കോഴിക്കോട്: വളയത്ത് ബോംബ് കണ്ടെത്തിയ സംഭവം പൊലീസിനെ കബളിപ്പിച്ചതാണെന്ന് നിഗമനം. നാദാപുരത്തെ ക്വാറിയിൽ എത്തിച്ച സ്റ്റീൽ ബോംബിൽ കണ്ടത് ചകിരിയും മരപ്പൊടിയും സിമൻ്റും ഉള്‍പ്പെടെയുള്ള വസ്‌തുക്കള്‍. ഇത് ഒരു കബളിപ്പിക്കൽ നാടകമായാണ് പൊലീസ് കരുതുന്നതെന്നും പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണെന്നും പൊലീസ് അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിർവീര്യമാക്കിയെന്ന് പറഞ്ഞ ഒരു ബോംബും പൊട്ടിയില്ല. പൊട്ടാതെ തിരിച്ച് കിട്ടിയ വസ്‌തുക്കൾ പരിശോധനക്ക് അയച്ചിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് 14 സ്റ്റീൽ ബോംബുകൾ, രണ്ട് പൈപ്പ് ബോംബുകൾ, വടിവാളുകൾ എന്നിവ കണ്ടെടുത്തത്. കോഴിക്കോട്-കണ്ണൂർ അതിര്‍ത്തിയായ കായലോട്ട് താഴെ പാറച്ചാല്‍ എന്ന സ്ഥലത്താണ് ബോംബുകളടക്കം ആയുധ ശേഖരം കണ്ടെടുത്തത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു. തുടർന്ന് കലുങ്കിനടിയിൽ സൂക്ഷിച്ച നിലയിൽ ആയുധ ശേഖരം കണ്ടെത്തുകയായിരുന്നു. ഇവയാണ് വ്യാജമെന്ന് വിദഗ്‌ധ പരിശോധനയിൽ കണ്ടെത്തിയത്.