ഇന്ത്യയിലെ അറിയപ്പെടുന്ന വയലിനിസ്‌റ്റ് കലാകാരിയാണ് രൂപ രേവതി. വിവിധ ഭാഷകളിലായി 300ല്‍ അധികം സിനിമകളുടെ പശ്ചാത്തല സംഗീത വിഭാഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് കൊച്ചി സ്വദേശിനിയായ ഈ കലാകാരി പ്രവര്‍ത്തിച്ചിട്ടുള്ളത്.
മോഹന്‍ലാല്‍ നായകനായ ബി ഉണ്ണികൃഷ്‌ണൻ ചിത്രം 'മാടമ്പി'യില്‍ 'എന്‍റെ ശാരികയെ' എന്ന ഹിറ്റ് ഗാനം ആലപിച്ച് കൊണ്ടാണ് രേവതി സംഗീത ലോകത്ത് ചുവടുറപ്പിക്കുന്നത്. പ്രശസ്‌ത ഗായിക കെഎസ് ചിത്രയുടെ മ്യൂസിക് ബാൻഡിലെ സജീവ സാന്നിധ്യം കൂടിയാണ് രൂപ. ഈ കലാകാരി നേതൃത്വം നൽകുന്ന ഇൻസ്ട്രുമെന്‍റൽ ഫ്യൂഷൻ മ്യൂസിക് ബാൻഡ് അതിപ്രശസ്‌തമാണ്.
വിഖ്യാത സംഗീതജ്ഞൻ എംഎം കീരവാണി നേതൃത്വം നൽകുന്ന മ്യൂസിക് കൺസേര്‍ട്ടിൽ സഹകരിക്കാനൊരുങ്ങുകയാണ് രൂപ. മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന മ്യൂസിക് കണ്‍സേര്‍ട്ടില്‍ കീരവാണിക്കൊപ്പം സഹകരിക്കുന്നതിന്‍റെ ആവേശത്തിലാണിപ്പോള്‍ രൂപ. ഇപ്പോഴിതാ തന്‍റെ സംഗീത വിശേഷങ്ങൾ ഇടിവി ഭാരതിനോട് പങ്കുവയ്‌ക്കുകയാണ് രൂപ രേവതി.
നവമാധ്യമങ്ങളുടെ പിന്തുണ ഏറ്റവുമധികം ലഭിച്ചിട്ടുള്ള കലാകാരികളിൽ ഒരാളാണ് താന്‍ എന്നാണ് രൂപ പറയുന്നത്. "അമൃത ടിവി പ്രക്ഷേപണം ചെയ്‌തിരുന്ന ഒരു സംഗീത റിയാലിറ്റി ഷോയിലൂടെയാണ് ജനങ്ങൾ എന്നെ ശ്രദ്ധിക്കുന്നത്. മോഹൻലാൽ ചിത്രം 'മാടമ്പി' എന്ന സിനിമയിൽ എം ജയചന്ദ്രന്‍റെ സംഗീതത്തിൽ പാടിയ 'എന്‍റെ ശാരികെ' എന്ന ഗാനം ശ്രദ്ധേയമായതോടെ സംഗീത ലോകത്തേക്ക് പ്രവേശിക്കാൻ ഒരു മാർഗ്ഗം തുറന്നു കിട്ടി," രൂപ രേവതി പറഞ്ഞു.
മൂന്നു ലക്ഷത്തോളം ആരാധകരുള്ള ഒരു യൂട്യൂബ് ചാനലും ഈ കലാകാരിക്ക് സ്വന്തമായുണ്ട്. ഇതേകുറിച്ചും ഇവര്‍ വിശദീകരിക്കുന്നുണ്ട്. "എല്ലാ ഭാഷയിലുമുള്ള ഹിറ്റ് ഗാനങ്ങൾ എന്‍റെ കാഴ്‌ച്ചപ്പാടിലൂടെ വയലിനിൽ വായിച്ച് എന്‍റെ ചാനലിൽ അപ്‌ലോഡ് ചെയ്യും. എംഎം കീരവാണി സാറിന്‍റെ പാട്ടുകളും ഞാൻ ഇടയ്ക്ക് വയലിനിൽ വായിച്ച് അപ്‌ലോഡ് ചെയ്‌തിരുന്നു. അങ്ങനെ ഒരു വീഡിയോ സാക്ഷാൽ കീരവാണി സർ കാണാനിടയായി," വയലിനിസ്‌റ്റ് കലാകാരി പറഞ്ഞു.
രൂപയുടെ വീഡിയോ കണ്ട് എംഎം കീരവാണിയുടെ ഓഫീസില്‍ നിന്നും വിളി എത്തിയ കഥയും അവര്‍ പങ്കുവച്ചു. "തികച്ചും അപ്രതീക്ഷിതമായി അദ്ദേഹത്തിന്‍റെ ഓഫീസിൽ നിന്നും ഒരു വിളിയെത്തി. എന്നെപ്പോലെ തുടക്കക്കാരിയായ ഒരു കലാകാരിയെ കീരവാണി സർ ശ്രദ്ധിക്കുമെന്ന് ഞാൻ സ്വപ്‌നത്തിൽ പോലും കരുതിയിരുന്നില്ല. കീരവാണി സറിന്‍റെ ഓഫീസിൽ നിന്നും ഒരു നിർദ്ദേശമാണ് എനിക്ക് ലഭിച്ചത്. നാളെ നിങ്ങൾക്ക് ഹൈദരാബാദിൽ ഒരു റെക്കോർഡിംഗ് ഉണ്ട്. എത്രയും പെട്ടെന്ന് ഇങ്ങോട്ടേക്ക് എത്തിച്ചേരുക. ഈ കോൾ സത്യമോ മിഥ്യയോ എന്ന് ചിന്തിക്കാനുള്ള സമയമൊന്നും ഉണ്ടായിരുന്നില്ല. പെട്ടെന്ന് തന്നെ ടിക്കറ്റ് ബുക്ക് ചെയ്‌ത് ഹൈദരാബാദിലേക്ക് പറന്നു," രൂപ രേവതി പറഞ്ഞു.
