വൈറ്റ് ബോള്‍ ക്രിക്കറ്റിലെ പഴയ രാജാക്കന്മാരായ ഇംഗ്ലണ്ടിനെ മൂന്ന് മത്സര ഏകദിന പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്‌തുകൊണ്ട് ചാമ്പ്യന്‍സ് ട്രോഫിയ്‌ക്കുള്ള മുന്നൊരുക്കം ഗംഭീരമാക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. 2013-ലെ ചാമ്പ്യന്‍ ട്രോഫി വിജയത്തിന് ശേഷം ഏകദിന ഫോര്‍മാറ്റില്‍ മറ്റൊരു ഐസിസി കിരീടം നേടാന്‍ നീലപ്പടയ്‌ക്ക് കഴിഞ്ഞിട്ടില്ല. 2023-ലെ ഏകദിന ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയെങ്കിലും കലാശപ്പോരില്‍ ടീമിന് കാലിടറി.
ഇതോടെ ഏകദിന ഫോര്‍മാറ്റില്‍ കിരീടത്തിനായുള്ള 12 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാനാണ് രോഹിത് ശര്‍മയും സംഘവും ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയ്‌ക്ക് ഇറങ്ങുന്നത്. ടൂര്‍ണമെന്‍റില്‍ ഫേവറേറ്റുകള്‍ തന്നെയാണ് ഇന്ത്യ. ഓരോ താരങ്ങളും തങ്ങളുടെ മികവിനൊത്ത് ഉയര്‍ന്നാല്‍ ടീമിന് കപ്പുമായി തന്നെ മടങ്ങാം.
കരുത്തുറ്റ ബാറ്റിങ് നിര
പരിചയസമ്പന്നരും യുവതാരങ്ങളുമടങ്ങുന്ന ബാറ്റിങ് നിര ടീമിന്‍റെ പ്രധാന കരുത്താണ്. ശുഭ്‌മാൻ ഗില്ലിന്‍റെയും ശ്രേയസ് അയ്യരുടെയും മികച്ച ഫോം, വെറ്ററന്‍ താരങ്ങളായ രോഹിത് ശർമ്മയെയും വിരാട് കോലിയെയും ആശ്രയിക്കുന്നത് ഇല്ലാതാക്കുന്നു. റണ്‍വരള്‍ച്ചയില്‍ വലഞ്ഞിരുന്ന ഇരുവരും ഇംഗ്ലണ്ടിനെതിരെ ഫോമിലേക്ക് തിരിച്ചെത്തുന്നതിന്‍റെ സൂചനകള്‍ തന്നുകഴിഞ്ഞു. ഇരുവരും തിളങ്ങിയാല്‍ ബാറ്റിങ്ങില്‍ ഇന്ത്യയ്‌ക്ക് മറ്റ് ആശങ്കകളില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ലോവര്‍ ഓര്‍ഡറിലേക്ക് എത്തുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയുടെ സാന്നിധ്യം ടീമിന് മുതല്‍ക്കൂട്ടാവും. പിന്നാലെ ജഡേജയും അക്‌സറും ടീമിന്‍റെ ബാറ്റിങ് ഡെപ്‌ത് കൂട്ടുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്ററായി എത്താന്‍ കെഎൽ രാഹുല്‍ റിഷഭ് പന്ത് എന്നിവര്‍ തമ്മില്‍ മത്സരമുണ്ട്. ഇംഗ്ലണ്ടിനെതിരെ രാഹുലിനാണ് മാനേജ്‌മെന്‍റ് പിന്തുണ നല്‍കിയത്. ഇതോടെ പന്തിന് അവസരത്തിനായി കാത്തിരിക്കേണ്ടിവരും.
പേസ് നിരയില്‍ ആശങ്ക
ടൂര്‍ണമെന്‍റിന് ഇറങ്ങുന്ന നീലപ്പടയ്‌ക്ക് പ്രീമിയം പേസര്‍ ജസ്‌പ്രീത് ബുംറയുടെ അഭാവം വലിയ തിരിച്ചടിയാണ്. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കാണ് താരത്തിനുള്ളത്. എന്നാല്‍ പരിക്ക് ബുംറയെ പുറത്തിരുത്തുകയായിരുന്നു.
