ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഇനി ആര് വാഴുമെന്നറിയാന്‍ വെറും മണിക്കൂറുകള്‍ മാത്രം. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നാളെ (ഫെബ്രുവരി 7). രാവിലെ 8 മണിയോടെ വോട്ടണ്ണല്‍ ആരംഭിക്കും. 11മണിയോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും.
ആര് ഭരണത്തിലേറുമെന്ന ആശങ്കയില്‍ കാത്തിരിക്കുകയാണ് ജനങ്ങളും. വര്‍ഷങ്ങളായി ഡല്‍ഹി ഭരിച്ച എഎപിക്ക് ഇത്തവണ ഭരണത്തിലേറാന്‍ സാധിക്കില്ലെന്നാണ് ബിജെപിയുടെ വാദം. ഇതിന് കാരണമാകുന്നതാകട്ടെ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളിലെ ആത്മവിശ്വാസമാണ്.
70 മണ്ഡലങ്ങളിലേക്കാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായത്. ആകെ 699 സ്ഥാനാര്‍ഥികളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. 19 കൗണ്ടിങ് സെന്‍ററുകളിലായാണ് നാളെ വോട്ടെണ്ണല്‍ നടക്കുക. 70 സ്‌ട്രോങ് റൂമുകളിലായാണ് ഇവിഎമ്മുകള്‍ സൂക്ഷിച്ചിരിക്കുന്നത്. ഇതിനാകട്ടെ ത്രിതല സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വോട്ടെടുപ്പിന് പിന്നാലെയുണ്ടായ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ഏറെ പ്രതീക്ഷയിലാണ് ബിജെപി. എന്നാല്‍ എക്‌സിറ്റ് പോള്‍ ബിജെപിക്ക് അനുകൂലമായതില്‍ ആശങ്കയിലാണ് ആംആദ്‌മി. കെജ്‌രിവാള്‍ മത്സരിച്ച ന്യൂഡല്‍ഹിയിലും സിസോദിയ മത്സരിച്ച ജംഗ്‌പുരയിലും സ്ഥിതി മെച്ചപ്പെട്ടതല്ലെന്ന വിലയിരുത്തലും ആംആദ്‌മിക്കുണ്ട്.
മദ്യനയ അഴിമതി കേസും അറസ്റ്റുമാണ് ഇരുവര്‍ക്കും വലിയ വെല്ലുവിളിയാകുന്നത്. അതിനിടെ സ്ഥാനാര്‍ഥികള്‍ക്ക് കോടികള്‍ വാഗ്‌ദാനം ചെയ്‌ത് ബിജെപി കുതിരക്കച്ചവടം നടത്താന്‍ ശ്രമിച്ചതായി അരവിന്ദ് കെജ്‌രിവാള്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ആരോപണം വ്യാജമാണെന്നും സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബിജെപി ലഫ്. ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിട്ടുമുണ്ട്.
Also Read: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ്; മത്സര രംഗത്തിറങ്ങിയ പ്രമുഖ നേതാക്കള്‍ ഇവരെല്ലാം