എംഎം കീരവാണിയുടെ സ്‌റ്റുഡിയോയില്‍ എത്തിച്ചേര്‍ന്നതിന് ശേഷമുള്ള വിശേഷങ്ങളും അവര്‍ പങ്കുവച്ചു. "അദ്ദേഹത്തിന്‍റെ സംഗീത സംവിധാനത്തിൽ വയലിൻ വായിക്കാൻ സാധിക്കുമോ എന്നൊന്നും ഈ യാത്രയിൽ ഞാൻ ചിന്തിച്ചിരുന്നില്ല. അദ്ദേഹത്തെ ഒന്ന് കാണണം അത് മാത്രമായിരുന്നു ആഗ്രഹം. ഹൈദരാബാദിൽ കീരവാണി സറിന്‍റെ സ്‌റ്റുഡിയോയില്‍ എത്തി. ഒരു കലാകാരന് എത്രത്തോളം കഴിവുകൾ ഉണ്ടെന്ന് വളരെ പെട്ടെന്ന് അദ്ദേഹത്തിന് മനസ്സിലാക്കാൻ സാധിക്കും. വയലിനിലുള്ള എന്‍റെ പ്രാവീണ്യം മനസ്സിലാക്കിയാണ് അദ്ദേഹം സംഗീതം നിർവ്വഹിച്ച് നൽകിയത്," വയലിനിസ്‌റ്റ് കലാകാരി കൂട്ടിച്ചേര്‍ത്തു.
ഒരു കലാകാരനെ കുഴപ്പത്തിലാക്കുന്ന പ്രവണത ഒരിക്കലും അദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നാണ് രൂപ പറയുന്നത്. "അദ്ദേഹം നൽകിയ മ്യൂസിക് കോട്ടുകൾ മനസ്സിലാക്കി എന്നെക്കൊണ്ടാവുന്ന രീതിയിൽ പ്രകടനം കാഴ്‌ച്ചവച്ചു. അദ്ദേഹത്തിന് അത് ഇഷ്‌ടപ്പെട്ടു. റെക്കോർഡിംഗ് കഴിഞ്ഞ ശേഷമാണ് മനസ്സിലാക്കുന്നത് ഇത് നന്ദമുറി കല്യാൺ റാം നായകനാകുന്ന ബിംബിസാര എന്ന ചിത്രത്തിന്‍റെ മ്യൂസിക് വർക്ക് ആണെന്ന്. 2022 ലാണ് ഈ സിനിമ പുറത്തിറങ്ങിയത്," രൂപ രേവതി പറഞ്ഞു.
ചെറുപ്പക്കാരായ കലാകാരന്‍മാരെ ഫോളോ ചെയ്‌ത് അവരുടെ വര്‍ക്കുകള്‍ അദ്ദേഹം കാണുമെന്നും രൂപ അറിയിച്ചു. ഇതേ കുറിച്ചും അവര്‍ വിശദീകരിച്ചു. "കീരവാണി സർ ബേസിക്കലി ഒരു വയലിനിസ്‌റ്റാണ്. അദ്ദേഹത്തിന് കൃത്യമായറിയാം, എനിക്ക് എന്തൊക്കെ വായിക്കാൻ സാധിക്കുമെന്നും എന്തൊക്കെ വായിക്കാൻ സാധിക്കില്ലെന്നും. എന്നിലെ കലാകാരിയെ കുറിച്ച് അദ്ദേഹം വളരെ പെട്ടെന്ന് ഉൾക്കൊണ്ടപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. അദ്ദേഹത്തിന് ചെറുപ്പക്കാരായ കലാകാരന്‍മാരോടും കലാകാരികളോടും പ്രത്യേക വാത്സല്യമുണ്ട്. അവരുടെയൊക്കെ വർക്കുകൾ സോഷ്യൽ മീഡിയയിൽ പരതി കാണും അദ്ദേഹം. അവരെ ഫോളോയും ചെയ്യും. അങ്ങനെയാണ് അദ്ദേഹം എന്നിലേക്കും എത്തിച്ചേർന്നത്. ഏകദേശം ഒരാഴ്‌ച്ച കഴിഞ്ഞപ്പോൾ അദ്ദേഹവുമായി മികച്ച സൗഹൃദം സൃഷ്‌ടിക്കാൻ സാധിച്ചു," വയലിനിസ്‌റ്റ് കലാകാരി വിശദീകരിച്ചു.
