ലഖ്‌നൗ: ഏഴ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 21-കാരനെ അറസ്റ്റ് ചെയ്‌ത് പൊലീസ്. ഉത്തർപ്രദേശിലെ ഇറ്റാവയിലാണ് സംഭവം. അങ്കുർ എന്നയാളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
ഔറയ്യ റോഡിലെ ഒരു ഗസ്റ്റ് ഹൗസിൽ നടന്ന വിവാഹ ആഘോഷത്തിനിടെയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാവത്ത പെണ്‍കുട്ടിയെ ചോക്ലേറ്റ് നൽകി പ്രലോഭിപ്പിച്ച് ഇയാള്‍ അടുത്തുള്ള ഒരു വയലിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇവിടെ വച്ചാണ് ക്രൂര പീഡനം നടന്നത്.
കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങൾ നടത്തിയ തിരച്ചിലില്‍ പെൺകുട്ടി അങ്കുറിനൊപ്പം വയലിൽ നിന്ന് മടങ്ങുന്നത് കണ്ടു. പെണ്‍കുട്ടിക്ക് രക്തസ്രാവമുണ്ടായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്ന ആളുകൾ ഉടൻ തന്നെ പ്രതിയെ പിടികൂടി പൊലീസിൽ അറിയിച്ചു.
പെൺകുട്ടിയെ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രഥമശുശ്രൂഷ നൽകിയ ശേഷം, പരിക്കുകളുടെ തീവ്രത കാരണം വിദഗ്‌ധ ചികിത്സയ്‌ക്കായി സൈഫായ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലേക്ക് റഫര്‍ ചെയ്‌തതായും പൊലീസ് കൂട്ടിച്ചേര്‍ത്തു. കേസിൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് (റൂറൽ) സത്യപാൽ സിങ്ങും ബകേവാർ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ഭൂപേന്ദ്ര സിങ് രതിയുമാണ് അന്വേഷണം നടത്തുന്നത്.
പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഇറ്റാവ സീനിയർ പൊലീസ് സൂപ്രണ്ട് (എസ്‌എസ്‌പി) സഞ്ജയ് കുമാർ വർമ പറഞ്ഞു. "ബാക്കേവാർ പ്രദേശത്തെ ഒരു ഗസ്റ്റ് ഹൗസിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ കുടുംബത്തോടൊപ്പം എത്തിയതാണ് പെൺകുട്ടി. പ്രതി അങ്കുർ അവളെ വശീകരിച്ച് ബലാത്സംഗം ചെയ്‌തതായി പരാതിയുണ്ട്.
ALSO READ: യുവതിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍
കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ഞങ്ങൾ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. പ്രതി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. പെൺകുട്ടിയെ ചികിത്സയ്ക്കായി സൈഫായ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലേക്ക് മാറ്റിയിട്ടുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിക്കാൻ പൊലീസും ഫോറൻസിക് സംഘവും ശ്രമം നടത്തുന്നുണ്ട്. പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കും" - അദ്ദേഹം വ്യക്തമാക്കി.