കൈനിറയെ ചിത്രങ്ങളാണ് ഈ വര്‍ഷം മോഹന്‍ലാലിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്. തരുണ്‍ മൂര്‍ത്തിയുടെ 'തുടരും', പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'എമ്പുരാന്‍', സത്യന്‍ അന്തിക്കാടിന്‍റെ 'ഹൃദയപൂര്‍വ്വം' എന്നീ സിനിമകളാണ് 2025ല്‍ മോഹന്‍ലാലിന്‍റേതായി കാത്തിരിക്കുന്ന ചിത്രങ്ങള്‍. ഇപ്പോഴിതാ പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് മോഹന്‍ലാല്‍.
നടനും സംവിധായകനുമായ അനൂപ് മേനോനൊപ്പമാണ് ഇത്തവണ മോഹന്‍ലാല്‍ കൈകോര്‍ത്തിരിക്കുന്നത്. അനൂപ് മേനോന്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് തന്‍റെ പുതിയ പ്രോജക്‌ട് എന്ന് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ഒപ്പം സിനിമയെ കുറിച്ചൊരു ലഘു കുറിപ്പും അദ്ദേഹം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചു.
പ്രണയവും വിരഹവും സംഗീതവും ഇഴചേര്‍ന്നൊരു റൊമാന്‍റിക് എന്‍റര്‍ടെയിനറാകും ചിത്രം. തിരുവനന്തപുരം, കൊല്‍ക്കത്ത, ഷില്ലോങ് എന്നിവിടങ്ങളിലാകും സിനിമയുടെ പ്രധാന ലൊക്കേഷന്‍. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ ടൈംലെസ് മൂവീസ് ഉടന്‍ തന്നെ പുറത്തുവിടും. അരുണ്‍ ചന്ദ്രകുമാര്‍, സുജിത് കെഎസ് എന്നിവരാണ് ടൈംലെസ് മൂവീസിന്‍റെ പ്രതിനിധികള്‍.
ഇത് രണ്ടാം തവണയാണ് അനൂപ് മേനോന്‍റെ തിരക്കഥയില്‍ മോഹന്‍ലാല്‍ നായകനാകുന്നത്. 2008ല്‍ പുറത്തിറങ്ങിയ 'പകല്‍ നക്ഷത്രങ്ങളില്‍' ആയിരുന്നു അനൂപ് മേനോന്‍റെ തിരക്കഥയില്‍ പുറത്തിറങ്ങിയ ആദ്യ മോഹന്‍ലാല്‍ ചിത്രം. അതേസമയം ഇതിനോടകം ഇരുപതോളം ചിത്രങ്ങള്‍ക്ക് അനൂപ് മേനോന്‍ തിരക്കഥ എഴുതിയിട്ടുണ്ട്. 2022ല്‍ റിലീസായ 'കിങ് ഫിഷ്' ആണ് അനൂപ് മേനോന്‍ ഏറ്റവും ഒടുവിലായി സംവിധാനം ചെയ്‌ത ചിത്രം.
നിലവില്‍ സത്യന്‍ അന്തിക്കാടിന്‍റെ 'ഹൃദയപൂര്‍വ്വ'ത്തില്‍ അഭിനയിച്ച് വരികയാണ് മോഹന്‍ലാല്‍. 2015ല്‍ റിലീസായ 'എന്നും എപ്പോഴും' എന്ന ചിത്രമായിരുന്നു ഈ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ അവസാന ചിത്രം. മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന 20-ാമത്തെ ചിത്രം കൂടിയാണിത്.
കൂടാതെ തുടരും, കണ്ണപ്പ, വൃഷഭ, റാം, മഹേഷ് നാരായണന്‍ ചിത്രം തുടങ്ങീ നീണ്ട നിരയാണ് മോഹന്‍ലാലിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍. പൃഥ്വിരാജ് സംവിധാനം ചെയ്‌ത 'എമ്പുരാന്‍' മാര്‍ച്ച് 27നാണ് ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ റിലീസിനെത്തുക.