ബേസിൽ ജോസഫ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് 'പൊന്‍മാന്‍'. ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്‌ത ചിത്രം തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്. സിനിമയുടെ വിജയത്തില്‍ ഇടിവി ഭാരതിനോട് വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ ജ്യോതിഷ് ശങ്കർ.
മലയാള സിനിമയിലെ പ്രശസ്‌തനായ കലാ സംവിധായകനാണ് ജ്യോതിഷ് ശങ്കർ. 'ഭ്രമയുഗം', 'ന്നാ താൻ കേസ് കൊട്', 'വൈറസ്', 'കുമ്പളങ്ങി നൈറ്റ്സ്' തുടങ്ങി നിരവധി ഹിറ്റുകള്‍ക്ക് കലാ സംവിധാനം നിര്‍വ്വഹിച്ച ജ്യോതിഷിന്‍റെ ആദ്യ സംവിധാന സംരംഭമാണ് 'പൊന്‍മാന്‍'. സിനിമയില്‍ കലാസംവിധായകനായുള്ള യാത്രയ്‌ക്കിടെയാണ് ജ്യോതിഷ് ശങ്കറിന്‍റെ ആദ്യ സംവിധാന സംരംഭം.
ജിആർ ഇന്ദുഗോപൻ രചിച്ച 'നാലഞ്ചു ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്‌പദമാക്കി ഒരുക്കിയ ചിത്രമാണ് 'പൊന്‍മാൻ'. കേരളത്തിലെ കൊല്ലം ജില്ലയില്‍ നടന്ന യഥാർത്ഥ സംഭവത്തെ ആസ്‌പദമാക്കിയുള്ളതാണ് നോവൽ. നോവലിൽ പ്രതിപാദിച്ചിരിക്കുന്ന നാലഞ്ചു ചെറുപ്പക്കാരിൽ ഒരാൾ സംവിധായകനായ ജ്യോതിഷ് ശങ്കർ ആണ്. ഇത്തരമൊരു വൈകാരിക ബന്ധം കൂടി ഈ കഥയ്‌ക്ക് പിന്നില്‍ ഉള്ളതുകൊണ്ടാണ് ഈ ചിത്രം താന്‍ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചതെന്ന് ജ്യോതിഷ് ശങ്കർ വെളിപ്പെടുത്തി.
തന്‍റെ ജീവിതത്തിൽ നടന്ന സംഭവങ്ങളാണ് 'പൊന്‍മാന്‍റെ' കഥ എന്നാണ് സംവിധായകന്‍ പറയുന്നത്. "സ്ത്രീധനം എന്ന വിഷയം ഒരു പെൺകുട്ടിയെ എങ്ങനെ ബാധിക്കുന്നു? അത് ആരെയൊക്കെ ബാധിക്കുന്നു? ഈയൊരു സാമൂഹിക വിഷയത്തെ പ്രതിപാദിച്ച് കൊണ്ടുള്ള സാധാരണക്കാരുടെ സിനിമയാണ് പൊന്‍മാൻ. സിനിമ ജനങ്ങൾ ഏറ്റെടുത്തു എന്നറിയുന്നതിൽ വളരെയധികം സന്തോഷം. ജിആർ ഇന്ദുഗോപന്‍റെ നാലഞ്ചു ചെറുപ്പക്കാർ എന്ന നോവലിനെ ആസ്‌പദമാക്കിയാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്," ജ്യോതിഷ് ശങ്കർ പറഞ്ഞു.
വിവാഹവുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയിലെ ചില പ്രദേശങ്ങളിൽ നിലനിൽക്കുന്ന ഒരു സമ്പ്രദായത്തെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. "കല്യാണത്തിന് സ്ത്രീധന പൊന്ന് തികഞ്ഞില്ലെങ്കിൽ ആവശ്യമുള്ള പൊന്ന് തട്ടാൻ കടമായി നൽകും. കല്യാണത്തിന് വരുന്ന അതിഥികളില്‍ നിന്നും ലഭിക്കുന്ന സംഭാവന തുകയിൽ നിന്നാണ് തട്ടാന് ലഭിക്കാനുള്ള പൊന്നിന്‍റെ പണം നൽകുന്നത്," സംവിധായകന്‍ പറഞ്ഞു.
പൊന്‍മാന്‍ സിനിമയ്ക്ക് ആസ്‌പദമായ സംഭവം നടക്കുമ്പോൾ തട്ടാൻ നൽകിയ പൊന്നിന്‍റെ വിലയ്ക്ക് സമാനമായൊരു തുക കല്യാണ സംഭാവനയായി പിരിഞ്ഞു കിട്ടിയിരുന്നില്ല. ഇതേക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
"പണം നൽകിയില്ലെങ്കിൽ പൊന്നു തിരിച്ചു കൊടുക്കണം. പക്ഷേ പൊന്നു തിരിച്ചുകൊടുക്കാൻ പെണ്ണിന്‍റെ വീട്ടുകാർക്ക് ആയില്ല. പൊന്ന് തിരികെ നൽകാൻ കല്യാണ ചെക്കനും തയ്യാറായില്ല. തട്ടാൻ മറ്റ് പല സ്ഥലത്ത് നിന്നും സംഘടിപ്പിച്ച സ്വർണ്ണമാണ് ഇവർക്ക് നൽകിയത്. അയാൾക്ക് പണം ലഭിച്ചേ മതിയാകൂ. അല്ലങ്കിൽ നൽകിയ പൊന്ന് തിരികെ വേണം. അതിന് അയാൾ എന്തും ചെയ്യും. ഈ സംഭവ വികാസങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്. പൊന്ന് തിരിച്ചു പിടിക്കാൻ പോകുന്ന തട്ടാനായി ബേസിൽ ജോസഫും ക്രൂരനായ മണവാള ചെക്കനായി സജിൻ ഗോപുവുമാണ് ഈ സിനിമയിൽ വേഷമിട്ടിരിക്കുന്നത്," ജ്യോതിഷ് ശങ്കർ വിശദീകരിച്ചു.
ഈ സംഭവം താൻ ജിആർ ഇന്ദുഗോപനോട് പറഞ്ഞപ്പോൾ അദ്ദേഹം അത് ഉൾക്കൊണ്ട് നോവലാക്കിയെന്നും ജ്യോതിഷ് സങ്കര്‍ പറഞ്ഞു. "ഞാനൊരു കുട്ടനാടുകാരൻ ആണെങ്കിലും കൊല്ലം ജില്ലയുമായി വൈകാരികമായി അടുപ്പമുണ്ട്. ഫൈൻ ആർട്‌സ് കോളേജിലെ പഠനത്തിന് ശേഷം ഞങ്ങൾ കുറച്ച് സുഹൃത്തുക്കൾ ഒരുമിച്ച് കൂടിയത് കൊല്ലത്താണ്. ഞങ്ങളുടെ സുഹൃത്ത് കൂട്ടായ്‌മയ്‌ക്ക് മോന്തായം എന്നായിരുന്നു പേര്. വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ നടത്താൻ പോയ ഒരു കല്യാണത്തിന് സംഭവിച്ചതാണ് ഇതൊക്കെ," അദ്ദേഹം വ്യക്‌തമാക്കി.
