തിരുവനന്തപുരം: 2025-26 ലൈഫ് പദ്ധതിക്ക് വേണ്ടി 1160 കോടി രൂപ വകയിരുത്തിയെന്ന് അറിയിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. കുറഞ്ഞത് ഒരു ലക്ഷം വീടുകളാണ് ഈ കാലയളവിൽ പൂർത്തിയാക്കുന്നത്. പട്ടികജാതിയിലെ 1,11,996 പേര്‍ക്കും, പട്ടിക വർഗത്തിലെ 43,332 പേര്‍ക്കും വീട് നൽകിയെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഭവന നിർമാണ മേഖലയ്‌ക്ക് ഉത്തേജനം നൽകുന്നതിനായി വളരെ വിപുലമായ ഒരു സഹകരണ പദ്ധതി പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നഗര ഗ്രാമ പ്രദേശങ്ങളിൽ ഇടത്തരം വരുമാനക്കാർക്ക് താങ്ങാനാകുന്ന ചെലവിൽ റെസിഡൻഷ്യൽ കോംപ്ലക്‌സുകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ നമ്മുടെ നഗരങ്ങളിൽ ഒരു ലക്ഷം ഭവനങ്ങളെങ്കിലും നിർമിക്കാൻ സഹായിക്കുന്നതാണ് ഈ പദ്ധതി. സർക്കാർ ജീവനക്കാർക്കും വലിയതോതിൽ ഈ പദ്ധതി സഹായകമാകും. ഡൽഹി, മുംബൈ, കൊൽക്കത്ത പോലെയുള്ള നഗരങ്ങളിൽ വിജയകരമായി നടപ്പിലാക്കിയിട്ടുള്ള ഭവന പദ്ധതിയുടെ മാതൃകയിൽ ബഹുജന അപ്പാർട്ടമെന്‍റുകളും സമുച്ചയങ്ങളും കുറഞ്ഞത് 20 ഭവനങ്ങളുമുള്ള റെസിഡൻഷ്യൽ ക്ലസ്‌റ്ററുകളും നിർമിക്കുമെന്ന് മന്ത്രി പറഞ്ഞു.
പാർപ്പിട സമുച്ചയങ്ങളുടെ നിർമാണത്തിലും വികസനത്തിലും ഉപഭോക്താക്കളുടെ സഹകരണ സൊസൈറ്റിക്ക് ഒരു ഡെവലപ്പറുടെ ചുമതലയാണ് ഉണ്ടാവുക. തദ്ദേശ സ്വയംഭരണ ഹൗസിങ് സഹകരണ വകുപ്പുകൾ സഹകരിച്ച് വിശദമായ പദ്ധതി രൂപീകരിക്കും. പദ്ധതിയുടെ ഭാഗമായി ഭവന വായ്‌പകൾക്ക് പലിശയിളവ് നൽകുന്നതിന് ഈ വർഷം 20 കോടി രൂപ വകയിരുത്തുന്നതായി മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു.