ന്യൂഡല്‍ഹി: വോട്ടര്‍മാരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനയില്‍ ആശങ്ക ഉയര്‍ത്തി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. 2024 ലോക്‌സഭ-മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കിടെയുണ്ടായ വര്‍ദ്ധന ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ആശങ്ക പ്രകടിപ്പിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള കേവലം അഞ്ച് മാസം കൊണ്ട് 39 ലക്ഷം പുതിയ വോട്ടര്‍മാരുണ്ടായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മഹാരാഷ്‌ട്രയിലെ മൊത്തം പ്രായപൂര്‍ത്തിയായ ആളുകളെക്കാള്‍ കൂടുതലാണ് വോട്ടര്‍പട്ടികയിലുള്ളവരുടെ എണ്ണമെന്നും ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ചൂണ്ടിക്കാട്ടി. മഹാവികാസ് അഘാടിയിലെ പങ്കാളികളായ സഞ്ജയ് റാവത്ത്, സുപ്രിയ സൂലെ, തുടങ്ങിയവരും രാഹുലിനൊപ്പമുണ്ടായിരുന്നു.
കണ്ടെത്തിയത് വന്‍ ക്രമക്കേട്
മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ് സംബന്ധിച്ച് തങ്ങള്‍ക്ക് കിട്ടിയ ചില വിവരങ്ങള്‍ പങ്കുവയ്ക്കാനാഗ്രഹിക്കുന്നു. തങ്ങള്‍ വോട്ടര്‍പട്ടിക സമഗ്രമായി പരിശോധിച്ചു. ഇതിനായി ഒരു സംഘത്തെ തന്നെ തങ്ങള്‍ കുറച്ച് കാലത്തേക്ക് ചുമതലപ്പെടുത്തി. ഇവര്‍ നടത്തിയ പരിശോധനയില്‍ ചില ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്.
2019ലെ നിയമസഭ തെരഞ്ഞെടുപ്പിനും 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനുമിടെ വോട്ടര്‍പട്ടികയില്‍ 32 ലക്ഷം വോട്ടര്‍മാരെയാണ് ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ 2024 ലോക്‌സഭ തെരഞ്ഞെടുപ്പിനും 2024 നിയമസഭ തെരഞ്ഞെടുപ്പിനുമിടെയുള്ള കേവലം അഞ്ച് മാസം കൊണ്ട് 39 ലക്ഷം പേരെ പുതുതായി വോട്ടര്‍പട്ടികയില്‍ ചേര്‍ത്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഞ്ച് വര്‍ഷം കൊണ്ട് ചേര്‍ത്തിനെക്കാള്‍ കൂടുതല്‍ വോട്ടര്‍മാരെ കേവലം അഞ്ച് മാസം കൊണ്ട് വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാന്‍ എന്താണ് കാരണമെന്ന ചോദ്യമാണ് ഇവിടെ പ്രധാനമായും ഉയരുന്നത്. ഈ 39 ലക്ഷം പേര്‍ ആരാണെന്നും രാഹുല്‍ ചോദിച്ചു.
പ്രായപൂര്‍ത്തിയായ ജനസംഖ്യയെക്കാള്‍ കൂടുതല്‍ വോട്ടര്‍മാര്‍
മഹാരാഷ്‌ട്രയിലെ മൊത്തം പ്രായപൂര്‍ത്തിയായ ജനസംഖ്യയെക്കാള്‍ കൂടുതല്‍ പേര്‍ എങ്ങനെയാണ് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്തെ പ്രായപൂര്‍ത്തിയായ ജനങ്ങളുടെ എണ്ണം 9.54 കോടിയാണ്. എന്നാല്‍ ഇതിനെക്കാള്‍ കൂടുതല്‍ വോട്ടര്‍മാര്‍ ഉണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. എങ്ങനെയോ പെട്ടെന്ന് മഹാരാഷ്‌ട്രയില്‍ കുറച്ച് വോട്ടര്‍മാരെ ചേര്‍ത്തിരിക്കുന്നു.
