കോട്ടയം: നഴ്‌സിങ് കോളജ് റാഗിങുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പാളിനേയും അസി. പ്രൊഫസറേയും സസ്‌പെന്‍ഡ് ചെയ്‌തു. കോട്ടയം സര്‍ക്കാര്‍ നഴ്‌സിങ് കോളജ് ഹോസ്റ്റലില്‍ നടന്ന അതിക്രൂര റാഗിങിലാണ് നടപടി. പ്രിന്‍സിപ്പല്‍ പ്രൊഫ. സുലേഖ എ ടി, അസി. വാര്‍ഡന്‍ ചുമതലയുള്ള അസി. പ്രൊഫസര്‍ അജീഷ് പി മാണി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. പ്രാഥമിക അന്വേഷണത്തിൽ റാഗിങ് തടയുന്നതിലും ഇടപെടുന്നതിലും വീഴ്‌ച പറ്റിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കം ചെയ്യാനും നിര്‍ദേശം നല്‍കി ഉത്തരവായി.
കഴിഞ്ഞ ദിവസം ഒന്നാം വർഷ വിദ്യാർഥികള്‍ പരാതി നൽകിയതോടെയാണ് അതിക്രൂര റാഗിങിന്‍റെ വിവരങ്ങള്‍ പുറംലോകമറിയുന്നത്. സംഭവത്തില്‍ അഞ്ച് സീനിയർ വിദ്യാർഥികളാണ് അറസ്‌റ്റിലായത്. കോട്ടയം മൂന്നിലവ്‍ സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരെ റിമാന്‍ഡ് ചെയ്‌തിരുന്നു.
വിദ്യാര്‍ഥികളെ കോമ്പസ് കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുന്നതിന്‍റേയും നിലവിളിക്കുമ്പോള്‍ വായില്‍ ക്രീം തേച്ചുപിടിപ്പിക്കുന്നതിന്‍റേയും സ്വകാര്യ ഭാഗങ്ങളിൽ ഡമ്പൽ തൂക്കുന്നതിന്‍റേയും ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. എന്നാൽ റാഗിങ്ങുമായി ബന്ധപ്പെട്ട് യാതൊന്നും അറിയില്ലെന്നായിരുന്നു കോളജ് അധികൃതർ നൽകിയ വിശദീകരണം.
Also Read:'ഓർക്കുക, നിങ്ങളാണ് എന്‍റെ ജീവിതം നശിപ്പിച്ചത്...'; കേരളത്തെ നടുക്കിയ ചില റാഗിങ് സംഭവങ്ങള്‍...