മുംബൈ : മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്‌ക്ക് വധഭീഷണി. ഇ-മെയിൽ, ഫണ്‍ കോള്‍ എന്നിവ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. മുംബൈ പൊലീസിന് ലഭിച്ച ഇ മെയിലിലാണ് കാറിൽ ബോംബ് വയ്‌ക്കുമെന്ന ഭീഷണി സന്ദേശം. ഇ മെയിൽ സന്ദേശത്തിന് പുറമെ ഫോണിലൂടെയും വധഭീഷണി വന്നതായി പൊലീസ് സ്ഥിരീകരിച്ചു.
ഗോരേഗാവ്, ജെജെ മാർഗ് പൊലീസ് സ്റ്റേഷനുകളിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ഭീഷണി സന്ദേശം ലഭിച്ച സിസ്റ്റത്തിൻ്റെ ഐപി അഡ്രസ് കണ്ടു പിടിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 351(3), ക്രിമിനൽ ഭീഷണി 353(2), പൊതുജനങ്ങളെ കുഴപ്പത്തിലാക്കുന്ന പ്രസ്‌താവനകൾ എന്നിവ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം സംസ്ഥാനത്തെ ക്രമസമാധാനത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസും രംഗത്തെത്തി. രാജ്യത്ത് ക്രമസമാധാനം നിലനിൽക്കുന്നുണ്ടോ എന്ന കാര്യത്തിൽ ജനങ്ങൾക്കും സംശയമുണ്ടെന്ന് കോൺഗ്രസ് എംഎൽഎ സതേജ് പാട്ടീൽ പറഞ്ഞു.
ഉപമുഖ്യമന്ത്രിക്ക് വധഭീഷണി ലഭിച്ചാൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്ന് എൻസിപി വക്താവ് മഹേഷ് തപസെയും പ്രതികരിച്ചു. ഭീഷണിയുടെ പശ്ചാത്തലത്തിൽ ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.