പത്തനംതിട്ട : റാന്നി പെരുനാടിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ സിഐടിയു പ്രവർത്തകൻ കുത്തേറ്റു മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. അഖില്‍, ശാരോണ്‍, ആരോമല്‍ എന്നിവരെയാണ് പെരുനാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. പെരുനാട് മാമ്പാറ പടിഞ്ഞാറെ ചരുവിൽ ജിതിൻ ഷാജി (34) ആണ് കൊല്ലപ്പെട്ടത്.
സിഐടിയു ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ അംഗമാണ് ജിതിന്‍. സംഘർഷത്തില്‍ മറ്റൊരാൾക്കും കുത്തേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജിതിനെ ആദ്യം പെരുനാട് പിഎച്ച്സിയിലും തുടർന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലോഡിങ്ങുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തര്‍ക്കം നടന്നിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ദൃക്‌സാക്ഷിയില്‍ നിന്നും പെരുനാട് പൊലീസ് മൊഴിയെടുത്തു. പത്തനംതിട്ട എസ്‌പി, റാന്നി ഡിവൈഎസ്‌പി എന്നിവര്‍ കൊലപാതകം നടന്ന സ്ഥലം പരിശോധിച്ചു.
ഇന്നലെ രാത്രിയിൽ റാന്നി പെരുനാട് മഠത്തുംമൂഴി കൊച്ചുപലത്തിനു സമീപം ആയിരുന്നു സംഭവം. യുവാക്കളുടെ സംഘങ്ങള്‍ തമ്മിലുള്ള തർക്കം കയ്യാങ്കളിയിലേക്കും കത്തിക്കുത്തിലേക്കും എത്തുകയായിരുന്നുവെന്നാണ് വിവരം. കേസില്‍ എട്ടു പ്രതികളാണ് ഉള്ളത്. നിഖിലേഷ്, വിഷ്‌ണു, ശാരോണ്‍, സുമിത്ത്, മനീഷ്, ആരോമല്‍, മിഥുൻ, അഖില്‍ എന്നിവരാണ് പ്രതികള്‍.
ഒപ്പമുണ്ടായിരുന്ന അനന്തുവിനെ പ്രതികള്‍ ആക്രമിച്ച സമയത്ത് തടസം നില്‍ക്കാനെത്തിയപ്പോഴാണ് ജിതിനെ ആക്രമിച്ചതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ബൈക്കിന്‍റെ ലൈറ്റ് ഡിം ചെയ്യാത്തതുമായി ബന്ധപ്പെട്ട് ജിതിനും പ്രതികളും തമ്മില്‍ നേരത്തെ തർക്കമുണ്ടായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇതിന്‍റെ തുടര്‍ച്ചയായാണ് വീണ്ടും സംഘര്‍ഷമുണ്ടായത് എന്നും പറയുന്നു.
കേസിൽ പ്രധാന പ്രതിക്കായി അന്വേഷണം തുടരുകയാണ്. കൊലയ്ക്ക് പിന്നില്‍ ബിജെപി- ആർഎസ്‌എസ് പ്രവർത്തകരാണെന്നും ജിതിന്‍റെ കൊലപാതകം ആസൂത്രിതമാണെന്നും സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആരോപിച്ചു.
Also Read: ചാലക്കുടി ബാങ്ക് കൊള്ള; പ്രതി പിടിയില്‍, പിടിയിലായത് ചാലക്കുടി ആശാരിക്കടവ് സ്വദേശി റിജോ ആന്‍റണി