താരത്തിന്‍റെ അഭാവത്തിൽ, ഇന്ത്യൻ പേസ് ആക്രമണത്തെ നയിക്കേണ്ട ഉത്തരവാദിത്തം മുഹമ്മദ് ഷമിയുടെ ചുമലിലാണ്. പരിക്കിനെ തുടർന്ന് ഏറെക്കാലം വിശ്രമത്തിലായിരുന്ന ഷമി അടുത്തിടെയാണ് അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍ തന്‍റെ മികവിലേക്ക് ഉയരാന്‍ ഷമിയ്‌ക്ക് കഴിഞ്ഞിട്ടില്ല.
ഷമിയെ പിന്തുണയ്ക്കുന്നതിനായി, യുവതാരങ്ങളായ അർഷ്‌ദീപ് സിങ്ങിലും ഹർഷിത് റാണയിലുമാണ് സെലക്‌ടര്‍മാര്‍ വിശ്വാസം അർപ്പിച്ചത്. ഏകദിന ഫോര്‍മാറ്റില്‍ വളരെ കുറച്ച് മത്സരങ്ങള്‍ മാത്രമാണ് ഇരുവരും കളിച്ചിട്ടുള്ളത്. വരാനിരിക്കുന്ന മത്സരങ്ങളിൽ നിർണായക ഘട്ടങ്ങളിൽ ടീമിനെ വിജയത്തിലേക്ക് എത്തിക്കാന്‍ ഇരുവര്‍ക്കും കഴിയുമോ എന്ന് കണ്ടറിയണം. എന്നാല്‍ തങ്ങളുടേതായ ദിനങ്ങളില്‍ ഏത് എതിരാളികളെയും വിറപ്പിക്കാന്‍ കഴിയുന്ന താരങ്ങളാണിവര്‍.
ആരാകും മൂന്നാം സ്‌പിന്നര്‍?
രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, വാഷിങ്‌ടണ്‍ സുന്ദർ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി എന്നിങ്ങനെ അഞ്ച് സ്‌പിന്നർമാരെയാണ് സെലക്‌ടര്‍മാര്‍ സ്‌ക്വാഡിലെടുത്തിരിക്കുന്നത്. എന്നാല്‍ ഈ തീരുമാനത്തിനെതിരെ വിമര്‍ശനങ്ങളുയരുന്നുണ്ട്. ദുബായിലാണ് ഇന്ത്യ തങ്ങളുടെ മത്സരങ്ങള്‍ കളിക്കുന്നത്.
എന്നാല്‍ ഇന്ത്യ കരുതുന്നത് പോലെ സ്‌പിന്നിന് അത്ര അനുകൂലമായിരിക്കില്ല ദുബായ് എന്ന് ചൂണ്ടിക്കാട്ടി മുന്‍ താരം ആര്‍ അശ്വിന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് എത്തിയിരുന്നു. മാത്രമല്ല, ബാറ്റിങ് മികവ് കൂടി കണക്കിലെടുത്ത് ജഡേജയും അക്‌സറും പ്ലേയിങ് ഇലവനില്‍ ഉറപ്പായതോടെ മൂന്നാമത്തെ സ്‌പിന്നറുടെ തിരഞ്ഞെടുപ്പ് ടീം മാനേജ്‌മെന്‍റിന് തലവേദനയാകും.
ഗ്രൂപ്പ് ഘട്ടം ഇങ്ങനെ..
ഈ മാസം 20-ന് ബംഗ്ലാദേശിനെതിരെയാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. 23 ചിരവൈരികളായ പാകിസ്ഥാനെയും തുടര്‍ന്ന് മാര്‍ച്ച് രണ്ടിന് ന്യൂസിലന്‍ഡിനേയും ടീം നേരിടും.
ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം
രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പർ), റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ, വാഷിങ്‌ടണ്‍ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് ഷമി, അർഷ്‌ദീപ് സിങ്, രവീന്ദ്ര ജഡേജ, വരുൺ ചക്രവർത്തി.