അടുത്ത് ഇടപഴകാനുള്ള സ്വാതന്ത്ര്യം ലഭിച്ചതോടെ കീരവാണിയോട് ഒരു ചോദ്യവും രൂപ ചോദിച്ചു. "എത്രയോ വയലിൻ മഹാരഥന്‍മാർ ഈ നാട്ടിലുണ്ട്. എന്നേക്കാൾ സീനിയറായ എത്രയോ പേർ. സർ ഒന്ന് വിളിച്ചാൽ അവരൊക്കെ ഓടി വരും. പിന്നെ എന്തിനാണ് ഇത്രയും ചിലവ് ചെയ്‌ത് മറ്റൊരു സംസ്ഥാനത്ത് നിന്നും എന്നെ ഇങ്ങോട്ടേക്ക് എത്തിച്ചത്. അതിന് അദ്ദേഹം പറഞ്ഞ മറുപടി തൃപ്‌തികരമായിരുന്നു. നിന്നെപ്പോലുള്ള പുതിയ ആളുകളും ഈ മേഖലയിലേക്ക് കടന്നു വരണ്ടേ? കീരവാണി സറിന്‍റെ മറുപടി മനസ്സുനിറച്ചു," രൂപ പറഞ്ഞു.
സംഗീത മേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന പുതിയ കുട്ടികളോട് രൂപയ്‌ക്ക് ചിലത് പറയാനുണ്ട്. "സംഗീത ലോകത്ത് എത്തിപ്പെടാന്‍ ആഗ്രഹിക്കുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. നിങ്ങളുടെ പ്രകടനങ്ങൾ ആര് കണ്ടില്ലെങ്കിലും അത് മികച്ചതാണെങ്കിൽ കീരവാണി സർ തിരഞ്ഞുപിടിച്ചു കണ്ടിരിക്കും. യൂട്യൂബിൽ പുതിയ കലാകാരന്‍മാരുടെ പ്രകടനങ്ങൾ തിരഞ്ഞുപിടിച്ചു കാണുന്നത് അദ്ദേഹത്തിന്‍റ ഒരു ഹോബിയാണ്," രൂപ രേവതി കൂട്ടിച്ചേര്‍ത്തു.
എംഎം കീരവാണിയുടെ മ്യൂസിക് കൺസേർട്ടിൽ സഹകരിക്കുന്നതിനെ കുറിച്ചും രൂപ വാചാലയായി. "മാർച്ച് 22നാണ് കീരവാണി സര്‍ നേതൃത്വം നൽകുന്ന ഒരു സംഗീത നിശ അരങ്ങേറുന്നത്. ലീഡ് വയലിനിസ്‌റ്റായി ഞാൻ ഈ സംഗീത നിശയിൽ സഹകരിക്കുന്നുണ്ട്. ഈ കൺസേർട്ടിൽ ആരൊക്കെ പാടുന്നു ആരൊക്കെയാണ് മറ്റു കലാകാരന്‍മാർ എന്നതിനെക്കുറിച്ചൊന്നും വെളിപ്പെടുത്താൻ സാധിക്കില്ല. ഞാനുണ്ട്. മറ്റു വിശദാംശങ്ങൾ സറിന്‍റെ പിആർ ഡിടപ്പാർട്ട്‌മെന്‍റ് വഴി നിങ്ങൾ അറിയും," രൂപ അറിയിച്ചു.
സിനിമയിൽ അവസരങ്ങൾ ലഭിച്ചതിനെ കുറിച്ചും അവര്‍ വിശദീകരിച്ചു. "യഥാർത്ഥത്തിൽ ഞാനൊരു ഗായികയാണ്. വയലിനും പെർഫോം ചെയ്യും. ഞാൻ പങ്കെടുത്ത റിയാലിറ്റി ഷോയുടെ സെക്കൻഡ് സീസണിൽ അതിഥിയായി പോകാനുള്ള ഒരു അവസരം ലഭിക്കുന്നു. ആ സീസണിലെ ജഡ്‌ജുകളിൽ ഒരാളായിരുന്നു സംഗീത സംവിധായകൻ ദീപക് ദേവ്. ആ വേദിയിലൂടെ അദ്ദേഹവുമായി ഒരു സൗഹൃദം സൃഷ്‌ടിക്കാൻ സാധിച്ചു. അങ്ങനെയാണ് അക്കാലത്തെ മലയാളത്തിലെ ബ്രഹ്‌മാണ്ഡ സിനിമയായ ഉറുമിയിൽ ഒരു പാട്ടുപാടാൻ അവസരം ലഭിക്കുന്നത്. ദീപക് ചേട്ടന് ഞാൻ വയലിൻ വായിക്കുമെന്ന് നന്നായി അറിയാം. റെക്കോർഡിംഗിന് ചെന്നപ്പോൾ നമുക്ക് രണ്ട് വയലിൻ ബിറ്റ് എടുക്കാമെന്ന് അദ്ദേഹം പറഞ്ഞു. ആ സിനിമയിൽ ഉടനീളം ഉപയോഗിച്ചിരിക്കുന്ന പുള്ളുവൻ വീണയുടെ സ്വരം മുഴുവൻ ഞാൻ വയലിനിൽ വായിച്ചതാണ്. പാട്ടുകളും ബാക്ക്‌ഗ്രൗണ്ട് സ്കോറും ആഗോളതലത്തിൽ ശ്രദ്ധയാകർഷിച്ചു. ആ സിനിമ നൽകിയ മൈലേജ് വളരെ വലുതാണ്," രൂപ രേവതി വിശദീകരിച്ചു.
