കേരളം

kerala

ETV Bharat / state

അമീബിക് മസ്‌തിഷ്‌ക ജ്വരം: ചികിത്സയിലായിരുന്ന 12 വയസുകാരന്‍ മരിച്ചു - Amebic Meningoencephalitis Death - AMEBIC MENINGOENCEPHALITIS DEATH

അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന ആൺകുട്ടിയാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു മരണം.

AMEBIC MENINGOENCEPHALITIS  അമീബിക് മസ്‌തിഷ്‌ക ജ്വരം  KOZHIKODE NEWS  AMEBIC ENCEPHALITIS DEATH
ഇ പി മൃദുല്‍ (ETV Bharat)

By ETV Bharat Kerala Team

Published : Jul 4, 2024, 7:30 AM IST

Updated : Jul 4, 2024, 9:28 AM IST

കോഴിക്കോട്:അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് കുട്ടികളില്‍ ഒരാള്‍ മരിച്ചു. ഫറോഖ് കോളജ് സ്വദേശി ഹരിപ്രസാദിൻ്റെ മകൻ 12 വയസുകാരനായ ഇ പി മൃദുല്‍ ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ (ജൂലൈ 3) രാത്രിയാണ് മരണം.

ഇതോടെ അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് അടുത്തിടെ സംസ്ഥാനത്ത് മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി. കഴിഞ്ഞ 24-ാം തീയതിയാണ് കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനിയുടെ ലക്ഷണം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കുട്ടിയെ ഫറോഖ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

എന്നാൽ, രോഗം ഭേദമാകാത്തതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അന്നുതന്നെ ഗുരുതരാവസ്ഥയിൽ ആയ കുട്ടിയുടെ ജീവൻ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് നിലനിർത്തിയിരുന്നത്.

ഫറോഖ് കോളജ് പരിസരത്തെ അച്ചംകുളത്തില്‍ നിന്നാണ് കുട്ടികളില്‍ അമീബ കയറിയത് എന്നാണ് വിലയിരുത്തല്‍. ഇതോടെ ഇവർ കുളിച്ച അച്ചംകുളം അടച്ചു. പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുകയും പരിസരത്തെ കുളങ്ങളിലെ വെള്ളത്തിന്‍റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയും ചെയ്‌തിട്ടുണ്ട്.

നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോൾ ഉണ്ടാകുന്ന ഒരു രോഗമാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം. അമീബ അടങ്ങിയ വെള്ളം മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുമ്പോഴാണ് ഇത് ആളുകളെ ബാധിക്കുന്നത്. വെള്ളം മൂക്കിൽ പ്രവേശിക്കുമ്പോൾ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

എന്നാൽ, ഈ രോ​ഗത്തിന് ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരാൻ കഴിയില്ല. രോഗാണുബാധ ഉണ്ടായി ഒന്ന് മുതല്‍ ഒൻപത് ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് ഗുരുതരാവസ്ഥയില്‍ എത്തുമ്പോള്‍ അപസ്‌മാരം, ബോധക്ഷയം, ഓര്‍മക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവുന്നു. നട്ടെല്ലില്‍ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് രോഗനിര്‍ണയം നടത്തുന്നത്.

Also Read:അത്യപൂര്‍വ്വമായി മാത്രം മനുഷ്യനെ ബാധിക്കുന്നത് ; എന്താണ് അമീബിക് മസ്‌തിഷ്‌ക ജ്വരം ? അറിയേണ്ടതെല്ലാം..

Last Updated : Jul 4, 2024, 9:28 AM IST

ABOUT THE AUTHOR

...view details