തിരുവനന്തപുരം: സ്വകാര്യ നിക്ഷേപത്തോടെ തീരദേശ പാത പൂർത്തിയാക്കുമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ. തീരദേശ ഹൈവേയോട് ചേർന്ന സാമ്പത്തിക മേഖലയുടെ വികസനം. തീരദേശ ഹൈവേ തിരുവനന്തപുരത്തെ പൂവാറിൽ നിന്നും കാസർകോട് ജില്ലയിലെ തലപ്പാടി വരെ വ്യാപിച്ച് കിടക്കുന്നതും കൊല്ലം, വിഴിഞ്ഞം, മല്ലാർപ്പാടം തുടങ്ങിയ പ്രധാനപ്പെട്ട തുറമുഖങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ളതാണെന്നും മന്ത്രി പറഞ്ഞു.
തീരദേശ ഹൈവേ കടന്ന് പോകുന്ന എട്ട് തീരദേശ ജില്ലകളിൽ കണ്ടെത്തിയിട്ടുള്ള 151 ഏക്കർ വിസ്‌തീർണമുള്ള 68 ലാൻഡ് പാസുകളുടെ ഏറ്റെടുക്കൽ നടപടികൾ പുരോഗമിച്ച് വരികയാണെന്ന് മന്ത്രി അറിയിച്ചു. തീരദേശപാതയുടെ ഓരോ 25 കിലോമീറ്ററിലും ഭൂമി ഏറ്റെടുക്കും. സ്വകാര്യ നിക്ഷേപത്തോടെ തീരദേശ ഹൈവേ ഭാഗങ്ങളിൽ ബീച്ച് പ്രൊമിനേഡുകൾ സൈക്ക്ലിങ് ട്രാക്കുകൾ ടൂറിസ്‌റ്റ് ഫെസിലിറ്റേൺൻ അമിനിറ്റീസ് നടപ്പാതകൾ ഇവി ചാർജിങ് സ്‌റ്റേഷനുകൾ ഹൈഡ്രജൻ റീ ഫ്യൂവലിങ് സ്‌റ്റേഷനുകൾ എന്നിവ സ്ഥാപിക്കും.
തിരുവനന്തപുരം ഔട്ടർ ഏര്യാ ഗ്രോത്ത് കൊറിഡോറിന് അംഗീകാരം നൽകി. 63 കിലോമീറ്റർ ദൈർഘ്യമുള്ള ഔട്ടർ റിങ് റോഡ് വിഴിഞ്ഞം തുറമുഖത്തെ നവായിക്കുളവുമായി ബന്ധിപ്പിച്ച് നാഷണൽ ഹൈവേ 66ആയി ചേരുമെന്ന് മന്ത്രി പറഞ്ഞു. ഈ പദ്ധതി പ്രയോജനപ്പെടുത്തുന്നതിന് ഔട്ടർ റിങ് റോഡിന്‍റെ ഇരുവശങ്ങളിലുമുള്ള 2.5 കിലോമീറ്റർ മേഖലയിൽ ഒരു ഔട്ടർ റിങ് റോഡ് ഗ‌്രോത്ത് കൊറിഡോർ ഒഎജിസി ഒരു മാസ്‌റ്റർ ഡെവലപ്മെന്‍റ് പ്ലാനായി വിഭാവനം ചെയ്യുന്നുവെന്നും അദ്ദേഹം അറിയിച്ചു.
എല്ലാ ആധുനിക സാമൂഹിക അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ ശാസ്‌ത്രീയ ടൗൺഷിപ്പ് ശ്രേണിയായാണ് ഒഎജിസി രൂപകൽപന ചെയ്യുന്നത്. വിഴിഞ്ഞം കോവളം കാട്ടാക്കട നെടുമങ്ങാട് വെമ്പായം കിളിമാനൂർ കല്ലമ്പലം എന്നിവടങ്ങളിൽ പ്രധാന എക്കണോമിക് നോഡുകൾ വിഭാവനം ചെയ്യുന്നു. ഓരോ നോഡും സാമ്പത്തിക മേഖലകളായി വികസിപ്പിക്കും. ഈ പ്രദേശങ്ങളുടെ വികസനത്തിനുള്ള ഭൂമി ലാൻഡ് പൂളിങ് അടക്കമുള്ള പദ്ധതികളിലൂടെ ലഭ്യമാക്കുമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.