ഇടുക്കി: ഫെബ്രുവരി പകുതി പിന്നിട്ടിട്ടും കൊടും തണുപ്പിന്‍റെ പിടിയിലാണ് തെക്കിന്‍റെ കാശ്‌മീർ. ജനുവരി അവസാനത്തോടെ പിൻവാങ്ങാറുണ്ടായിരുന്ന അതിശൈത്യം ഈ വർഷം ഫെബ്രുവരിയിലും പിടിമുറക്കിയിരിക്കുകയാണ്. തണുപ്പിന്‍റെ കാഠിന്യം കുറയാത്തത് മൂന്നാറിലേക്ക് സഞ്ചാരികളെ കൂടുതൽ ആകർഷിക്കുകയാണ്.
ഫെബ്രുവരി മാസം പകുതിയോടടുത്തിട്ടും മൂന്നാറിലെ തണുപ്പ് കുറഞ്ഞിട്ടില്ല. മൂന്നാറിന്‍റെ പ്രഭാതങ്ങള്‍ ഇപ്പോഴും ശൈത്യത്തിന്‍റെ പിടിയില്‍ തന്നെയാണ്. ഡിസംബര്‍ അവസാന വാരം മുതല്‍ മൂന്നാറിലെ അന്തരീക്ഷ താപനില താഴ്ന്ന് തുടങ്ങിയിരുന്നു. ചില ദിവസങ്ങളില്‍ താപനില പൂജ്യവും പൂജ്യത്തിന് താഴെയുമെത്തി.
മൂന്നാറിലെ ചിലയിടങ്ങളില്‍ രാവിലെ മഞ്ഞു വീഴ്ച്ചയുമുണ്ടായി. സാധാരണ ജനുവരി അവസാന വാരമാകുമ്പോഴേക്കും മൂന്നാറിലെ അതിശൈത്യം കുറയുകയായിരുന്നു പതിവ്. എന്നാല്‍ ഇത്തവണ ആ പതിവ് തെറ്റിച്ച് ഫെബ്രുവരിയിലും പുലര്‍കാലങ്ങളില്‍ മൂന്നാര്‍ തണുത്ത് വിറക്കുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ശൈത്യം വിട്ടുമാറാത്തത് സഞ്ചാരികള്‍ക്ക് ഏറെ സന്തോഷം പകരുന്നു. പകല്‍ സമയങ്ങളില്‍ അന്തരീക്ഷ താപനില ഉയരുമെങ്കിലും വൈകുന്നേരമാകുന്നതോടെ മൂന്നാറിന് മുകളില്‍ കുളിര് പുതയും. ഡിസംബര്‍, ജനുവരി മാസങ്ങളെ അപേക്ഷിച്ച് മൂന്നാറിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.
പരീക്ഷക്കാലമാകുന്നതോടെ മാര്‍ച്ച് മാസത്തില്‍ പൊതുവെ മൂന്നാറില്‍ സ്വദേശിയരായ സഞ്ചാരികളുടെ തിരക്ക് കുറവാണ്. മധ്യവേനലവധിക്കാലമാകുന്നതോടെ മൂന്നാര്‍ വീണ്ടും സഞ്ചാരികളാല്‍ നിറയും. നിലവില്‍ മൂന്നാറില്‍ നിന്നും അതിശൈത്യം പൂര്‍ണ്ണമായി വിട്ടുമാറാത്തത് മൂന്നാറിന്‍റെ വിനോദസഞ്ചാരമേഖലക്ക് ഗുണകരമാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ മൂന്നാറില്‍ ആദ്യമായാണ് ഫെബ്രുവരി രണ്ടാംവാരത്തില്‍ താപനില മൈനസ് 1 രേഖപ്പെടുത്തിയത്.
Also Read:വേലയും പൂരവും കുമ്മാട്ടിയും, പിന്നെ മലയും പുഴകളും കാടും; യാത്ര പാലക്കാട്ടേക്കാക്കാം