ഒരു ഗായിക ആവാനാണ് താന്‍ ആഗ്രഹിച്ചിരുന്നതെന്നും എന്നാല്‍ ആയത് വയലിന്‍ കലാകാരിയാണെന്നും രൂപ വെളിപ്പെടുത്തി. "ഒരു ഗായികയാകാൻ ആഗ്രഹിച്ച് ഈ മേഖലയിലേക്ക് കടന്നുവന്ന ആളാണ് ഞാൻ. സിനിമയിൽ പാടുന്നതിനൊപ്പം തന്നെ കെഎസ് ചിത്രയുടെ എല്ലാ സംഗീത പരിപാടികൾക്കും ഞാനും പങ്കെടുത്തിരുന്നു. ചിത്ര ചേച്ചിയുടെ പരിപാടികളിൽ ഞാൻ പാട്ടു പാടുകയും, വയലിൻ വായിക്കുകയും ചെയ്‌തിരുന്നു. ഞാൻ അവതരിപ്പിക്കുന്ന സംഗീത നിശകളില്‍ പാടുകയും, വയലിൻ വായിക്കുകയും ചെയ്യും. പക്ഷേ കാലക്രമത്തിൽ ഒരു സ്ത്രീ വയലിൻ വായിക്കുന്നു എന്നുള്ള കൗതുകമാണ് പ്രേക്ഷകരെ കൂടുതൽ ആകർഷിച്ചത്. പലരും ഗായിക എന്നതിലുപരി വയലിൻ പെർഫോം ചെയ്യാനാണ് എന്നെ ക്ഷണിക്കാറുള്ളത്. അങ്ങനെയൊരു ഗായിക പൂർണ്ണ അർത്ഥത്തിൽ വയലിൻ കലാകാരിയായി പതുക്കെ വളർന്നു. പൊതുവെ വയലിൻ മാന്ത്രികരെല്ലാം പുരുഷന്‍മാരാണ്. പെട്ടെന്നൊരു സ്ത്രീ കടന്നു വന്നപ്പോൾ സംഗീതാസ്വാദകർക്ക് ഒരു കൗതുകം ജനിച്ചു," രൂപ രേവതി വ്യക്‌തമാക്കി.
വയലിനിസ്‌റ്റ് ബാലഭാസ്‌കറുമായുള്ള ചില നിമിഷങ്ങളെ കുറിച്ചും രൂപ സംസാരിച്ചു. "അതുല്യ കലാകാരൻ സ്‌റ്റീഫൻ ദേവസിയുടെ ഒരുപാട് ഷോകളിൽ ഞാൻ ഗായികയായി പ്രകടനം കാഴ്‌ച്ചവച്ചിട്ടുണ്ട്. ആ കാലങ്ങളിൽ സ്‌റ്റീഫൻ ദേവസിയും, ബാലഭാസ്‌കർ ചേട്ടനും ഒരുമിച്ചാണ് ഷോകൾ ചെയ്‌തിരുന്നത്. വേദിയിൽ ബാലഭാസ്‌കർ വയലിനിൽ ഇന്ദ്രജാലം കാണിക്കുന്നത് അത്‌ഭുതത്തോടുകൂടിയാണ് ഞാൻ നോക്കി നിന്നിട്ടുള്ളത്. അപ്പോൾ ഞാൻ വയലിൽ പഠിക്കുന്നതേയുള്ളു," വയലിനിസ്‌റ്റ് കലാകാരി പറഞ്ഞു.
നിന്നുകൊണ്ട് വയലിൻ വായിക്കുന്നത് എങ്ങനെയെന്ന് ബാലഭാസ്‌കറില്‍ നിന്നും പഠിച്ചെടുത്തതിനെ കുറിച്ചും രൂപ വിശദീകരിച്ചു. "എങ്ങനെയാണ് നിന്നുകൊണ്ട് വായിക്കുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞങ്ങള്‍ പൊതുവെ ഇരുന്നാണ് വയലിന്‍ വായിക്കാറ്. പലപ്പോഴും ഞാൻ ബാലു ച്ചേട്ടന്‍റെ അടുത്തെത്തി ഇത് എങ്ങനെയാണ് നിന്നുകൊണ്ട് വായിക്കുന്നതെന്ന് ചോദിക്കും. എന്‍റെ സംശയങ്ങളെല്ലാം അദ്ദേഹം മികച്ച രീതിൽ തീർത്തു തരും. അദ്ദേഹത്തിന്‍റെ നിർദ്ദേശങ്ങൾ കൂടി ഉൾക്കൊണ്ടായിരുന്നു ഞാൻ വയലിൽ പഠനം തുടർന്നത്. സ്വന്തമായി വയലിൻ വായിച്ചു തുടങ്ങിയപ്പോൾ അതൊക്കെ റെക്കോർഡ് ചെയ്‌ത് ബാലു ചേട്ടനെ കേൾപ്പിക്കും. ഞാനൊരു ഇലക്ട്രിക് വയലിൻ വാങ്ങാൻ തീരുമാനിച്ചപ്പോൾ ഏതു വാങ്ങണമെന്ന് നിർദ്ദേശിച്ചതും ബാലു ചേട്ടനാണ്. അദ്ദേഹത്തിന്‍റെ വിയോഗം താങ്ങാൻ ആകുന്നതല്ല," രൂപ രേവതി പറഞ്ഞു.
