കൈമുട്ട്, കാൽമുട്ട് എന്നിവിടങ്ങളിലെ കറുത്ത പാടുകൾ, കരുവാളിപ്പ് എന്നിവ പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. കൈകൾക്കും കാലുകൾക്കും അഭംഗിയുണ്ടാക്കുമെന്ന് മാത്രമല്ല പലരുടെയും ആത്മവിശ്വാസത്തെ പോലും ഇത് ബാധിച്ചേക്കാം. പരിചരണം കുറവ്, ഹോർമോൺ വ്യതിയാനം എന്നിവ ഉൾപ്പെടെയുള്ള പല ഘടകങ്ങളും ഇത്തരം അവസ്ഥയ്ക്ക് കാരണമാകാറുണ്ട്. എന്നാൽ കുറച്ച് സമയം മാറ്റി വയ്ക്കാനുണ്ടെങ്കിൽ ഈ പ്രശ്‌നത്തെ ഫലപ്രദമായി നേരിടാം. അതിനായി പരീക്ഷിക്കാവുന്ന ചില നുറുങ്ങുകൾ ഇതാ...
വെളിച്ചെണ്ണയും വാൾനട്ടും
ഒരു പാത്രത്തിലേക്ക് ഓരോ ടേബിൾ സ്‌പൂൺ വീതം വെളിച്ചെണ്ണയും വാൾനട്ട് പൊടിയും ചേർത്ത് കട്ടിയുള്ള പേസ്‌റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം കൈമുട്ടിലും കാൽമുട്ടിലും പുരട്ടി മൂന്ന് മിനിറ്റ് നേരം സ്‌ക്രബ് ചെയ്യുക. 15 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് കറുത്ത നിറം നീക്കം ചെയ്യാൻ സഹായിക്കും. ആഴ്‌ചയിൽ മൂന്ന് തവണയെങ്കിലും ഇങ്ങനെ ചെയ്യാം. ദിവസവും രാത്രി ഉറങ്ങാൻ പോകുന്നതിന് മുൻപ് ശരീരത്തിലെ ഇരുണ്ട ഭാഗങ്ങളിൽ വെളിച്ചെണ്ണ പുരട്ടുന്നതും നല്ലതാണ്. ചർമ്മത്തിൽ ജലാംശം നിലനിർത്താനും ഈർമ്മമുള്ളതാക്കാനും തിളക്കം നൽകാനും ഇത് സഹായിക്കും.
ആപ്പിൾ സിഡെർ വിനെഗർ
3 ടീസ്‌പൂൺ വെള്ളത്തിലേക്ക് ഒരു ടീസ്‌പൂൺ ആപ്പിൾ സിഡെർ വിനെഗർ ചേർത്ത് യോജിപ്പിക്കുക. ഈ മിശ്രിതം അൽപ്പം കോട്ടൺ ഉപയോഗിച്ച് കാൽമുട്ടുകളിലും കൈമുട്ടുകളിലും പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയുക. ആഴ്‌ചയിൽ മൂന്നോ നാലോ തവണ ഇത് ആവർത്തിക്കുക. ചർമ്മത്തിലെ ഇരുണ്ട നിറം അകറ്റാൻ ഇത് സഹായിക്കും.
ഉരുളക്കിഴങ്ങ് നീര്
ഉരുളകിഴങ്ങ് നീര് കാൽമുട്ടിലും കൈമുട്ടിലും പുരട്ടുക. 10 മിനിറ്റിന് ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകി കളയുക. ചർമ്മത്തിലെ ഇരുണ്ട നിറം മാറുന്നത് വരെ ദിവസേന രണ്ട് തവണ ഇങ്ങനെ ചെയ്യുക.
കക്കിരിയും മഞ്ഞളും
ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും വിറ്റാമിൻ സിയും ധാരാളമടങ്ങിയ ഒന്നാണ് കക്കിരി. അൽപം കക്കിരിയുടെ നീരും മഞ്ഞളും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് ഇരുണ്ട നിറമുള്ള ഭാഗങ്ങളിൽ പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയുക. ദിവസേന രണ്ട് തവണ ഇത് ആവർത്തിക്കുക. കൈമുട്ട്, കാൽമുട്ട് എന്നിവിടങ്ങളിലെ ഇരുണ്ട നിറം അകറ്റാനും ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും ഇത് സഹായിക്കും.
ബേക്കിങ് സോഡയും പാലും
രണ്ട് ടേബിൾ സ്‌പൂൺ ബേക്കിങ് സോഡയിലേക്ക് അൽപം പാൽ ചേർത്ത് ഇളക്കി പേസ്‌റ്റ് രൂപത്തിലാക്കുക. കാൽമുട്ടുകളിലും കൈമുട്ടുകളിലും പുരട്ടി മൂന്ന് മിനിറ്റ് നേരം മസാജ് ചെയ്യുക. ശേഷം കഴുകി കളയാം. ഇരുണ്ട നിറം ഇല്ലാതാകുന്നത് വരെ ദിവസേന രണ്ട് തവണ ഇത് ആവർത്തിക്കുക. ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ ഇത് സഹായിക്കും. മാത്രമല്ല ചർമ്മത്തിൽ ജലാംശം നിലനിർത്താനും ഇത് ഗുണം ചെയ്യും.
തൈരും വിനാഗിരിയും
ഒരു ടേബിൾ സ്‌പൂൺ പുളിയുള്ള തൈരിലേക്ക് ഒരു ടീസ്‌പൂൺ വിനാഗിരിയും ഒരു നുള്ളു കടലപ്പൊടിയും ചേർത്ത് മിക്‌സ് ചെയ്യുക. ഈ മിശ്രിതം ഇരുണ്ട നിറമുള്ള ഇടങ്ങളിൽ പുരട്ടുക. 15 മിനിറ്റിന് ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി കളയുക. ചർമ്മത്തിന് തിളക്കം നൽകാനും ഈർപ്പം നിലനിർത്താനും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.
പഞ്ചസാരയും ഒലിവ് ഓയിലും
ഓരോ ടേബിൾ സ്‌പൂൺ വീതം ഒലിവ് ഓയിലും പഞ്ചസാരയുമെടുത്ത് മിക്‌സ് ചെയ്യുക. മിശ്രിതെ കൈമുട്ടിലും കാൽമുട്ടിലും പുരട്ടി നന്നായി സ്ക്രബ്ബ് ചെയ്യുക. ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും ഇരുണ്ട നിറം ഇല്ലാതാക്കാനും ഈ മിശ്രിതം സഹായിക്കും.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : കൈ, കാൽമുട്ടിലെ കറുപ്പ് നിറം അകറ്റാൻ ഇതൊന്ന് പരീക്ഷിക്കൂ... ദിവസങ്ങൾക്കുള്ളിൽ പരിഹാരം ഉറപ്പ്