ന്യൂഡല്‍ഹി: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി ഫെബ്രുവരി 17-18 തീയതികളിൽ ഇന്ത്യ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ബന്ധവുമായി ബന്ധപ്പെട്ട് വിവിധ വശങ്ങൾ ചർച്ച ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അദ്ദേഹത്തിന്‍റെ സന്ദർശനം "നമ്മുടെ വളർന്നുവരുന്ന ബഹുമുഖ പങ്കാളിത്തത്തിന് കൂടുതൽ ആക്കം കൂട്ടും" എന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയില്‍ വ്യക്തമാക്കുന്നു.
മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, ബിസിനസ് പ്രതിനിധി സംഘം എന്നിവരുൾപ്പെടെ ഉന്നതതല പ്രതിനിധി സംഘം അദ്ദേഹത്തോടൊപ്പം ഉണ്ടാകും. "പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, ഖത്തർ അമീർ, ഹിസ് ഹൈനസ് ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി 2025 ഫെബ്രുവരി 17-18 തീയതികളിൽ ഇന്ത്യ സന്ദർശിക്കും," എന്ന് പ്രസ്‌താവനയില്‍ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഫെബ്രുവരി 18 ന് രാഷ്ട്രപതി ഭവന് മുന്നില്‍ ഖത്തർ അമീറിന് ഉജ്ജ്വലമായ സ്വീകരണം നൽകും. പ്രസിഡന്‍റ് ദ്രൗപതി മുർമുവുമായി അമീർ ചർച്ച നടത്തും. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അമീർ ചർച്ച നടത്തും.
ഇന്ത്യയും ഖത്തറും സൗഹൃദം, പരസ്‌പര വിശ്വാസം, ബഹുമാനം എന്നിവയുടെ ആഴത്തിലുള്ള ചരിത്രപരമായ ബന്ധം പുലർത്തി വരികയാണ്. സമീപ വർഷങ്ങളിൽ, വ്യാപാരം, നിക്ഷേപം, ഊർജ്ജം, സാങ്കേതികവിദ്യ, സംസ്‌കാരം തുടങ്ങിയ മേഖലകളിൽ ഉൾപ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഖത്തർ അമീറിന്‍റെ രണ്ടാമത്തെ ഇന്ത്യാ സന്ദർശനമാണിത്. 2015 മാർച്ചിൽ അദ്ദേഹം നേരത്തെ ഇന്ത്യ സന്ദർശിച്ചിരുന്നുവെന്ന് പ്രസ്‌താവനയിൽ പറയുന്നു. ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഖത്തറിൽ താമസിക്കുന്ന ഇന്ത്യൻ സമൂഹം, ഖത്തറിന്‍റെ പുരോഗതിയിലും വികസനത്തിലും അവർ നൽകുന്ന സംഭാവനകൾക്ക് അഭിനന്ദനം അർഹിക്കുന്നുവെന്നും പ്രസ്‌താവനയില്‍ കൂട്ടിച്ചേര്‍ത്തു.
Also Read: ഇന്ത്യയില്‍ കാമ്പസുകള്‍ തുടങ്ങാന്‍ അമേരിക്കന്‍ സര്‍വകലാശാലകളെ ക്ഷണിച്ച് പ്രധാനമന്ത്രി