ന്യൂഡൽഹി: ഡൽഹിയിൽ ബിജെപി സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് ഫെബ്രുവരി 19, 20 തീയതികളിൽ നടന്നേക്കുമെന്ന് സൂചന. പ്രധാനമന്ത്രി മോദി വിദേശ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കും.
പാർട്ടിയുടെ ദേശീയ സെക്രട്ടറിയും എംഎല്‍എയുമായ മഞ്ജീന്ദർ സിങ് സിർസയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ അണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്‌തത്.
ബിജെപി നിയമസഭാ കക്ഷി യോഗം ഫെബ്രുവരി 18-19 ഓടെ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സിർസ പറഞ്ഞു, സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ഫെബ്രുവരി 20 ഓടെ പുതിയ സർക്കാർ രൂപീകരിക്കുമെന്ന് കരുതുന്നു എന്നും സിര്‍സ പിടിഐയോട് പറഞ്ഞു. ശുദ്ധമായ കുടിവെള്ള വിതരണം, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് പുതിയ സർക്കാർ മുൻഗണന നൽകുമെന്ന് ബിജെപി നേതാക്കൾ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താന്‍ ബിജെപി എംഎൽഎമാർ മത്സരിക്കുന്നു എന്ന വാര്‍ത്തയും ബിജെപി എംഎല്‍എമാര്‍ തള്ളി. അത്തരം ചർച്ചകൾ മാധ്യമങ്ങളുടെ ഊഹാപോഹങ്ങൾ മാത്രമാണെന്ന് ലക്ഷ്‌മി നഗർ സീറ്റിൽ നിന്ന് വിജയിച്ച അഭയ് വർമ്മ പറഞ്ഞു. മുഖ്യമന്ത്രിയെയോ നിയമസഭാ കക്ഷി നേതാവിനെയോ തെരഞ്ഞെടുക്കുന്നത് പാർട്ടിയുടെ എംഎൽഎമാരുടെ യോഗത്തിലാണ് എന്നും അഭയ് വര്‍മ വ്യക്തമാക്കി.
27 വർഷങ്ങള്‍ക്ക് ശേഷമാണ് ദേശീയ തലസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തുന്നത്. ആകെയുള്ള 70 സീറ്റുകളിൽ 48 സീറ്റുകളും നേടിയായിരുന്നു ബിജെപിയുടെ ജയം. ഒരു ദശാബ്‌ദത്തിലേറെ ഡൽഹി ഭരിച്ച ആം ആദ്‌മി പാർട്ടിക്ക് 22 സീറ്റുകളാണ് നേടാനായത്. അതേസമയം കോൺഗ്രസിന് ഡല്‍ഹിയില്‍ ഒരു സീറ്റ് പോലും നേടാൻ കഴിഞ്ഞില്ല.