ന്യൂഡൽഹി: ട്രെയിനിൽ കയറുന്നതിനിടെ തിക്കിലും തിരക്കിലുംപെട്ട് 18 പേർ മരിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് റെയിവേ. ദൗർഭാഗ്യകരമായ സംഭവമാണിതെന്ന് റെയിൽവേ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. യാത്രക്കാരുടെ തിരക്ക് കൂടിയപ്പോൾ ചിലർ ബോധരഹിതരാവുകയും വലിയ തിരക്ക് രൂപപ്പെടുന്ന എന്ന രീതിയിൽ അഭ്യൂഹങ്ങൾ ഉണ്ടാകുകയും ചെയ്‌തു. ഇത് യാത്രക്കാർക്കിടയിൽ പരിഭ്രാന്തി സൃഷ്‌ടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തൽ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ന്യൂഡൽഹി റെയിൽവെ സ്റ്റേഷനിലുണ്ടായ സംഭവം ദൗർഭാഗ്യകരമാണെന്നും ഡൽഹി പൊലീസും ആർപിഎഫും സ്ഥലത്തെത്തിയതിനാൽ സ്ഥിതിയിപ്പോൾ നിയന്ത്രണവിധേയമാണെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു. പരിക്കേറ്റ യാത്രക്കാരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ചില മാധ്യമങ്ങൾ പ്രയാഗ്‌രാജിലേക്കുള്ള ട്രെയിൻ റദ്ദാക്കിയെന്നുള്ള വാർത്ത നൽകിയെന്ന് റെയിൽവെ ബോർഡ് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ദിലീപ് കുമാർ പറഞ്ഞു. എന്നാൽ ഇത് തികച്ചും തെറ്റാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷമേ അപകടകാരണം വ്യക്തമാകുകയുള്ളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെ (ഫെബ്രുവരി 15) രാത്രി 9.30 ഓടെയാണ് സംഭവം. ന്യൂഡൽഹി റെയിൽവെ സ്റ്റേഷനിലെ 13, 14 പ്ലാറ്റ്‌ഫോമുകൾക്ക് സമീപം അഭൂതപൂർവമായ തിരക്ക് അനുഭവപ്പെടുകയായിരുന്നു. കുംഭമേള നടക്കുന്ന പ്രയാഗ്‌രാജിലേക്കുള്ള ട്രെയിൻ വൈകിയതാണ് തിരക്ക് അനുഭവപ്പെടാൻ കാരണം.