സംവിധാന മോഹവുമായാണ് താന്‍ മലയാള സിനിമയിലേക്ക് കടന്നുവരുന്നതെന്നും അദ്ദേഹം തുറന്നു പറഞ്ഞു. "ആദ്യം സഹ സംവിധായകനാകാനുള്ള ശ്രമമായിരുന്നു. പക്ഷേ ഒരു കലാസംവിധായകന്‍ ആകാനായിരുന്നു വിധി. 55 ഓളം ചിത്രങ്ങൾക്ക് കലാസംവിധാനം നിർവ്വഹിച്ചു. കലാസംവിധായകനായുള്ള യാത്രയിലാണ് ഈ നോവൽ സിനിമ ആക്കാനുള്ള ചിന്ത ഉണരുന്നത്. എട്ട് വർഷത്തെ ദീർഘ യാത്രയാണ് പൊന്‍മാൻ എന്ന ചിത്രം. ഞാനും എഴുത്തുകാരൻ ജിആർ ഇന്ദുഗോപനും, ഛായാഗ്രാഹകൻ സാനു ജോൺ വർഗീസും ഏകദേശം എട്ട് വർഷം പണിയെടുത്തിട്ടുണ്ട് ഈ സിനിമ സാക്ഷാത്കരിക്കാൻ. ഞങ്ങൾ മൂന്ന് പേരും ഒന്നിച്ചാണ് ഈ സിനിമയ്ക്ക് തുടക്കം കുറിക്കുന്നത്. പക്ഷേ ഈ വർഷങ്ങള്‍ക്കിടയില്‍ ഞങ്ങൾ വേറെയും ജോലികൾ ചെയ്‌തിരുന്നു," ജ്യോതിഷ് ശങ്കർ പറഞ്ഞു.
കേരളത്തിലെ ആഗോള നിലവാരമുള്ള ഒരു ടൂറിസ്‌റ്റ് ഡെസ്‌റ്റിനേഷനാണ് കൊല്ലം ജില്ലയിലെ മൻറോ തുരുത്ത് എന്നാണ് സംവിധായകന്‍ പറയുന്നത്. 'പൊന്‍മാൻ' എന്ന സിനിമ റിലീസായ ശേഷം ഇവിടെ സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തില്‍ സജിൻ ഗോപു അവതരിപ്പിച്ച മരിയാനൊ എന്ന കഥാപാത്രത്തിന്‍റെ ഗ്രാമമായി ചിത്രീകരിച്ചിരിക്കുന്നത് മൻഡ്രോതുരുത്ത് ആണെന്നും അദ്ദേഹം വ്യക്‌തമാക്കി.
"മൻറോ തുരുത്ത് എന്ന സ്ഥലവുമായി എനിക്കൊരു 20 വർഷത്തെ വൈകാരികമായ ബന്ധമുണ്ട്. ഇവിടത്തെ ആളുകളുടെ ജീവിതവും സ്വഭാവവുമെല്ലാം കൃത്യമായി ധാരണയുള്ള കാര്യങ്ങളാണ്. പിന്നെ ഇവിടെ നടന്ന കഥയും. അതുകൊണ്ട് തന്നെ ഈ ചിത്രം കൊല്ലത്ത് തന്നെ ചിത്രീകരിക്കണം എന്നത് ഒരു വാശിയായിരുന്നു. കഥയ്ക്ക് യോജിച്ച ലൊക്കേഷനുകളായിരുന്നു കൊല്ലത്ത് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഒരു സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി ഒരുപാട് മാറ്റങ്ങൾ വരുത്തേണ്ടി വന്നില്ല. കൊല്ലത്ത് കടലും ഉണ്ട്, കായലും ഉണ്ട്," സംവിധായകന്‍ പറഞ്ഞു.
