കണ്ണൂർ: തലശ്ശേരി മണോളിക്കാവ് താലപ്പൊലി ഉത്സവത്തിനിടെ പൊലീസിനെ അക്രമിച്ച കേസിൽ കസ്റ്റഡിയിൽ എടുത്ത പാര്‍ട്ടി പ്രവർത്തകനെ പൊലീസ് ജീപ്പ് തടഞ്ഞ് മോചിപ്പിച്ച് സിപിഎം പ്രവർത്തകർ. ഇക്കഴിഞ്ഞ ബുധനാഴ്‌ച രാത്രി 12നാണ് ക്ഷേത്ര മുറ്റത്ത് ബിജെപി - സിപിഎം പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായത്. സംഘർഷ സാധ്യത ഉടലെടുത്തതോടെ ഇടപെട്ട പൊലീസുകാരെ സിപിഎം പ്രവർത്തകർ കൈയേറ്റം ചെയ്യുകയായിരുന്നു.
എസ്‌ഐ ഉൾപ്പടെയുള്ള പൊലീസുകാരെയാണ് സിപിഎം പ്രവർത്തകർ ആക്രമിച്ചത്. പൊലീസിനെ ആക്രമിച്ച കേസിലെ പ്രതിയായ സിപിഎം പ്രവർത്തകൻ ദിപിനെ ക്ഷേത്ര പരിസരത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എസ്‌ഐ വിവി ദീപ്‌തിയുടെ നേതൃത്വത്തിലാണ് ദിപിനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിൽ എടുത്ത ദിപിനെ പൊലീസ് ജീപ്പിലെത്തിച്ചപ്പോൾ 50ഓളം സിപിഎം പ്രവർത്തകർ ജീപ്പ് തടയുകയായിരുന്നു. ക്ഷേത്രത്തിന്‍റെ ഗേറ്റ് പൂട്ടിയതോടെ പൊലീസ് ജീപ്പിന് പുറത്തുകടക്കാനായില്ല.
ഇതിനിടയിൽ പ്രവര്‍ത്തകര്‍ ദിപിനെ ബലമായി മോചിപ്പിച്ചു കൊണ്ടുപോയി. അതേസമയം, സംഭവ സമയത്ത് ഉത്സവപ്പറമ്പിൽ സ്ത്രീകളും കുട്ടുകളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ ഉണ്ടായിരുന്നതിനാൽ സുരക്ഷ മുൻ നിർത്തി സംയമനം പാലിച്ചതാണ് എന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്.
സിപിഎം പ്രവർത്തകനെ മോചിപ്പിച്ചു കൊണ്ടുപോയതിന് 55 സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസിനെ മര്‍ദിച്ച കേസിൽ മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
Also Read: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ അന്തരിച്ചു