ന്യൂഡൽഹി: അടുത്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനത്തിനായുള്ള തെരഞ്ഞെടുപ്പ് സമിതി തിങ്കളാഴ്‌ച യോഗം ചേരും. പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയോഗിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും പാനലിലെ അംഗങ്ങളാണ്.
ഫെബ്രുവരി 18 ന് നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) രാജീവ് കുമാർ വിരമിക്കുന്നതിന് മുന്നോടിയായാണ് തീരുമാനം. സെർച്ച് കമ്മിറ്റിയുടെ ചുരുക്കപ്പട്ടികയിലുള്ള പേരുകളിൽ നിന്ന് സമിതി ശുപാർശ ചെയ്യുന്ന വ്യക്തിക്ക് രാഷ്‌ട്രപതിയാണ് നിയമനം നൽകുന്നത്. രാജീവ് കുമാറിനുശേഷം, ഗ്യാനേഷ് കുമാറാണ് ഏറ്റവും മുതിർന്ന തെരഞ്ഞെടുപ്പ് കമ്മീഷണർ. 2029 ജനുവരി 26 വരെയാണ് അദ്ദേഹത്തിൻ്റെ കാലാവധി. സുഖ്ബീർ സിംഗ് സന്ധു ആണ് മറ്റൊരു തെരഞ്ഞെടുപ്പ് കമ്മീഷണർ.
തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനത്തില്‍ കേന്ദ്ര സര്‍ക്കാരിന് സ്വാധീനം കുടുതലാണെന്ന് ചൂണ്ടിക്കാട്ടുന്ന ഹര്‍ജികള്‍ സുപ്രീം കോടതിയിൽ നിലനിൽക്കെയാണ് തിങ്കളാഴ്‌ച യോഗം ചേരുന്നത് എന്നതും ശ്രദ്ധേയമാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഏറ്റവും മുതിര്‍ന്ന തെരഞ്ഞെടുപ്പ് കമ്മീഷണറെ (ഇസി) സിഇസി ആയി ഉയര്‍ത്തുകയായിരുന്നു ഇതുവരെയുള്ള രീതി. പുതിയ രീതി അനുസരിച്ച് സെര്‍ച്ച് കമ്മിറ്റി അഞ്ച് സെക്രട്ടറി തല ഉദ്യോഗസ്ഥരുടെ പേരുകള്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള പാനലിൻ്റെ പരിഗണനക്കായി സമര്‍പ്പിക്കുകയും തെരഞ്ഞെടുപ്പ് കമ്മീഷണറുടെ തസ്‌തികകളിലേക്ക് പേരുകള്‍ നിര്‍ദേശിക്കുകയുമാണ് ചെയ്യുക. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പദവിയിലേക്കും സിഇസിക്ക് പുറമേ രാജീവ് കുമാറിൻ്റെ വിരമിക്കല്‍ മൂലമുണ്ടായ ഒഴിവ് നികത്താന്‍ ഒരു പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറെയുമായിരിക്കും നിയമിക്കുക.
ബിഹാര്‍, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, അസം, കേരളം തുടങ്ങിയ സംസ്ഥാനങ്ങള്‍ അടുത്തവര്‍ഷം തെരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കെയാണ് പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ചുമതലയേറ്റെടുക്കുന്നത്.