പൊന്‍മാനിലെ സ്‌ത്രീ കഥാപാത്രത്തെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. "ഈ കഥയിലെ സ്ത്രീ കഥാപാത്രമായ സ്‌റ്റെഫി 30 വയസ്സ് കഴിഞ്ഞ് നിൽക്കുന്ന സ്ത്രീയാണ്. കടലോര മേഖലയിലാണ് താമസം. കല്യാണം കഴിഞ്ഞില്ലെങ്കിൽ ഒരു പ്രായം കഴിയുമ്പോൾ സാധാരണക്കാരായ എല്ലാ സ്ത്രീകളുടെയും ചിന്ത ഈ നരകത്തിൽ നിന്നും എങ്ങോട്ടെങ്കിലും പോയാൽ മതിയെന്നാകും. വിവാഹത്തോടെ കടപ്പുറത്ത് നിന്നും കായൽക്കരയിലേക്ക് ചേക്കേറുന്ന സ്‌റ്റെഫിയുടെ ജീവിതത്തിൽ സ്വർണ്ണം വില്ലനാകുമ്പോൾ കുഴിയിൽ നിന്നും അവൾ പടുകുഴിയിലേക്കാണ് ചെന്നെത്തുന്നത്. അവളുടെ കഥാപാത്രത്തിന്‍റെ രണ്ട് വശങ്ങളും കൊല്ലത്ത് കൃത്യമായി ചിത്രീകരിക്കാം. ലൊക്കേഷനുകൾ മാറുന്നതിന് ഒരുപാട് ദൂരം സഞ്ചരിക്കേണ്ട ആവശ്യവുമില്ല. അക്ഷരാർത്ഥത്തിൽ സിനിമ പറയുന്നത് സ്‌റ്റെഫി എന്ന കഥാപാത്രത്തിന്‍റെ ഉയർത്തെഴുന്നേൽപ്പ് കൂടിയാണ്. സിനിമ കാണുകയാണെങ്കിൽ കുറച്ചുകൂടി വൈകാരികമായി നിങ്ങൾക്ക് ഈ കാര്യങ്ങൾ ബോധ്യപ്പെടും," ജ്യോതിഷ് ശങ്കർ പറഞ്ഞു.
മാസ് ഡയലോഗുകൾ പറയുന്ന ബേസിൽ ജോസഫ്..
"ബേസിൽ ജോസഫ് മാസ് ഡയലോഗുകൾ പറയുമോ എന്നുള്ളതായിരുന്നു എല്ലാവരുടെയും ഒരു ഭയം. അജേഷ് എന്ന കഥാപാത്രം വളരെ സാധാരണക്കാരനാണ്. അയാൾ ഹൃദയത്തിൽ തട്ടിപ്പറയുന്ന ചില വാക്കുകളാണ് പ്രേക്ഷകർക്ക് മാസ് ഡയലോഗ് പോലെ ഫീൽ ചെയ്‌തത്. അതൊരു സാധാരണക്കാരൻ പറയുന്നതാണ്. മോഹൻലാലും, മമ്മൂട്ടിയും, സുരേഷ് ഗോപിയും സ്ക്രീനിൽ പറയുന്ന തീപ്പൊരി ഡയലോഗുകളുമായി അതിന് ബന്ധമില്ല. ഒരു സാധാരണക്കാരന്‍റെ മാസ് ഡയലോഗ് പറയാൻ ബേസിലിനോളം പോന്ന മറ്റൊരു നടൻ മലയാളത്തിൽ വേറെയില്ല. ഈ സിനിമയെ സംബന്ധിച്ചിടത്തോളം രണ്ട് ഭാഗ്യങ്ങളാണ്. ഒന്ന് ജിആർ ഇന്ദുഗോപൻ ഈ കഥ എഴുതാൻ തീരുമാനിച്ചത്. രണ്ട് ഈ സിനിമ ചെയ്യാൻ ബേസിൽ ജോസഫ് സമ്മതിച്ചത്. ഇത് രണ്ടും സംഭവിച്ചില്ലായിരുന്നെങ്കിൽ പൊന്‍മാൻ എന്ന സിനിമ ഉണ്ടാകില്ലായിരുന്നു," സംവിധായകന്‍ വ്യക്‌തമാക്കി.
പൊന്‍മാനില്‍ അജേഷ് എന്ന കഥാപാത്രത്തെയാണ് ബേസില്‍ ജോസഫ് അവതരിപ്പിച്ചത്. ഈ സിനിമയ്ക്ക് ആസ്‌പദമായ സംഭവം നടന്ന ശേഷം അജേഷ് എന്ന യഥാർത്ഥ വ്യക്‌തിയെ ആരും കണ്ടിട്ടില്ലെന്നാണ് സംവിധായകന്‍ പറയുന്നത്. അതേസമയം അജേഷിനെ തേടിയുള്ള യാത്രയിലാണിപ്പോള്‍ ബേസിൽ. അയാളെ കണ്ടെത്തണമെന്ന് ബേസിൽ ആത്‌മാർത്ഥമായി ആഗ്രഹിക്കുന്നുവെന്നും അയാൾക്ക് സംഭവിച്ച നഷ്‌ടങ്ങൾ നികത്താൻ ബേസിൽ ജോസഫ് തയ്യാറാണെന്നും സംവിധായകൻ വ്യക്‌തമാക്കി.
