരക്ഷണത്തിന് ഹെക്‌ടറിന് 3000 രൂപയും റോയല്‍റ്റിയായി നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
റബറിന്‍റെ വില കിലോഗ്രാമിന് 250 രൂപയാക്കുമെന്നായിരുന്നു 2021ലെ എല്‍ഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് വാഗ്‌ദാനം എന്നാല്‍ കഴിഞ്ഞ വര്‍ഷം 170ല്‍ നിന്ന് 180 ആക്കിയ പ്രഖ്യാപനം ആവര്‍ത്തിക്കുക മാത്രമാണുണ്ടായത്. നിലവില്‍ റബറിന് കമ്പോളത്തില്‍ 209 രൂപയുണ്ടെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചു പൂട്ടലിന്‍റെ വക്കില്‍ നില്‍ക്കുന്ന സപ്ലൈകോയ്‌ക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 131.51 കോടി രൂപ മാത്രമാണ് കൂടുതലായി അനുവദിച്ചത്. സപ്ലൈകോയില്‍ സാധനമെത്തിക്കുന്ന കരാറുകാര്‍ക്ക് മാത്രം കുടിശിക 800 കോടിയോളമുണ്ട്.
Also Read: ബാലഗോപാലിന്‍റെ ബജറ്റ് കഴിഞ്ഞു; ആശങ്കയൊഴിയാതെ ജീവനക്കാരും സാധാരണക്കാരും