മലയാളികളേക്കാൾ അന്യഭാഷയില്‍ ഉള്ളവരാണ് തനിക്ക് സോഷ്യൽ മീഡിയയിലൂടെ മികച്ച പിന്തുണ നൽകുന്നതെന്നും രൂപ വ്യക്‌തമാക്കി. " 'അല വൈകുണ്‌ഠപുരമുലൂ' എന്ന സിനിമയിലെ 'സാമജവരാഗമന' എന്ന ഗാനവും, 'അന്യൻ' സിനിമയിലെ 'കുമാരി' എന്ന ഗാനവും എന്‍റെ കാഴ്‌ച്ചപ്പാടിൽ റീ ക്രിയേറ്റ് ചെയ്‌ത് വയലിനിൽ വായിച്ച വീഡിയോകൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്‌തിരുന്നു. മലയാളികളേക്കാൾ തമിഴ്, തെലുങ്ക്, ഹിന്ദി പ്രേക്ഷകരാണ് ഈ രണ്ട് വീഡിയോകൾക്കും മികച്ച പിന്തുണയുമായി എത്തിയത്. കമന്‍റ് ബോക്‌സിൽ അന്യസംസ്ഥാനത്തുള്ള സംഗീതാസ്വാദകരുടെ പിന്തുണ കണ്ട് ഞാൻ അതിശയിച്ച് പോയിട്ടുണ്ട്. തമിഴ്‌നാട്ടിലും തെലുങ്കാനയിലുമാണ് ഞാൻ ഏറ്റവും കൂടുതൽ സംഗീത നിശകൾ സംഘടിപ്പിക്കുന്നത്. മറ്റു ഭാഷകളിൽ നിന്ന് ലഭിക്കുന്ന പ്രേക്ഷകരുടെ പിന്തുണയെ ഒരിക്കലും തള്ളിക്കളയാനാകില്ല," രൂപ രേവതി വ്യക്‌തമാക്കി.
2013 മുതൽ 2017 വരെ കെഎസ് ചിത്രയുടെ ബാൻഡിലെ സജീവ സാന്നിധ്യമായിരുന്നു താനെന്നും അതിന് ശേഷമാണ് സ്വന്തമായൊരു ബാൻഡ് എന്ന ചിന്തയിലേക്ക് നീങ്ങുന്നതെന്നും രൂപ പറഞ്ഞു. രൂപ രേവതി ദി ബാൻഡ് എന്നാണ് കൂട്ടായ്‌മയുടെ പേര്. തന്നോടൊപ്പമുള്ള കലാകാരന്‍മാരാണ് ബാൻഡിന്‍റെ നട്ടെല്ലെന്നും അവര്‍ വ്യക്‌തമാക്കി.
"സുമേഷ് ആനന്ദ് എന്ന കലാകാരനാണ് പ്രധാന കീബോർഡിസ്‌റ്റ്. അദ്ദേഹമൊരു എക്‌സ് നേവിയാണ്. മുൻ പ്രസിഡന്‍റായ എപിജെ അബ്‌ദുൽ കലാമിന്‍റെ മ്യൂസിക് ബാൻഡിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ട്രോംപോൺ എന്നൊരു റെയർ ഇൻസ്‌ട്രുമെന്‍റ് അദ്ദേഹം നന്നായി വായിക്കും. ഈ ഇൻസ്ട്രുമെന്‍റിൽ അദ്ദേഹം ഇന്ത്യയിലെ ഫസ്‌റ്റ് റാങ്ക് ഹോൾഡളാണ്. ജോബി പയസ് എന്ന വിഖ്യാത കലാകാരനാണ് ലീഡ് ഗിത്താറിസ്‌റ്റ്. ബേസ് ഗിത്താറിസ്‌റ്റ് ഡെൻസൺ എന്ന കലാകാരനാണ്. ജിയോ ആണ് ബാൻഡിൽ ഡ്രം വായിക്കുന്നത്. ഇവരൊക്കെത്തന്നെയും അവരുടെ മേഖലകളിലെ അതികായൻമാരാണ്.ഇവരെയൊക്കെ എങ്ങനെ ഒന്നിച്ച് കൂട്ടി ബാൻഡ് ആരംഭിച്ചുവെന്ന് ചോദിച്ചാൽ കുഴങ്ങിപ്പോകും. സംഭവിച്ചു എന്ന് പറയാനേ എനിക്കിപ്പോൾ ആകൂ..," വയലിനിസ്‌റ്റ് കലാകാരി പറഞ്ഞു.
2015 മുതലാണ് താന്‍ വയലിൽ കൂടുതൽ കോൺസെൻട്രേറ്റ് ചെയ്‌ത് തുടങ്ങുന്നതെന്നും അതുവരെ ഒരു മുഴുവൻ സമയ ഗായികയായിരുന്നുവെന്നും അവര്‍ വ്യക്‌തമാക്കി. "വയലിൻ പെർഫോം ചെയ്‌ത് തുടങ്ങിയതോടെ ഇൻസ്‌ട്രുമെന്‍റല്‍ ബാൻഡ് എന്ന കോൺസെപ്‌റ്റിലേക്ക് ചുവടുവച്ചു. ലോക്ക്‌ഡൗൺ കാലഘട്ടത്തിലാണ് ബാൻഡ് ശക്‌തമാകുന്നത്," രൂപ രേവതി പറഞ്ഞു.
