തൃശൂര്‍: വിദ്യാർഥി സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച കാലിക്കറ്റ് സര്‍വകലാശാല ഡി സോൺ കലോത്സവം പുനരാരംഭിച്ചു. അതീവ പൊലീസ് സുരക്ഷയിലാണ് കലോത്സവം നടത്തുന്നത്.
അതിനിടെ, നേരത്തെ ഉണ്ടായ സംഘർഷത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം എടുത്ത കേസിൽ പ്രതിയായ എസ്എഫ്ഐ നേതാവ് കലോത്സവ വേദിയിൽ എത്തി. പ്രതി അഷ്റഫിനെ കെഎസ്‌യു പ്രവർത്തകർ തടഞ്ഞു വെച്ചതോടെ ഓടി രക്ഷപ്പെട്ടു.
നേരത്തെ ഉണ്ടായ വിദ്യാർഥി സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. ആ കേസിൽ ആറാം പ്രതിയാണ് അഷറഫ്. പ്രതികൾ ഒളിവിൽ കഴിയുന്നത് കാരണം അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ലെന്ന പൊലീസ് വാദങ്ങൾക്കിടയാണ് അഷറഫ് കലോത്സവ വേദിയിൽ എത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കെഎസ്‌യു പ്രവർത്തകർ അഷ്‌റഫിനെ തടഞ്ഞുവെച്ച് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ പ്രതിയെ കസ്റ്റഡിയിൽ എടുക്കുന്നതിന് പകരം ഓടി രക്ഷപ്പെടാൻ പൊലീസ് ഉദ്യോഗസ്ഥർ തന്നെ അവസരമൊരുക്കി എന്ന് കെഎസ്‌യു ആരോപിച്ചു.
നേരത്തെ ഉണ്ടായ സംഘർഷത്തിൽ പ്രതികളായവർ കലോത്സവത്തിന് എത്തരുതെന്ന് പോലീസ് കർശന നിർദേശം നൽകിയിരുന്നു. ഇത് ലംഘിച്ചാണ് എസ്എഫ്ഐ നേതാവ് കലോത്സവ വേദിയിൽ എത്തിയത്. 300ല്‍ അധികം വരുന്ന പൊലീസുകാരാണ് കലോത്സവത്തിന് സുരക്ഷ ഒരുക്കുന്നത്. മെറ്റൽ ഡിറ്റക്‌ടർ അടക്കം ഉപയോഗിച്ചുള്ള പരിശോധനകൾക്ക് ശേഷമാണ് കലോത്സവ വേദിയിലേക്ക് ഓരോരുത്തരെയും കടത്തിവിടുന്നത്. നാളെ കലോത്സവം സമാപിക്കും.