തിരുവനന്തപുരം: കുടുംബശ്രീയുടെ സൂക്ഷ്‌മ സംരംഭങ്ങൾ, പ്രാദേശിക സാമ്പത്തിക വികസനം, മൈക്രോ ഫിനാൻസ്, കാർഷിക, മൃഗ സംരക്ഷണ മേഖലയിലെ പ്രവർത്തനങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനായി ബജറ്റില്‍ 270 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കൂടാതെ മറ്റ് വിവിധ പദ്ധതികളിലും കുടുംബശ്രീയെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ധമന്ത്രി ബജറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. കുടുംബശ്രീ മിഷൻ നോഡൽ ഏജൻസിയായി നടപ്പാക്കുന്ന ദീൻ ദയാൽ അന്ത്യോദയ യോജന 1 ദേശീയ ഗ്രാമീണ ഉപജീവന മിഷൻ പദ്ധതിക്കും അതിന്‍റെ ഉപപദ്ധതികൾക്കുമുളള സംസ്ഥാന വിഹിതമായി 56 കോടി രൂപ വകയിരുത്തി. 84 കോടി രൂപ കേന്ദ്രവിഹിതമായി പ്രതീക്ഷിക്കുന്നതായും ധനമന്ത്രി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ത്യയെ ഒരു ലോക കളിപ്പാട്ട നിർമ്മാണ ഹബ്ബായി മാറ്റുമെന്ന കേന്ദ്രബജറ്റ് പ്രഖ്യാപനത്തിന്‍റെ തുടർച്ചയായി കേരളത്തിലെ സൂക്ഷ്‌മ ചെറുകിട ഇടത്തരം സംരഭങ്ങൾ, കുടുംബശ്രീ എന്നിവയെ സംയോജിപ്പിച്ച് പ്രാദേശികമായി കളിപ്പാട്ട ഉത്പാദനത്തിന് പദ്ധതികൾ ആവിഷ്‌കരിക്കും. ഇതിനായി 5 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്‌കൂളുകളിലെ വിദ്യാർഥിനികൾക്കും കുടുംബശ്രീ അംഗങ്ങളായ വനിതകൾക്കും മെൻസ്ട്രുവൽ കപ്പ് നൽകുന്ന പദ്ധതി നിർവഹിക്കുന്നതിനായി ഹരിതകേരളം മിഷന് 3 കോടി രൂപ അനുവദിക്കും.
ജനങ്ങളിൽ സാമ്പത്തിക സാക്ഷരത സംബന്ധിച്ച അവബോധം സൃഷ്‌ടിക്കുക, ഓൺലൈൻ പണാപഹരണം പോലുളള തട്ടിപ്പുകൾക്കെതിരെ ജനങ്ങളെ ബോധവത്കരിക്കുക എന്നിവ മുന്‍ നിര്‍ത്തി ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിനെയും പൊലീസിനെയും തദ്ദേശ സ്വയംഭരണ വകുപ്പിനെയും കൂട്ടി യോജിപ്പിച്ച് സാക്ഷരതാ മിഷൻ, കുടുംബശ്രീ മിഷൻ, സ്റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ് കമ്മിറ്റി, യുവജന ക്ഷേമ ബോർഡ് എന്നിവയുടെ സഹകരണം കൂടി ഉറപ്പാക്കി സംയുക്തമായ പദ്ധതി നടപ്പിലാക്കുമെന്നും ധനമന്ത്രി അറിയിച്ചു.