വാഷിങ്ടൺ ഡിസി : ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ്റെ (എഫ്ബിഐ) ഒമ്പതാമത്തെ ഡയറക്‌ടറായി ഇന്ത്യൻ-അമേരിക്കൻ വംശജനായ കാഷ് പട്ടേൽ സത്യപ്രതിജ്ഞ ചെയ്‌തു. ഭഗവദ്‌ഗീതയിൽ തൊട്ടായിരുന്നു കാഷ് പട്ടേലിന്‍റെ സത്യപ്രതിജ്ഞ.
ചടങ്ങിൽ അദ്ദേഹത്തിൻ്റെ കുടുംബവും പങ്കാളിയും ഒപ്പമുണ്ടായിരുന്നു. ഐസൻഹോവർ എക്‌സിക്യൂട്ടീവ് ഓഫിസ് കെട്ടിടത്തിൽ വച്ചായിരുന്നു ചടങ്ങുകള്‍. ഭൂമിയിലെ ഏറ്റവും മികച്ച രാജ്യത്തിൻ്റെ നിയമ നിർവഹണ ഏജൻസിയെ നയിക്കാൻ പോകുന്നതിൽ അഭിമാനമുണ്ടെന്ന് കാഷ് പട്ടേൽ പ്രതികരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'ഭൂമിയിലെ ഏറ്റവും മികച്ച രാജ്യത്തിൻ്റെ നിയമ നിർവഹണ ഏജൻസിയെ നയിക്കാൻ പോകുന്ന ഒരു ഒന്നാം തലമുറ ഇന്ത്യക്കാരനോടാണ് നിങ്ങൾ സംസാരിക്കുന്നത്. അത് മറ്റൊരിടത്തും സംഭവിക്കില്ല. എഫ്ബിഐയിലെ ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനായി പ്രവർത്തിക്കുമെ'ന്നും കാഷ് പാട്ടേൽ പറഞ്ഞു. അചഞ്ചലമായ ആത്മവിശ്വാസവും പിന്തുണയും നൽകിയ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനും അറ്റോർണി ജനറൽ പാം ബോണ്ടിക്കും നന്ദിയുണ്ടെന്നും കാഷ് പട്ടേൽ പറഞ്ഞു.
നീതി നടപ്പാക്കാൻ പ്രതിജ്ഞാബദ്ധരായ സുതാര്യമായി പ്രവർത്തിക്കുന്ന എഫ്ബിഐയെ അമേരിക്കൻ ജനത അർഹിക്കുന്നു. എഫ്ബിഐയിലുള്ള വിശ്വാസം പുനസ്ഥാപിക്കുക എന്നതാണ് തൻ്റെ ദൗത്യം. പോരായ്‌മകൾ തുടച്ചുനീക്കി അന്വേഷണ ഏജൻസിയെ പുനർനിർമിക്കുന്നതിന് സമർപിതരായ സഹപ്രവർത്തകർക്കൊപ്പം താനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ശക്തനായ വ്യക്തി എന്നാണ് ട്രംപ് കാഷ് പട്ടേലിനെ അഭിസംബോധന ചെയ്‌തത്. വൈറ്റ് ഹൗസും പട്ടേലിന് ആശംസകളറിയിച്ചു.
Also Read: ഇസ്രയേലിൽ ബസുകളിൽ സ്‌ഫോടന പരമ്പര; ഭീകരാക്രമണമെന്ന് സംശയം - ISRAEL EXPLOSIONS ON BUSES