പ്രശസ്‌ത വയലിൻ മാന്ത്രികൻ എംബാർ എസ് കണ്ണന്‍റെ ശിഷ്യത്വത്തിലാണ് രൂപ വയലിൻ സ്വായത്തമാക്കിയത്. രൂപയുടെ ബാന്‍ഡിന്‍റെ ആദ്യ സ്വതന്ത്ര ആൽബം റിലീസിനൊരുങ്ങുകയാണ്. ആൽബത്തിന് പേര് നിർവ്വഹിക്കാൻ ഒരുങ്ങുന്നത് എംബാർ കണ്ണനാണ്. ആല്‍ബത്തിന്‍റെ വിശദാംശങ്ങൾ എംബാർ കണ്ണൻ മുഖേന വരും ദിവസങ്ങളിൽ ജനങ്ങളിലേക്ക് എത്തുമെന്നും അവര്‍ വെളിപ്പെടുത്തി.
"എന്‍റെ സംഗീത ജീവിതത്തിലെ ആദ്യ സ്വതന്ത്ര സൃഷ്‌ടിക്ക് പേരും, അനുഗ്രഹവും നൽകേണ്ടത് എന്‍റെ ഗുരുനാഥനാണ്. അദ്ദേഹം തന്നെ എന്‍റെ ആൽബം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കണമെന്നാണ് ആഗ്രഹം. കർണാട്ടിക് വെസ്‌റ്റേൺ ടച്ചുള്ള ഫ്യൂഷൻ ആയാണ് ആൽബം പുറത്തിറങ്ങുക," വയലിനിസ്‌റ്റ് കലാകാരി പറഞ്ഞു.
പ്രശസ്‌ത കർണാട്ടിക് സംഗീതജ്ഞനായ പി ഉണ്ണികൃഷ്‌ണന്‍റെ ശിഷ്യത്വമാണ് രൂപ രേവതി എന്ന ഗായികയുടെ അടിസ്ഥാനം. 'എന്നവളെ അടി എന്നവളെ', 'ഇരുവത് കോടി' തുടങ്ങി ഹിറ്റ് ഗാനങ്ങളിലൂടെ പ്രശസ്‌തനാണ് പി ഉണ്ണികൃഷ്‌ണൻ.
കെഎസ് ചിത്ര എന്ന വഴികാട്ടിയെ കുറിച്ചും രൂപ വാചാലയായി. "രൂപ രേവതി എന്ന കലാകാരിയെ ജനഹൃദയങ്ങളിൽ പ്രതിഷ്‌ഠിച്ചതിൽ കെഎസ് ചിത്ര എന്ന ഗായികയ്ക്ക് വലിയ സ്ഥാനമുണ്ട്. സംഗീത ലോകത്തേക്കുള്ള കടന്നുവരവിന് എനിക്ക് വഴിയൊരുക്കിയ റിയാലിറ്റി ഷോ കെഎസ്. ചിത്ര സ്ഥിരമായി കാണുമായിരുന്നു. അങ്ങനെയാണ് ചിത്ര ചേച്ചിയുമായി ഒരു സൗഹൃദം ഉടലെടുക്കുന്നത്. എന്നെ ഒരു മകളെ പോലെയാണ് ചേച്ചി കരുതുന്നത്. കഴിഞ്ഞ 12 വർഷമായി ചിത്ര ചേച്ചിയോടൊപ്പം സജീവമായി പ്രവർത്തിക്കുന്നുണ്ട്. ചിത്ര ചേച്ചിയുടെ സംഗീത പരിപാടികളിൽ എന്‍റെ ഒരു വയലിൻ പെർഫോമൻസ് ചേച്ചി ഉറപ്പുവരുത്തും," രൂപ വെളിപ്പെടുത്തി.
ഗായിക എന്ന രീതിയിൽ സോളോ പെർഫോമൻസിനും പലപ്പോഴും ചിത്ര അവസരം ഒരുക്കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. "നമുക്കറിയാം ചിത്ര ചേച്ചിയുടെ ഒരു സംഗീത പരിപാടി സംഘടിപ്പിച്ചാൽ ജനങ്ങൾ എത്തുന്നത് ചിത്ര ചേച്ചിയുടെ പാട്ടുകൾ കേൾക്കാനാണെന്ന്. ചേച്ചിക്കൊപ്പം ആ പരിപാടിയിൽ സഹകരിക്കാൻ (കോറസ് അടക്കം) ധാരാളം ഗായകര്‍ ഉണ്ടാകും. പക്ഷേ ആ ഷോയിൽ ഒപ്പം സഹകരിക്കുന്ന എല്ലാ ഗായകർക്കും സ്വതന്ത്രമായൊരു ഗാനം ആ വേദിയിൽ അവതരിപ്പിക്കാനുള്ള സാഹചര്യം ചേച്ചി സൃഷ്‌ടിക്കും. ചിത്ര ചേച്ചിയുടെ പരിപാടിയിൽ സഹകരിക്കുന്ന ഒരു കലാകാരനെയോ കലാകാരിയെയോ അവരുടെ നിഴലിൽ അകപ്പെട്ട് പോകാൻ സമ്മതിക്കില്ല. സ്വരമാധുര്യം കൊണ്ടും സ്വഭാവ ഗുണം കൊണ്ടും ചിത്ര ചേച്ചിയെ പോലൊരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല," രൂപ രേവതി കൂട്ടിച്ചേര്‍ത്തു.
