ഹരാരെ:ടി20 ലോകകപ്പ് നേട്ടത്തിന് ശേഷമുള്ള ആദ്യ പരമ്പരയ്‌ക്കായി ഇന്ത്യയുടെ യുവനിര ഇന്ന് സിംബാബ്‌വേയെ നേരിടാൻ കളത്തിലിറങ്ങുകയാണ്. ഹരാരെ സ്പോര്‍ട്‌സ് ക്ലബില്‍ ഇന്ത്യൻ സമയം വൈകുന്നേരം നാലരയ്‌ക്കാണ് മത്സരം തുടങ്ങുന്നത്. പ്രധാന താരങ്ങളുടെ അഭാവത്തില്‍ ഓപ്പണര്‍ ശുഭ്‌മാൻ ഗില്ലാണ് പരമ്പരയില്‍ ഇന്ത്യൻ ടീമിനെ നയിക്കുന്നത്.
സ്ഥാനമൊഴിഞ്ഞ രോഹിത് ശര്‍മ - വിരാട് കോലി എന്നിവരുടെ പകരക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ടീം ഇന്ത്യ ആരംഭിക്കുന്ന പരമ്പര കൂടിയാണിത്. തനിക്കൊപ്പം പരമ്പരയില്‍ കഴിഞ്ഞ ഐപിഎല്ലിലെ വെടിക്കെട്ട് ബാറ്റര്‍ അഭിഷേക് ശര്‍മ ഓപ്പണറായെത്തുമെന്ന് നായകൻ ശുഭ്‌മാൻ ഗില്‍ ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ താരമായിരുന്ന അഭിഷേക് 16 മത്സരങ്ങളില്‍ 204.22 സ്ട്രൈക്ക്റേറ്റില്‍ 484 റണ്‍സായിരുന്നു അടിച്ചെടുത്തത്.
മൂന്നാം നമ്പറില്‍ റിതുരാജ് ഗെയ്‌ക്‌വാദ് ആയിരിക്കും ബാറ്റ് ചെയ്യാൻ എത്തുക. ഇവര്‍ക്ക് പിന്നാലെ, റിയാൻ പരാഗ്, റിങ്കു സിങ്, ധ്രുവ് ജുറെല്‍ എന്നിവരും പ്ലേയിങ് ഇലവനിലേക്ക് എത്താനാണ് സാധ്യത. ഹരാരെയിലെ വേഗം കുറഞ്ഞ പിച്ചില്‍ ഇന്ത്യൻ സ്‌പിന്നര്‍മാരുടെ പ്രകടനവും നിര്‍ണായകമായേക്കും.