കോട്ടയം: ഗവ. നഴ്‌സിങ് കോളജ് ഹോസ്റ്റലിൽ റാഗിങ്ങിനിരയായ ജൂനിയർ വിദ്യാർഥികളെ സീനിയേഴ്‌സ് ബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ചതായി കണ്ടെത്തൽ. മദ്യം കഴിക്കാൻ നിർബന്ധിക്കുകയും കഴിക്കാൻ വിസമ്മതിച്ചപ്പോൾ ബലമായി വായിൽ ഒഴിച്ചുകൊടുത്തെന്നും ആണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ. പ്രതികളെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്‌തപ്പോഴാണ് ഈ വിവരങ്ങൾ പൊലീസിനു ലഭിച്ചത്.
സിപിഎം അനുകൂല സംഘടനയായ കേരള ഗവ. സ്റ്റുഡന്‍റ്സ് നഴ്‌സസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി മലപ്പുറം സ്വദേശി കെപി രാഹുൽ രാജ് (22), മൂന്നിലവ് വാളകം കരയില്‍ കീരിപ്ലാക്കല്‍ സാമുവല്‍ ജോണ്‍സണ്‍ (20), വയനാട് നടവയല്‍ പുല്‍പ്പള്ളി ഞാവലത്ത് എന്‍ എസ് ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടിയില്‍ സി റിജില്‍ ജിത്ത് (20), കോരുത്തോട് മടുക്ക നെടുങ്ങാട്ട് എന്‍ വി വിവേക് (21) എന്നിങ്ങനെ കേസിൽ 5 പ്രതികളാണുള്ളത്.
കൂടുതൽ ഡിജിറ്റൽ തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. റാഗിങ്ങിന്‍റെ 8 വിഡിയോ ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു. റാഗിങ്ങിന് ഉപയോഗിച്ച ആയുധങ്ങളും ഹോസ്‌റ്റൽ മുറിയിൽ നിന്നും നേരത്തേ കണ്ടെടുത്തിരുന്നു. കേസിൽ ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസിന്‍റെ നീക്കം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രണ്ടു ദിവസത്തെ കസ്‌റ്റഡി പൂർത്തിയായതിനെത്തുടർന്ന് ഇന്നലെ വൈകിട്ട് പ്രതികളെ കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതികളെ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡി കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് പ്രതികളെ വീണ്ടും റിമാൻഡ് ചെയ്‌തത്.
സംഭവത്തിൽ കോളജ് ഹോസ്‌റ്റൽ അധികൃതർക്കു വീഴ്‌ച സംഭവിച്ചതായും അന്വേഷണസംഘം കണ്ടെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് മേധാവി അടുത്ത ദിവസം തന്നെ വിശദമായ റിപ്പോർട്ട് ഡിജിപിക്കു കൈമാറും. 5 പ്രതികളെയും റാഗിങ് നടന്ന കോളജ് ഹോസ്റ്റലിൽ എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു.
Also Read:'ഓർക്കുക, നിങ്ങളാണ് എന്‍റെ ജീവിതം നശിപ്പിച്ചത്...'; കേരളത്തെ നടുക്കിയ ചില റാഗിങ് സംഭവങ്ങള്‍...