ഇൻസ്‌ട്രുമെന്‍റല്‍ ബാൻഡ് ഷോയിൽ ക്രിയാത്‌മകമായി ചിന്തിച്ചില്ലെങ്കിൽ ജനപിന്തുണ ലഭിക്കില്ലെന്നും കലാകാരി അഭിപ്രായപ്പെട്ടു. "ഒരു വയലിൻ ഷോ സംഘടിപ്പിച്ചിരുന്നു. ജനങ്ങൾ ആ പരിപാടി കാണാനത്തി. ഒരു പാട്ട് മുഴുവൻ വയലിൻ ഉപയോഗിച്ച് വായിക്കുകയാണെങ്കിൽ ഒന്നോ രണ്ടോ പ്രകടനങ്ങൾ കഴിയുമ്പോഴേ ജനങ്ങൾക്ക് ബോറടിച്ച് തുടങ്ങും. കാരണം ഇൻസ്‌ട്രുമെന്‍റല്‍ ബാൻഡ് ഷോയിൽ ഗായകരില്ല. ഒരു പാട്ട് മുഴുവൻ വയലിൻ ശബ്‌ദത്തിൽ കേൾക്കാൻ ജനങ്ങൾക്ക് ക്ഷമയുമില്ല. അതുകൊണ്ട് തന്നെ അഞ്ചു മിനിട്ടിലെ ഒരു സെഗ്‌മെന്‍റില്‍ നാലോ അഞ്ചോ പാട്ടുകൾ ഒരു മെഡ്ലി പോലെയാണ് അവതരിപ്പിക്കുന്നത്," രൂപ വ്യക്‌തമാക്കി.
ഒരു ഗാനമേള പോലെ ഒരിക്കലും വയലിൻ ഫ്യൂഷൻ പ്രകടനം കാഴ്‌ച്ചവയ്‌ക്കാനാകില്ലെന്നാണ് കലാകാരി പറയുന്നത്. "അടുത്തത് എന്ത് എന്നൊരു ആകാംക്ഷ കേൾവിക്കാരന് നൽകണം. മെഡ്ലി രൂപത്തിൽ ഒരു പാട്ടിൽ നിന്നും മറ്റൊരു പാട്ടിലേക്ക് വയലിൻ ശബ്‌ദം കടക്കുമ്പോൾ ജനങ്ങളുടെ സിരകളിലൂടെ രക്‌തം ഇരച്ചു കയറും. കേൾവിക്കാരനെ ആസ്വാദനത്തിന്‍റെ ഉച്ചസ്ഥായിയിൽ എത്തിക്കുക എന്നതാണ് വേദിയിൽ പ്രകടനം കാഴ്‌ച്ചവയ്ക്കുന്ന ഞങ്ങളുടെയൊക്കെ ദൗത്യം," രൂപ രേവതി വിശദീകരിച്ചു.
ഒരു വേദിയിൽ അവതരിപ്പിക്കുന്ന പരിപാടി അതുപോലെ മറ്റൊരു വേദിയിൽ അവതരിപ്പിക്കാൻ സാധിക്കില്ലെന്നും അവര്‍ പറഞ്ഞു. ഓരോ വേദിയിൽ പ്രകടനം കാഴ്‌ച്ചവയ്ക്കുമ്പോഴും മാനസിക ധർമ്മത്തിനനുസരിച്ച് സംഗീതത്തിന്‍റെ സ്വഭാവം മാറും. വിഖ്യാത സംഗീതജ്ഞൻ സാക്കിർ ഹുസൈന്‍റെ ശക്‌തി ബാൻഡ് തന്നിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും വയലിനിസ്‌റ്റ് കലാകാരി കൂട്ടിച്ചേര്‍ത്തു.
സംഗീത ജീവിതത്തിലെ ചില അപൂർവ്വ നിമിഷങ്ങളെ കുറിച്ചും അവര്‍ വെളിപ്പെടുത്തി. ഗാനഗന്ധർവ്വൻ കെജെ യേശുദാസിന്‍റെ ജന്‍മദിനത്തിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ച് അദ്ദേഹത്തോടൊപ്പം ഒരു കച്ചേരി അവതരിപ്പിക്കാൻ സാധിച്ചത് വലിയൊരു ജീവിതാഭിലാഷമായി കരുതുന്നുവെന്നും രൂപ പറഞ്ഞു.
