ഇടുക്കി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതി വാഹനത്തിനുള്ളിൽ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇടമലക്കുടി സ്വദേശിനിയായ 22 വയസുകാരിയാണ് വാഹനത്തിൽ പ്രസവിച്ചത്. യുവതിയെയും കുഞ്ഞിനെയും അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഇടമലക്കുടി സ്വദേശിനിയായ യുവതിയും കുടുംബവും പ്രസവ സംബന്ധമായ ആവശ്യങ്ങള്‍ക്ക് അടിമാലിയിലെ ആശുപത്രിയിലാണ് എത്തേണ്ടിയിരുന്നത്. ഇതിനാല്‍ സൗകര്യാര്‍ത്ഥം ഒരാഴ്ച്ച മുമ്പ് മാങ്കുളം ആനക്കുളത്ത് വീട് വാടകയ്ക്കെടുത്ത് താമസം തുടങ്ങിയിരുന്നു. ഈ മാസം 22 ആയിരുന്നു പ്രസവ തിയതിയായി ആശുപത്രി അധികൃതര്‍ ഇവരെ അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ന് ഉച്ചയോടെ യുവതിക്ക് പ്രസവവേദന ആരംഭിക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇതോടെ യുവതിയുടെ മാതാപിതാക്കള്‍ ആനക്കുളത്ത് നിന്ന് ജീപ്പ് വിളിച്ച് അടിമാലിയിലെ ആശുപത്രിയിലേക്ക് പുറപ്പെട്ടു. എന്നാല്‍ വാഹനം വിരിപാറ ഭാഗത്തെത്തിയതോടെ യുവതിക്ക് പ്രസവ വേദന കലശലാകുകയും രണ്ട് മണിയോടെ യുവതി ജീപ്പിനുള്ളില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്‌തു.
വാഹനത്തിലുണ്ടായിരുന്ന യുവതിയുടെ മാതാവ് പ്രസവ ശുശ്രൂഷകള്‍ നടത്തി. പ്രസവ ശേഷം അമ്മയേയും കുഞ്ഞിനേയും ഉടന്‍ കുടുംബാംഗങ്ങള്‍ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
Also Read: പടയപ്പയ്ക്ക് മദപ്പാട് സ്ഥിരീകരിച്ചു; നിരീക്ഷിക്കാന്‍ അഞ്ചംഗ സംഘം - MUSTH CONFIRMED FOR PADAYAPPA