തിരുവനന്തപുരം: നൂറു രൂപ ക്ഷേമ പെന്‍ഷന്‍ കൂട്ടാന്‍ തയാറാകാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍, പുതിയ 100 കാറുകള്‍ വാങ്ങുന്നത് അങ്ങേയറ്റം ജനവിരുദ്ധമാണെന്ന് കെപിസിസി പ്രസിഡൻ്റ് കെ.സുധാകരന്‍ എംപി. വലിയ ആശ്വാസ നടപടികള്‍ ഉണ്ടാകുമെന്ന് പ്രചാരണം നടത്തി മല പോലെ വന്ന് എലി പോലെ പോയ ബജറ്റാണിത്. ജനങ്ങളുടെ മേല്‍ അവസാനത്തെ ആണിയും അടിച്ച ശേഷമുള്ള പോക്കാണിത്. ക്ഷേമ പെന്‍ഷന്‍ 2500 രൂപയാക്കുമെന്നു വാഗ്‌ദാനം ചെയ്‌ത് അധികാരമേറ്റ പിണറായി സര്‍ക്കാര്‍ അഞ്ച് വര്‍ഷമായി ഒരു രൂപ പോലും ക്ഷേമ പെന്‍ഷന്‍ കൂട്ടിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഭൂമി സാധാരണക്കാര്‍ക്ക് ബാധ്യതയായിരിക്കുമ്പോഴാണ് ഭൂനികുതി കുത്തനെ കൂട്ടിയത്. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കൂട്ടിയത് കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാനുള്ള കേരളത്തിൻ്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തെക്കുറിച്ച് നിശബ്‌ദത പാലിച്ച് അവരെ വഞ്ചിച്ചു. അവരുടെ പല ആനുകൂല്യങ്ങളും തടഞ്ഞുവച്ചിരിക്കുകയാണ്.
കിഫ്ബിയെ വരുമാനമുള്ളതാക്കി മാറ്റുമെന്ന പ്രഖ്യാപനം ടോള്‍ നടപ്പാക്കുന്നതിൻ്റെ മുന്നോടിയാണ്. അതിനെ ശക്തമായി എതിര്‍ക്കുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. പിണറായി വിജയൻ്റെ അവസാനത്തെ ബജറ്റാണിതെന്നത് മാത്രമാണ് ഏക ആശ്വാസം. ഇനിയൊരു ബജറ്റ് അവതരിപ്പിക്കാന്‍ ഇടതുമുന്നണിക്ക് അവസരം നൽകില്ലെന്ന് ഉറപ്പിക്കാനുള്ള അവസരം കൂടിയാണിതെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.
![KERALA BUDGET 2025 K SUDHAKARAN MP കേരള ബജറ്റ് 2025 KC VENUGOPAL ABOUT BUDGET](https://etvbharatimages.akamaized.net/etvbharat/prod-images/07-02-2025/23495517_niyamasabha-2.jpg)
യാഥാര്‍ഥ്യങ്ങളോടും വസ്‌തുതകളോടും പൊരുത്തപ്പെടാത്ത ബജറ്റെന്ന് കെ സി വേണുഗോപാല്‍
യാഥാര്‍ഥ്യങ്ങളോടും വസ്‌തുതകളോടും ചേര്‍ന്ന് നില്‍ക്കാത്തതും ദിശാബോധമില്ലാത്തതുമായ ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി വിഹിതത്തിന് പോലും നല്‍കാന്‍ പണമില്ലാതെ, നീക്കിവച്ച തുക വെട്ടിക്കുറച്ച സര്‍ക്കാരാണ് കേരളം രൂക്ഷമായ ധനഞെരുക്കത്തെ അതിജീവിച്ചെന്ന് ഗീര്‍വാണമടിക്കുന്നത്.
കിഫ്ബി ജനത്തിന് ബാധ്യത ആകുമെന്ന സൂചനയാണ്, ഇതുവഴി നടപ്പാക്കുന്ന പദ്ധതികളില്‍ വരുമാന മാര്‍ഗം കണ്ടെത്തുന്നതിന് സര്‍ക്കാര്‍ സാധ്യത തേടുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം. ഭൂനികുതി 50 ശതമാനം ഉയര്‍ത്തിയ നടപടി അംഗീകരിക്കാനാവില്ല. പാവപ്പെട്ടവനെ പിഴിയുന്ന നടപടിയാണിതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
![KERALA BUDGET 2025 K SUDHAKARAN MP കേരള ബജറ്റ് 2025 KC VENUGOPAL ABOUT BUDGET](https://etvbharatimages.akamaized.net/etvbharat/prod-images/07-02-2025/23495517_nm.jpg)
ഈ ബജറ്റില്‍ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ക്കായി പ്രഖ്യാപിച്ച തുക നിലവിലുള്ള കടബാധ്യത തീര്‍ക്കാന്‍ മാത്രം ഉള്ളതാണ്. സര്‍ക്കാര്‍ ജീവനക്കാര്‍, ക്ഷേമ പെന്‍ഷന്‍, കരാറുകാര്‍ എന്നിവ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലായി ഒരു ലക്ഷം കോടിയോളം രൂപയുടെ കടബാധ്യതയാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. സംസ്ഥാനത്തിൻ്റെ കടുത്ത സാമ്പത്തിക പ്രതിസന്ധി മറച്ചുവച്ചാണ് ധനമന്ത്രി വാചോടാപം നടത്തുന്നതെന്നും കെസി വേണുഗോപാല്‍ പരിഹസിച്ചു.
കഴിഞ്ഞ നാല് വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച പകുതി പദ്ധതികള്‍ പോലും നടപ്പാക്കിയില്ല. പദ്ധതി തുക വിനിയോഗം എല്ലാ വകുപ്പിലും 50 ശതമാനത്തിലും താഴെയാണെന്നതാണ് വസ്‌തുത. ഗ്രാന്‍ഡും പദ്ധതിവിഹിതവും വെട്ടിക്കുറച്ച് കൊണ്ട് കഴിഞ്ഞ മൂന്ന് വര്‍ഷമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ സാമ്പത്തിക ഉപരോധം നടപ്പാക്കിയിട്ട് ഇത്തവണ തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം ഉയര്‍ത്തിയത് ആത്മാര്‍ഥതയില്ലാത്ത നടപടി. ശമ്പളവും പെന്‍ഷനും നല്‍കാന്‍ പോലും കടമെടുക്കണമെന്നതാണ് കേരള ഖജനാവിൻ്റെ യഥാര്‍ഥ സ്ഥിതിയെന്നും കെസി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
Also Read: ഇലക്‌ട്രിക് വാഹനങ്ങളുടെ നികുതി വർധിപ്പിച്ചു; വിലയുടെ അടിസ്ഥാനത്തില്‍ പുനക്രമീകരിക്കുമെന്ന് മന്ത്രി