പാരിസ് :അച്ചടക്ക ലംഘനത്തെ തുടർന്ന് ഗുസ്‌തി താരം അന്തിം പങ്കലിനെ പാരിസിൽ നിന്ന് തിരിച്ചയക്കാൻ തീരുമാനിച്ച് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ. ഫ്രഞ്ച് അധികാരികളുടെ റിപ്പോർട്ട് പ്രകാരം അന്തിമും സപ്പോർട്ട് സ്റ്റാഫും അച്ചടക്ക നിയമങ്ങൾ ലംഘിച്ചുവെന്ന് കണ്ടെത്തിയതായി ഐഒഎ പ്രസ്‌താവനയിലൂടെ അറിയിച്ചു. തുടർന്നാണ് താരത്തെയും സപ്പോർട്ട് സ്റ്റാഫിനെയും തിരിച്ചയക്കാനുള്ള തീരുമാനം.
അന്തിമിന്‍റെ അക്രഡിറ്റേഷൻ കാർഡ് ഉപയോഗിച്ച് സഹോദരി ഒളിമ്പിക്‌സ് വില്ലേജിൽ കടന്നുകയറാൻ ശ്രമിച്ചതിനെ തുടർന്നാണ് നടപടി. താരത്തിന്‍റെ കാർഡുപയോഗിച്ച് സഹോദരി നിഷ ഒളിമ്പിക്‌സ് വില്ലേജിൽ കടന്നുകയറാൻ ശ്രമിക്കുന്നതിനിടെ പൊലീസ് തടയുകയും ശേഷം കസ്റ്റഡിയിൽ എടുക്കുകയും ചെയ്‌തിരുന്നു.
ഇതേ തുടർന്ന് പൊലീസ് അന്തിമിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. നിയമ വിരുദ്ധമായി ഒളിമ്പിക്‌സ് വില്ലേജിൽ കയറ്റാൻ ശ്രമിച്ചതിനെ തുടർന്ന് അന്തിമിന്‍റെ അക്രഡിറ്റേഷനടക്കം റദ്ദാക്കുകയും ചെയ്‌തു. സംഭവത്തിൽ അന്തിമിനെതിരെ ഫ്രഞ്ച് അധികൃതർ ഐഒഎയ്ക്ക് പരാതി നൽകിയതിനെ തുടർന്നാണ് നടപടി.
അതേയമയം താരത്തിന്‍റെ സഹോദരനെതിരെയും പരാതി ഉയർന്നിട്ടുണ്ട്. മദ്യ ലഹരിയിൽ ടാക്‌സി ഡ്രൈവറെ കയ്യേറ്റം ചെയ്‌തെന്നാണ് പരാതി. സംഭവത്തിൽ വലിയ നാണക്കേടാണ് ഇന്ത്യയ്ക്കുണ്ടായത്. 53 കിലോഗ്രാം വനിത വിഭാഗത്തിൽ തുർക്കിയുടെ സെയ്‌നെപ് യെത്ഗിലിനോട് അന്തിം നേരത്തെ പരാജയപ്പെട്ടിരുന്നു.
Also Read: കരുത്തരെ വീഴ്ത്തും അന്തിം പങ്കല്‍; ഗോദയില്‍ മിന്നിയാല്‍ ഇന്ത്യക്ക് സ്വര്‍ണം