ഇന്ത്യയിലെ പകരം വയ്ക്കാനില്ലാത്ത സംഗീത പ്രതിഭ എസ്‌പി ബാലസുബ്രഹ്‌മണ്യത്തോടൊപ്പം പ്രവർത്തിച്ചതിനെ കുറിച്ചും രൂപ വിശദീകരിച്ചു. "ചിത്ര ചേച്ചി മുഖേനയാണ് എസ്‌പി ബാലസുബ്രഹ്‌മണ്യത്തോടൊപ്പം പ്രവർത്തിക്കാനുള്ള അവസരം ലഭിക്കുന്നത്. അക്കാലത്ത് വയലിനിസ്‌റ്റ് എന്ന രീതിയിൽ ഞാൻ പ്രശസ്‌തയല്ല. ഗായിക ആയാണ് ആ പരിപാടിയിൽ പങ്കെടുക്കാൻ പോയത്. അതുകൊണ്ട് തന്നെ വയലിൻ എടുക്കാതെയാണ് പരിപാടി നടക്കുന്ന വേദിയിൽ എത്തിച്ചേർന്നതും," വയലിനിസ്‌റ്റ് കലാകാരി പറഞ്ഞു.
തന്നെക്കുറിച്ച് എസ്‌പിബി മൈക്കിലൂടെ അനൗൺസ്‌മെന്‍റ് ചെയ്‌തതിനെ കുറിച്ചും അവര്‍ പങ്കുവച്ചു. "പരിപാടി തുടങ്ങി പകുതി സമയമായപ്പോൾ എസ്‌പിബി സാർ എന്‍റെ അടുത്തുവന്നു, 'നീ വയലിൻ കൂടെ കരുതിയിട്ടുണ്ടോ' എന്ന് ചോദിച്ചു. ഗായികയായിട്ടാണ് ക്ഷണം ലഭിച്ചത് എന്നുള്ളതുകൊണ്ട് വയലിൻ എടുത്തിട്ടില്ലെന്ന് മറുപടിയും പറഞ്ഞു. വയലിൻ മുറിയില്‍ ഉണ്ടെങ്കിൽ എടുത്തിട്ട് വരാൻ എസ്‌പിബി സാർ നിർദ്ദേശിച്ചു. ഞാന്‍ എനിക്കൊപ്പം വന്ന കസിനോട് മുറിയില്‍ നിന്നും എത്രയും വേഗം വയലിൻ എടുത്തിട്ട് വരാൻ പറഞ്ഞു. ആ സമയത്ത് എസ്‌പിബി സാർ മൈക്കിലൂടെ ഒരു അനൗൺസ്‌മെന്‍റ് നടത്തി. ഒരു മികച്ച വയലിൻ കലാകാരി നമുക്കൊപ്പമുണ്ട്. അവരുടെ വയലിൻ എടുക്കാൻ ഒരാൾ മുറിയിലേക്ക് പോയിരിക്കുകയാണ്. അതുവരെ നമുക്കൊരു ബ്രേക്ക് എടുക്കാം. ശേഷം ആ കലാകാരിയുടെ വയലിൻ പ്രകടനം നമ്മുക്ക് കാണാം. എന്‍റെ തല കറങ്ങിപ്പോയി," രൂപ വാചാലയായി.
എസ്‌പിബിയെ പോലൊരു കലാകാരന് അന്ന് ആരും അറിയാത്ത തന്നെ പോലൊരാളെ ഇത്രയും സപ്പോർട്ട് ചെയ്യേണ്ട കാര്യം എന്താണെന്നാണ് രൂപ ചോദിക്കുന്നത്. "എനിക്കറിയില്ല, ആ നിമിഷങ്ങളെ എങ്ങനെ വിശദീകരിക്കണമെന്ന്. വയലിനുമായി കസിൻ എത്തി. എസ്‌പിബി സാർ എന്നെയും കൂട്ടി വേദിയിലെത്തി. സുന്ദരി കണ്ണാൽ ഒരു സേതി എന്ന ഹിറ്റ് ഗാനം അദ്ദേഹം പാടാൻ ആരംഭിക്കുന്നു. ആ ഗാനത്തിന് ഞാൻ വയലിൻ അകമ്പടി സേവിച്ചു. ആ സന്തോഷത്തെ കുറിച്ചും അനുഭവത്തെ കുറിച്ചും ദയവായി വിശദീകരിക്കാൻ ആവശ്യപ്പെടരുത്. വാക്കുകൾക്ക് അതീതമാണ് ആ നിമിഷങ്ങൾ," രൂപ രേവതി വ്യക്‌തമാക്കി.
നല്ല അവസരങ്ങൾ ജഗദീശ്വരന്‍റെ സഹായത്തോടെ കൃത്യമായി തന്നിലേക്ക് എത്തിച്ചേരുന്നുവെന്നാണ് രൂപ പറയുന്നത്. തന്‍റെ കുറവുകളെ കുറിച്ച് തനിക്ക് ധാരണയുണ്ടെന്നും ഓരോ ദിവസവും ആ കുറവുകളെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് താനെന്നും അവര്‍ പറഞ്ഞു.
"സംഗീത മേഖലയിലേക്ക് കടന്നുവരുന്ന സമയത്ത് സിനിമയായിരുന്നു ഞാൻ അടക്കമുള്ള ഒരുപാട് കലാകാരന്‍മാരുടെയും കലാകാരികളുടെയും ലക്ഷ്യം. ഇന്ന് സിനിമ ഒരു അവസാന വാക്കല്ല. സോഷ്യൽ മീഡിയ എന്ന വലിയ ലോകം കലാമേഘലയിൽ പ്രവർത്തിക്കുന്നവർക്ക് മുന്നിൽ തുറന്നു കിടപ്പുണ്ട്. ശ്രമങ്ങൾ എല്ലാവരെയും ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കും," രൂപ രേവതി പറഞ്ഞു.