ശക്തമായ ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക. അവശ്യ വിറ്റാമിനുകളും ധാതുക്കളും ആന്‍റി ഓക്‌സിഡന്‍റികളും കൊണ്ട് സമൃദ്ധമാണിത്. വ്യത്യസ്‌ത രുചികളിൽ വിവിധ തരം വിഭവങ്ങൾ വെണ്ടയ്ക്ക ഉപയോഗിച്ച് നമ്മൾ തയ്യാറാക്കാറുണ്ട്. ഇതിന് പുറമെ ശരീരത്തിന് നിരവധി ഗുണങ്ങൾ നൽകുന്ന പനീയവും വെണ്ടയ്ക്ക കൊണ്ട് ഉണ്ടാക്കാം. ശരീരത്തിൽ ജലാംശം നിലനിർത്താനും വിഷവസ്‌തുക്കൾ പുറന്തള്ളാനും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും ഈ പാനീയം സഹായിക്കും. ഇതിന് പുറമെ മറ്റ് അനവധി ഗുണങ്ങളും ഇതിലൂടെ ശരീത്തിന് ലഭിക്കും. അവ എന്തൊക്കെയെന്ന് അറിയാം.
പോഷകങ്ങളാൽ സമ്പന്നം
വിറ്റാമിൻ സി, വിറ്റാമിൻ എ, ഫോളേറ്റ്, മഗ്നീഷ്യം, കാൽസ്യം, പൊട്ടാസ്യം തുടങ്ങിയ വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമ്പന്ന ഉറവിടമാണ് വെണ്ടയ്ക്ക. പ്രതിരോധ ശേഷി വർധിപ്പിക്കാനും ദഹനത്തെ പിന്തുണയ്ക്കാനും അസ്ഥികളുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും. ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങളും ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും കാൻസർ പോലുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഇത് ഫലപ്രദമാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും
വെണ്ടയ്ക്കയിട്ട വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ജേണൽ ഓഫ് ന്യൂട്രീഷണൽ സയൻസ് ആൻഡ് വിറ്റാമിനോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ഇതിൽ ലയിക്കുന്ന നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കും. അതിനാൽ പ്രമേഹ രോഗികളും പ്രീ ഡയബറ്റിക് അവസ്ഥയിലുള്ളവരും ഈ പാനീയം കുടിക്കുന്നത് നല്ലതാണ്.
കുടലിന്‍റെ ആരോഗ്യം
ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനം, കുടലിന്‍റെ ആരോഗ്യം എന്നിവ മെച്ചപ്പെടുത്താൻ ഇത് സഹായിക്കുമെന്ന് ഫുഡ് റിസർച്ച് ഇന്‍റർനാഷണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നു. കുടലിലെ നല്ല ബാക്‌ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും മലബന്ധം തടയാനും ഇത് ഗുണം ചെയ്യും.
ശരീരഭാരം നിയന്ത്രിക്കും
ശരീരഭാരം നിയന്ത്രിക്കാനും കുറയ്ക്കാനും വെണ്ടയ്ക്ക വെള്ളം നല്ലൊരു തെരഞ്ഞെടുപ്പാണ്. മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും മെറ്റബോളിസം മെച്ചപ്പെടുത്താനും കൊഴുപ്പ് കത്തുന്നത് വർധിപ്പിക്കാനും ഇത് ഗുണം ചെയ്യും. വിശപ്പ് നിയന്ത്രിക്കുകയും സംതൃപ്‌തി വർധിപ്പിക്കുകയും ചെയ്യുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ ഈ പാനീയം സഹായിക്കുമെന്ന് പ്ലാന്‍റ് ഫുഡ്‌സ് ഫോർ ഹ്യൂമൻ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
കൊളസ്‌ട്രോൾ കുറയ്ക്കും
വെണ്ടയ്ക്കയിലെ പെക്റ്റിൻ എന്ന ലയിക്കുന്ന നാരുകൾ രക്തത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്ന് ജേണൽ ഓഫ് ക്ലിനിക്കൽ ലിപിഡോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം ചൂണ്ടിക്കാട്ടുന്നു. ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇത് സഹായിക്കും.
വീക്കം കുറയ്ക്കും
വിട്ടുമാറാത്ത വീക്കം മൂലമുണ്ടാകുന്ന ആർത്രൈറ്റിസ്, ഹൃദ്രോഗം, കാൻസർ തുടങ്ങിയ അവസ്ഥകളുടെ സാധ്യത കുറയ്ക്കാൻ വെണ്ടയ്ക്കയിട്ട് കുതിർത്ത വെള്ളം കുടിക്കുന്നത് നല്ലതാണ്.
ചർമ്മത്തിന്‍റെ ആരോഗ്യം
വെണ്ടയ്ക്കയിലെ വിറ്റാമിൻ സിയും ആന്‍റി ഓക്‌സിഡന്‍റുകളും ചർമ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. ചർമ്മത്തിലെ ചുളിവുകൾ, വാർധക്യ ലക്ഷണങ്ങൾ എന്നിവ ഉൾപ്പെടെയുള്ളവ തടയാൻ ഇത് സഹായിക്കും. ചർമ്മത്തിലെ മൊത്തത്തിലുള്ള ഇലാസ്‌തികത നിലനിർത്താനും ഓക്‌സിഡേറ്റീവ് സ്ട്രെസ്, യുവി എക്സ്പോഷർ എന്നിവ മൂലമുണ്ടാകുന്ന ചർമ്മത്തിലെ കേടുപാടുകൾ തടയാനും ഇത് ഗുണം ചെയ്യും.
വെണ്ടയ്ക്ക വെള്ളം എങ്ങനെ തയ്യാറാക്കാം
വെണ്ടയ്ക്ക നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷം ചെറിയ കഷണങ്ങളാക്കി മുറിക്കുക. രാത്രി മുഴുവൻ വെള്ളത്തിലിട്ട് കുതിർത്തതിന് ശേഷം പിറ്റേന്ന് രാവിലെ ഈ വെള്ളം കുടിക്കുക.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : വഴുതനയുടെ അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ അറിയാം