കാസർകോട് : അധ്യാപകരും കുട്ടികളും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ പല സന്ദർഭങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ശബ്‌ദം കൊണ്ട് കുട്ടികളെ തിരിച്ചറിയുന്ന ഒരു അധ്യാപികയാണ് ഇപ്പോൾ താരം. ടീച്ചറേ... എന്ന് നീട്ടി വിളിച്ചാല്‍ മതി. മുഖം കാണാതെ ആ കുട്ടിയുടെ പേര് അധ്യാപിക പറയും.
ഒരാളുടെയും രണ്ടാളുടെയും അല്ല ക്ലാസിലെ മുഴുവൻ വിദ്യാർഥികളെയും നവ്യശ്രീ ടീച്ചർ ശബ്‌ദം കൊണ്ട് തിരിച്ചറിയും. കുട്ടികൾ ടീച്ചറെ എന്ന് വിളിച്ചു പോകുന്നതും ശബ്‌ദം കേട്ട് ആദിനാഥ്, കാർത്തിക്, കൃഷ്‌ണ ദേവ് തുടങ്ങി ക്ലാസിലെ മുഴുവൻ കുട്ടികളെയും ടീച്ചർ തിരിച്ചറിയുന്നതുമായുള്ള വീഡിയോ സാമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഉദിനൂർ സെൻട്രൽ എയുപി സ്‌കൂളിലെ അധ്യാപികയാണ് പിവി നവ്യശ്രീ.
ക്ലാസ് മുറിയിൽ കസേരയിലിരിക്കുന്ന അധ്യാപികയുടെ പിന്നിലായി കുട്ടികൾ ഓരോരുത്തരും തങ്ങളുടെ ഊഴം കാത്ത് നിൽകുകയാണ്. അഞ്ചാം ക്ലാസ് വിദ്യാർഥികളാണ് എല്ലാവരും. ഓരോരുത്തരായി വന്ന് 'ടീച്ചറേ' എന്ന് വിളിക്കുമ്പോൾ കുട്ടികളെ കാണാതെ അവരുടെ പേര് പറയുകയാണ് ഈ അധ്യാപിക. തങ്ങളുടെ പേര് കേൾക്കുമ്പോൾ കുട്ടികളുടെ മുഖത്ത് അതിരില്ലാത്ത സന്തോഷവും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കുട്ടികളുടെ കൂട്ടത്തിൽ ടീച്ചറുടെ മകൻ പിവി ശ്രീദേവുണ്ട്. ഉച്ച ഭക്ഷണ ഇടവേളയിൽ സ്‌കൂളിലെ അധ്യാപകൻ വിപിൻ കുമാറാണ് വീഡിയോ പകർത്തിയത്. അദ്ദേഹത്തിന്‍റെ സുഹൃത്താണ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തത്. വീഡിയോ വൈറൽ ആയതോടെ ടീച്ചർക്കും കുട്ടികൾക്കും അഭിനന്ദനമറിയിച്ച് നിരവധി ഫോൺ വിളികളും സന്ദേശങ്ങളുമെത്തി.
സ്‌കൂളിലും നാട്ടിലും സാമൂഹിക മാധ്യമങ്ങളിലും അങ്ങിനെ നവ്യശ്രീ ടീച്ചറും അഞ്ച് സി ക്ലാസും താരമായി. പിന്നെ പലർക്കും സംശയവും. ടീച്ചർ എങ്ങനെ ഇവരെ ശബ്‌ദം കൊണ്ട് തിരിച്ചയുന്നുവെന്ന്. ഇതൊക്കെ എളുപ്പമാണെന്ന് ടീച്ചറുടെ മറുപടിയും.
എട്ട് വർഷമായി ഉദിനൂർ സെൻട്രൽ എയുപി സ്‌കൂൾ അധ്യാപികയാണ് നവ്യശ്രീ. കണക്കാണ് വിഷയം. കാലിക്കടവ് ഏച്ചിക്കൊവ്വൽ സ്വദേശിയാണ് ടീച്ചര്‍.
Also Read: എൻമകജെയില്‍ അമ്മയെയും മകളെയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി