2013ല്‍ നാടകീയമായിട്ടായിരുന്നു ആംആദ്‌മി പാര്‍ട്ടി ഡല്‍ഹിയില്‍ ആദ്യമായി അധികാരത്തിലെത്തിയതെങ്കില്‍ 2015ലും 2020ലും ആംആദ്‌മി പാര്‍ട്ടിയുടെ ആധികാരിക വിജയമായിരുന്നു ഡല്‍ഹിയില്‍ കണ്ടത്. പിറന്ന് വീണ് ഒരു വയസ് മാത്രം പ്രായമുള്ളപ്പോള്‍ തെരഞ്ഞെടുപ്പ് പോരിനിറങ്ങിയ ആംആദ്‌മി പാര്‍ട്ടി നിരീക്ഷകരെയാകെ ഞെട്ടിച്ച പ്രകടനമാണ് കാഴ്‌ച വച്ചത്. ജന്‍ ലോക് പാലിന് വേണ്ടിയുള്ള പ്രക്ഷോഭത്തിലൂടെ ഡല്‍ഹിക്കാരുടെ ഹൃദയങ്ങളിലേക്ക് കടന്നു ചെന്ന കെജ്‌രിവാളും കൂട്ടരും 2012 നവംബറിലാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങാന്‍ തീരുമാനിച്ചത്.
അങ്ങിനെ ആംആദ്‌മി പാര്‍ട്ടി പിറന്നു. 2013 ഡിസംബറിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തിറങ്ങാനുള്ള വിപ്ലവകരമായ തീരുമാനവും പാര്‍ട്ടി കൈക്കൊണ്ടു. ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിലവിലുള്ള മുഖ്യമന്ത്രി കോണ്‍ഗ്രസിലെ ഷീലാ ദീക്ഷിതിനെ അട്ടിമറിച്ചായിരുന്നു കെജ്‌രിവാള്‍ നിയമസഭയിലെത്തിയത്.
കന്നിയങ്കത്തിനിറങ്ങിയ പാര്‍ട്ടിക്ക് 28 എംഎല്‍എമാര്‍. 31 സീറ്റുള്ള ബിജെപിക്ക് ഭൂരിപക്ഷമില്ല. കോണ്‍ഗ്രസിന് എട്ട് എംഎല്‍എമാര്‍. ഓരോ ജെഡിയു സ്വതന്ത്ര എംഎല്‍എമാരുടെ കൂടി പിന്തുണയോടെ ആപ് ഭരണത്തിലേറി. ഡല്‍ഹിയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മുഖ്യമന്ത്രിയെന്ന ബഹുമതി സ്വന്തമാക്കിയ കെജ്‌രിവാള്‍ തന്നെയായിരുന്നു ആദ്യ മന്ത്രിസഭയില്‍ ആഭ്യന്തരവും ധനകാര്യവും ഊര്‍ജവും അടക്കമുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്‌തത്.
ജന്‍ ലോക് പാല്‍ ബില്‍ സഭയില്‍ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും തടസം നില്‍ക്കുന്നുവെന്ന നാടകീയ ആരോപണവുമായി 2014 ഫെബ്രുവരിയില്‍ അരവിന്ദ് കെജ്‌രിവാള്‍ രാജി വയ്‌ക്കുന്നതാണ് പിന്നീട് കണ്ടത്. 2015ല്‍ ആകെയുള്ള 70ല്‍ 67ലും ആംആദ്‌മി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ജയിച്ചപ്പോള്‍ ബിജെപി 3 സീറ്റിലൊതുങ്ങി.
2020ല്‍ ആംആദ്‌മി 70ല്‍ 62 സീറ്റുകളുമായി അധികാരത്തുടര്‍ച്ച നേടി. ബിജെപി എട്ടിടത്ത് വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് വീണ്ടും പൂജ്യത്തിലൊതുങ്ങി. വിജയം വന്ന വഴി രണ്ട് തവണയും സമാനമായിരുന്നു. ഡല്‍ഹിയിലെ 11 ജില്ലകളില്‍ ഏതാണ്ടെല്ലായിടത്തും ഒരു പോലെ ആം ആദ്‌മിയും മുന്നേറ്റമായിരുന്നു രണ്ട് തെരഞ്ഞെടുപ്പുകളിലും കണ്ടത്.
എട്ട് സീറ്റുള്ള വടക്കന്‍ ഡല്‍ഹി ജില്ലയില്‍ കഴിഞ്ഞ തവണ ആപ്പിന് ഏഴും ബിജെപിക്ക് ഒന്നും സീറ്റുകളാണ് നേടാനായത്. അവിടെ ഇത്തവണ പോളിങ് 59.55 ശതമാനമായിരുന്നു. ഏഴ് വീതം സീറ്റുകളുള്ള പടിഞ്ഞാറന്‍ ഡല്‍ഹിയിലും തെക്ക് കിഴക്കന്‍ ഡല്‍ഹിയിലും തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലും ഇത്തവണ 60 ശതമാനത്തിന് മേല്‍ പോളിങ് നടന്നു.
7 സീറ്റുകള്‍ വീതമുള്ള മധ്യ ഡല്‍ഹിയിലും വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലും പോളിങ് ശതമാനം 60ല്‍ താഴെയായിരുന്നു. തെക്ക് കിഴക്കന്‍ ഡല്‍ഹിയിലായിരുന്നു പോളിങ് ശതമാനം ഏറ്റവും കുറഞ്ഞത്. 56.16 ശതമാനം. 5 സീറ്റുകളുള്ള വടക്ക് കിഴക്കന്‍ ഡല്‍ഹിയിലായിരുന്നു പോളിങ് ഏറ്റവും കൂടുതല്‍.
ശ്രദ്ധേയരായ സ്ഥാനാര്‍ഥികള്‍:
അരവിന്ദ് കെജ്‌രിവാള്‍: മുന്‍ മുഖ്യമന്ത്രിയും ആംആദ്‌മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍ തുടര്‍ച്ചയായി മൂന്നാം തവണയും ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്നു.
പര്‍വേഷ് വര്‍മ്മ: അരവിന്ദ് കെജ്‌രിവാളിനെ നേരിടാന്‍ ബിജെപിയെ രംഗത്തിറക്കിയിരിക്കുന്നത് പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിന്നുള്ള ലോക്‌സഭാഗം പര്‍വേഷ് വര്‍മ്മയെയാണ്. രണ്ട് തവണയായി പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിന്നുള്ള എംപിയാണ് പര്‍വേഷ് വര്‍മ. മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന സാഹിബ് സിങ് വര്‍മയുടെ മകന്‍ കൂടിയാണ് അദ്ദേഹം.
സന്ദീപ് ദീക്ഷിത്: മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്‍റെ മകന്‍ സന്ദീപ് ദീക്ഷിതാണ് ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.
രാജ് കുമാര്‍ ആനന്ദ്: അരവിന്ദ് കെജ്‌രിവാള്‍ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന രാജ് കുമാര്‍ ആനന്ദ് അടുത്തയിടെയാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. പട്ടേല്‍ നഗറില്‍ അദ്ദേഹം ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു.
കൃഷ്‌ണ തിരഥ്: മുന്‍ എംപിയും മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ കേന്ദ്ര മന്ത്രിയുമായിരുന്ന കൃഷ്‌ണ തിരഥ് ആണ് പട്ടേല്‍ നഗറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.
മനീഷ് സിസോദിയ: ജങ്ങ്പുരയില്‍ ആംആദ്‌മി സ്ഥാനാര്‍ഥിയാണ് മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി കൂടിയായ മനീഷ് സിസോദിയ. ഡല്‍ഹി മദ്യ അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ഏറെക്കാലത്തെ ജയില്‍വാസത്തിന് ശേഷമാണ് മനീഷ് സിസോദിയ ഇത്തവണ മത്സര രംഗത്തിറങ്ങുന്നത്.
തര്‍വീന്ദര്‍ സിങ് മാര്‍വ: ജങ്ങ്പുരയില്‍ മനീഷ് സിസോദിയയെ നേരിടാന്‍ ബിജെപി രംഗത്തിറക്കിയിരിക്കുന്നത് മൂന്ന് തവണ എംഎല്‍എയായിരുന്ന തര്‍വീന്ദര്‍ സിങ് മാര്‍വയെയാണ്. മുന്‍ ഡല്‍ഹി മേയര്‍ ഫര്‍ഹദ് സൂരിയാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.
സോംനാഥ് ഭാരതി: ആംആദ്‌മി പാര്‍ട്ടി നേതാവായ സോംനാഥ് ഭാരതി മാളവ്യ നഗറില്‍ ആപ് സ്ഥാനാര്‍ഥിയാണ്. സതീഷ് ഉപാധ്യയ ജിതേന്ദ്രയാണ് ഇവിടെ അദ്ദേഹത്തിനെ നേരിടാന്‍ ബിജെപി സ്ഥാനാര്‍ഥിയായി രംഗത്തുള്ളത്. മുന്‍ എന്‍ഡിഎംസി വൈസ് ചെയര്‍മാനാണ് സതീഷ് ഉപാധ്യയ.
അതിഷി: ഡല്‍ഹിയുടെ എട്ടാമത് മുഖ്യമന്ത്രിയായ അതിഷി കല്‍ക്കാജിയില്‍ നിന്ന് ജനവിധി തേടുന്നു. മുന്‍ എംപിയും അഭിഭാഷകനുമായ രമേഷ് ബിദുരിയാണ് ഇവിടെ അതിഷിയെ നേരിടുന്ന ബിജെപി സ്ഥാനാര്‍ഥി. അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ അല്‍ക്ക ലാമ്പയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സര രംഗത്തുണ്ട്.
ഗ്രേറ്റര്‍ കൈലാഷില്‍ മത്സരിക്കുന്ന മന്ത്രി സൗരഭ് ഭരദ്വാജ്, ബാബര്‍പൂരില്‍ മത്സരിക്കുന്ന മന്ത്രി ഗോപാല്‍ റായ് ബല്ലിമാരനില്‍ മത്സരിക്കുന്ന ഇമ്രാന്‍ ഹുസൈന്‍ എന്നിവരും മത്സരിക്കുന്ന പ്രമുഖരില്‍പ്പെടും. ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ദേവേന്ദര്‍ യാദവ് ബദ്ലിയില്‍ ജനവിധി തേടുന്നു. രോഹിണിയില്‍ ജനവിധി തേടുന്ന ബിജെപി നേതാവ് വിജേന്ദര്‍ ഗുപ്‌തയാണ് മറ്റൊരു പ്രമുഖന്‍. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവും നിലവില്‍ രോഹിണിയില്‍ നിന്നുള്ള നിയമസഭാംഗവുമാണ് വിജേന്ദര്‍ ഗുപ്‌ത. മുന്‍ മന്ത്രിയും ആപ് നേതാവുമായ സത്യേന്ദ്ര ജയിന്‍ ഷാകൂര്‍ ബസ്‌തിയില്‍ നിന്ന് മത്സരിക്കുന്നു.