കോണ്‍ഗ്രസ്, ശിവസേന(യുബിടി), എന്‍സിസി എന്നിവര്‍ക്ക് ലോക്‌സഭയിലും നിയമസഭയിലും വോട്ട് ചെയ്‌തവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 1.36 ലക്ഷം വോട്ടുകളാണ് ഒരു മണ്ഡലത്തില്‍ കിട്ടിയത്. നിയമസഭയില്‍ 1.34 ലക്ഷം വോട്ടും കിട്ടി. ഈ മണ്ഡലത്തില്‍ പുതുതായി 35000 വോട്ടര്‍മാരെ ചേര്‍ത്തിട്ടുണ്ട്. ഇത് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിെജപിക്ക് വിജയം നേടാന്‍ സഹായകമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വോട്ട് പങ്കാളിത്തത്തിലെ അസ്വഭാവികതകള്‍
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേവലം 1.9 ലക്ഷം വോട്ടുകളാണ് കിട്ടിയത്. അതേസമയം നിയമസഭയില്‍ ഇത് 1.75 ലക്ഷം വോട്ട് കിട്ടി. പുതുതായി ചേര്‍ക്കപ്പെട്ട 35,000 വോട്ടര്‍മാരുടെ ഗുണം കിട്ടിയത് ബിജെപിക്കാണ്. അങ്ങനെ അവര്‍ വിജയം കൊയ്‌തെടുത്തു. ഇതാണ് മിക്ക മണ്ഡലങ്ങളിലെയും സ്ഥിതി.
ലോക്‌സഭ, നിയമസഭ വോട്ടര്‍ പട്ടിക നല്‍കണമെന്ന ആവശ്യവും അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ വച്ചു. ക്രമക്കേടുകള്‍ നടന്നെന്ന് തങ്ങള്‍ക്ക് മനസിലായെന്നും കമ്മീഷനെ അറിയിച്ചിട്ടുണ്ട്. തങ്ങള്‍ക്ക് വോട്ടര്‍ പട്ടിക വേണം. വോട്ടര്‍മാരുടെ പേരും മേല്‍വിലാസവും അറിയണം. ആരാണ് ഈ പുതിയ വോട്ടര്‍മാരെന്ന് തങ്ങള്‍ക്കറിയണമെന്നും രാഹുല്‍ വ്യക്തമാക്കി.
ധാരാളം വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. ഒരു ബൂത്തിലുള്ളവരെ മുഴുവന്‍ മറ്റൊരു ബൂത്തിലേക്ക് മാറ്റിയിട്ടുമുണ്ട്. ഇവരിലേറെയും ദളിത്, പട്ടികവര്‍ഗ, ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവരാണ്.
കമ്മീഷന് മൗനം
നിരവധി തവണ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇതിലെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്‍ മൗനം തുടരുകയാണ്. ക്രമക്കേടുകള്‍ ഉള്ളത് കൊണ്ട് തന്നെയാണ് ഈ മൗനം. താന്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയല്ല മറിച്ച് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.
അതേസമയം രാഷ്‌ട്രീയ കക്ഷികളെ തങ്ങള്‍ മുഖ്യ പങ്കാളികളായാണ് കാണുന്നതെന്നും വോട്ടര്‍മാരെയും അങ്ങനെ തന്നെയാണെന്നും അത് കൊണ്ട് തന്നെ അവരില്‍ നിന്നുയരുന്ന ചോദ്യങ്ങളെയും നിര്‍ദ്ദേശങ്ങളെയുമെല്ലാം തങ്ങള്‍ വിലമതിക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തങ്ങളുടെ എക്‌സ് പോസ്റ്റില്‍ വിശദമാക്കി.
ECI considers political parties,as priority stakeholders,of course the voters being the prime & deeply values views, suggestions, questions coming from political parties. Commission would respond in writing with full factual &procedural matrix uniformly adopted across the country
— Election Commission of India (@ECISVEEP) February 7, 2025
പൂര്‍ണ വസ്‌തുതകളുടെ അടിസ്ഥാനത്തില്‍ തന്നെ ഇവയ്ക്കെല്ലാം മറുപടി നല്‍കുമെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ക്കുന്നു. രാജ്യമെമ്പാടും ഇതിന് ഏകീകൃത മാതൃകയാണ് ഉള്ളതെന്നും കമ്മീഷന്‍ വ്യക്തമാക്കി.
Also Read: മഹാരാഷ്‌ട്രയില്‍ ഇവിഎമ്മുകളിൽ കൃത്രിമം കാണിച്ചു; ഇന്ത്യ സഖ്യം സുപ്രീം കോടതിയിലേക്ക്