മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 18-ാം സീസണിന്‍റെ ഷെഡ്യൂൾ പ്രഖ്യാപിച്ച് ബിസിസിഐ. മാർച്ച് 22 ന് സീസൺ ആരംഭിക്കും. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് ഏറ്റുമുട്ടുന്നത്. കൊല്‍ക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് മത്സരം നടക്കുക.
മാര്‍ച്ച് 23-ാണ് സഞ്‌ജുവിന്‍റെ രാജസ്ഥാന്‍ ആദ്യ മത്സരത്തിനിറങ്ങുന്നത്. രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ സൺറൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളി. ഈ ദിവസം ആരാധകര്‍ കാത്തിരിക്കുന്ന മറ്റൊരു സൂപ്പര്‍ പോരാട്ടവുണ്ട്.
മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്. എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. ടൂർണമെന്‍റിൽ ആകെ 74 മത്സരങ്ങളാണുള്ളത്. ഫൈനൽ മത്സരം മെയ് 25 ന് നടക്കും.
IPL 2025 SCHEDULE #IPL2025 #ipl2025schedule pic.twitter.com/dpkw8t9teO
— Nikhil khilery (@NikhilKhilery) February 16, 2025
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഗുവാഹത്തി (ആർആറിന്‍റെ രണ്ടാം വേദി), ധർമ്മശാല (പഞ്ചാബ് കിങ്‌സിന്‍റെ രണ്ടാം വേദി), വിശാഖപട്ടണം (ഡൽഹി ക്യാപിറ്റൽസിന്‍റെ രണ്ടാം വേദി) എന്നിവയുൾപ്പെടെ 13 വേദികളിലായാണ് ടൂർണമെന്‍റ് നടക്കുക. എട്ട് ടീമുകളെയും രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്.
ഐപില്‍ മത്സരത്തിലെ കൊമ്പന്‍മാരായ ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും അഞ്ച് തവണയാണ് കിരീടം നേടിയത്. നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മൂന്ന് തവണയും കിരീടം നേടിയിട്ടുണ്ട്.
ഐപിഎൽ മെഗാ ലേലത്തിന് ശേഷം പുതുക്കിയ സ്‌ക്വാഡുമായാണ് ഓരോ ടീമുകളും കളത്തിലേക്ക് ഇറങ്ങുന്നത്. ലേലത്തിൽ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് വാങ്ങിയ റിഷഭ് പന്താണ് ഐപിഎല്ലിന്‍റെ തന്നെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായത്. 27 കോടി രൂപയായിരുന്നു താരത്തിനായി ഫ്രാഞ്ചൈസി മുടക്കിയത്. ശ്രേയസ് അയ്യർ (26.75 കോടി രൂപ), വെങ്കിടേഷ് അയ്യർ (23.75 കോടി രൂപ) എന്നിവരാണ് ലേലത്തിലെ മറ്റ് വിലയേറിയ താരങ്ങൾ.