തിരുവനന്തപുരം: എംബസി മാതൃകയിൽ സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക ഗസ്റ്റ് ഹൗസായ കേരള ഹൗസ് ഹൈദരാബാദിലും വരുന്നു. ഇന്നത്തെ ബഡ്‌ജറ്റിൽ ധനമന്ത്രി കെഎൻ ബാലഗോപാലാണ് ഹൈദരാബാദിലും കേരള ഹൗസ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. പ്രാരംഭ പ്രവർത്തനങ്ങൾക്കായി 5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
നിലവിൽ ഡൽഹിയിലും മുംബൈയിലുമാണ് കേരള ഹൗസുകൾ പ്രവർത്തിക്കുന്നത്. ഡൽഹിയിലെ കേരള ഹൗസ് പൊതുഭരണ വകുപ്പിന് കീഴിലാണെങ്കിൽ ചെന്നൈ, മുംബൈ എന്നിവിടങ്ങളിലെ കേരള ഹൗസ് ടൂറിസം വകുപ്പിന് കീഴിലാണ് പ്രവർത്തിക്കുന്നത്. ബെംഗളൂരു, ജയ്‌പൂർ എന്നിവിടങ്ങളിലും നേരത്തെ കേരള ഹൗസ് പ്രഖ്യാപനമുണ്ടായിരുന്നു.
റസിഡന്‍റ് കമ്മിഷണറുടെ ചുമതലയിലാണ് കേരള ഹൗസുകളുടെ പ്രവർത്തനം. കൺട്രോളർ, ചീഫ് അഡ്‌മിനിസ്ട്രേറ്റിവ് ഓഫിസർ, ചീഫ് ഓഫ് പ്രോട്ടോക്കോൾ ഓഫിസർ, ലൈസൺ ഓഫിസർ എന്നിങ്ങനെ വിവിധ തസ്‌തികകളിലായി സിവിൽ സർവീസ് ഉദ്യോഗസ്ഥരാണ് കേരള ഹൗസിലെ ചുമതലകൾ നിർവഹിക്കുന്നത്. താമസ-ഭക്ഷണ സൗകര്യങ്ങൾക്ക് പുറമെ നോർക്ക സേവനങ്ങളും ഡൽഹിയിലെ കേരള ഹൗസിലുണ്ട്. സംസ്ഥാന സർക്കാരിന്‍റെ ഡൽഹി പ്രതിനിധിയുടെ ഔദ്യോഗിക ഓഫിസും കേരള ഹൗസിലാണ് പ്രവർത്തിക്കുന്നത്.