ന്യൂഡല്‍ഹി : ഡല്‍ഹിയുടെ നാലാമത് വനിതാ മുഖ്യമന്ത്രിയായി ബിജെപിയുടെ രേഖ ഗുപ്‌ത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 27 വര്‍ഷത്തിന് ശേഷം ഡല്‍ഹി പിടിച്ച ബിജെപിയ്‌ക്കും താഴെ തട്ടില്‍നിന്നുള്ള നേതാവായ രേഖ ഗുപ്‌തയ്‌ക്കും ചരിത്ര ദിനമാകും ഇന്ന്. ആം ആദ്‌മി പാര്‍ട്ടിയുടെ ബന്ദന കുമാരിയെ പരാജയപ്പെടുത്തിയാണ് ഷാലിമാര്‍ ബാഗില്‍ നിന്നും രേഖ ഗുപ്‌തയുടെ വിജയം.
നിലവില്‍ ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടിവ് അംഗവും ഡല്‍ഹി ഘടകത്തിന്‍റെ ജനറല്‍ സെക്രട്ടറിയുമായ രേഖയ്‌ക്ക് രാജ്യ തലസ്ഥാനത്തിന്‍റെ പ്രശ്‌നങ്ങള്‍ വ്യക്തമായി അറിയാം. തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നോട്ടുവച്ച പ്രകടന പത്രിക ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ഒപ്പം ഡല്‍ഹിയുടെ പ്രശ്‌നങ്ങളിലും ആവശ്യങ്ങളിലും രേഖ ഗുപ്‌ത പ്രായോഗികമായ സമീപനം സ്വീകരിക്കുമെന്നും പ്രതീക്ഷയുണ്ട്.
ആം ആദ്‌മി പാര്‍ട്ടിയുടെ അതിഷി മെര്‍ലേനയുടെ പിന്‍ഗാമിയായാണ് രേഖ ഗുപ്‌ത തലസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി പദത്തിലെത്തുന്നത്. ഡല്‍ഹി ബിജെപിയിലെ പല മുതിര്‍ന്ന നേതാക്കളെയും പിന്‍തള്ളിയാണ് പാര്‍ട്ടി രേഖയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ഫെബ്രുവരി എട്ടിന് തെരഞ്ഞെടുപ്പ് ഫലം വന്നതുമുതല്‍ ഡല്‍ഹി മുഖ്യമന്ത്രി ആരാകും എന്നതില്‍ വലിയ ഊഹാപോഹങ്ങള്‍ നിലനിന്നിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബിജെപിയുടെ സ്‌ത്രീ ശാക്തീകരണ ലക്ഷ്യമാണ് രേഖ ഗുപ്‌തയ്‌ക്ക് നറുക്കുവീഴാന്‍ കാരണമായത്. ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നതോടെ രാജ്യത്തെ ബിജെപിയുടെ ഏക വനിതാ മുഖ്യമന്ത്രി കൂടിയാകും അവര്‍. തന്‍റെ മുഖ്യമന്ത്രി സ്ഥാനം തന്നെപ്പോലെ തന്നെ രാജ്യത്തെ മുഴുവന്‍ സ്‌ത്രീകള്‍ക്കും അഭിമാനകരമെന്ന് രേഖ ഗുപ്‌ത പ്രതികരിച്ചു.
'27 വര്‍ഷങ്ങള്‍ക്ക് ശേഷം വന്ന ഈ അവസരം എനിക്ക് നല്‍കിയതിന് പ്രധാനമന്ത്രി മോദിക്കും പാര്‍ട്ടിക്കും ഞാന്‍ നന്ദി പറയുന്നു. ഒരു പുതിയ അധ്യായം ആരംഭിക്കുകയാണ്. രാജ്യത്തെ സ്ത്രീകൾക്ക് ഇത് അഭിമാനകരമായ നിമിഷമാണ്. സർക്കാർ രൂപീകരിക്കാൻ ഞങ്ങൾ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്... ബിജെപിയുടെ ഓരോ പ്രതിബദ്ധതയും നിറവേറ്റുക എന്നതാണ് എന്‍റെ ജീവിതത്തിന്‍റെ ആത്യന്തിക ലക്ഷ്യം,' -അവർ പറഞ്ഞു.
'ഈ ഉത്തരവാദിത്തം നിറവേറ്റുന്നതിനായി എന്‍റെ ജീവിതത്തിലെ ഓരോ നിമിഷവും ചെലവഴിക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു. ബിജെപിയ്‌ക്ക് ജനങ്ങളോടുള്ള പ്രതിബദ്ധത നിറവേറ്റുക എന്നതാണ് എന്‍റെ ജീവിതത്തിന്‍റെ ലക്ഷ്യം. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഡൽഹി സർക്കാർ സമയബന്ധിതമായി പ്രവർത്തിക്കും, ടീം മോദി എന്ന നിലയിൽ എല്ലാ എംഎൽഎമാരും പ്രതിബദ്ധതകൾ നിറവേറ്റാൻ പ്രവർത്തിക്കും,' -രേഖ ഗുപ്‌ത കൂട്ടിച്ചേര്‍ത്തു.
'എന്നെ വിശ്വസിച്ച് മുഖ്യമന്ത്രി സ്ഥാനത്തിന്‍റെ ഉത്തരവാദിത്തം ഏൽപ്പിച്ചതിന് പാര്‍ട്ടി നേതൃത്വത്തിന് എന്‍റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ഈ വിശ്വാസവും പിന്തുണയും എനിക്ക് പുതിയ ഊർജവും പ്രചോദനവും നൽകിയിരിക്കുകയാണ്. ഡൽഹിയിലെ ഓരോ പൗരന്‍റെയും ക്ഷേമത്തിനും ശാക്തീകരണത്തിനും സമഗ്ര വികസനത്തിനും വേണ്ടി പൂർണ സത്യസന്ധതയോടും, സമഗ്രതയോടും, സമർപ്പണത്തോടും കൂടി പ്രവർത്തിക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു. ഡൽഹിയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനുള്ള ഈ സുപ്രധാന അവസരത്തിൽ ഞാൻ പൂർണമായും പ്രതിജ്ഞാബദ്ധയാണ്, ' -അവർ പറഞ്ഞു.