സജിൻ ഗോപു പൊന്‍മാനിലേക്ക് എത്തിയതിനെ കുറിച്ചും അദ്ദേഹം വിശദമാക്കി. " ഈ സിനിമയുടെ നിർമ്മാതാവായ അജിത്ത് വിനായകയാണ് സജിൻ ഗോപുവിനെ മരിയാനൊയുടെ കഥാപാത്രത്തിന് വേണ്ടി നിർദേശിച്ചത്. പക്ഷേ അപ്പോൾ ആവേശം എന്ന ചിത്രം റിലീസ് ആയിരുന്നില്ല. ചുരുളി എന്ന ചിത്രത്തിൽ ഞാൻ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. ജാനേമനിലും അയാളുടെ പ്രകടനം ഞാൻ ശ്രദ്ധിച്ചിരുന്നു. ഞാൻ കഥ പറയാൻ ചെല്ലുമ്പോൾ സജിൻ നാലഞ്ച് ചെറുപ്പക്കാർ എന്ന നോവൽ വായിച്ചിരുന്നില്ല. കഥ പറഞ്ഞ് തുടങ്ങി 10 മിനിറ്റ് കഴിഞ്ഞപ്പോഴേ സജിന് കഥാപാത്രത്തെ ഇഷ്‌ടപ്പെട്ടു. ഞാൻ ചെയ്തോളാം ചേട്ടാ എന്നാണ് അയാള്‍ മറുപടി പറഞ്ഞത്. അയാളുടെ വൈബ് പൊളിയായിരുന്നു. പിന്നീടാണ് സജിൻ നോവൽ വായിക്കുന്നത്. മൻറോ തുരുത്തിലെ മത്സ്യത്തൊഴിലാളികളുടെ ഇടയിലൂടെ നടന്നും അവർക്കൊപ്പം ജീവിച്ചുമാണ് മരിയാനൊയുടെ കഥാപാത്രത്തെ സജിൻ ഉൾക്കൊണ്ടത്," ജ്യോതിഷ് ശങ്കർ പറഞ്ഞു.
പൊന്‍മാനിലെ സജിന്‍ ഗോപുവിന്‍റെ കഥാപാത്രത്തെ കുറിച്ചും സംവിധായകന്‍ വിശദീകരിച്ചു. "ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ച ശേഷമാണ് ആവേശം റിലീസാകുന്നത്. ആവേശത്തിൽ എക്‌സ്‌ട്രീം കോമഡി കഥാപാത്രം ആണെങ്കിൽ ഈ സിനിമയിൽ സജിൻ എക്‌സ്‌ട്രീം വില്ലനാണ്. അയാൾക്ക് വ്യത്യസ്‌തതയുള്ള കഥാപാത്രങ്ങൾ മലയാളത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്നു. കിട്ടുന്ന കഥാപാത്രങ്ങളെ വളരെ മനോഹരമായാണ് അയാൾ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ പൈങ്കിളി എന്ന സിനിമയിൽ എക്‌സ്‌ട്രീം പ്രണയ നായകനായും എത്തുന്നു. അയാൾ പൊളിയാണ്," ജ്യോതിഷ് ശങ്കർ വ്യക്‌തമാക്കി.
ജീവിതത്തിൽ കണ്ട മറ്റൊരു കാഴ്‌ച്ച പൊന്‍മാനില്‍ ഉൾപ്പെടുത്തിയതിനെ കുറിച്ചും സംവിധായകൻ വ്യക്‌തമാക്കി. "മൺറോ തുരുത്ത് എന്ന ഗ്രാമത്തിലെ വീടുകൾ പലപ്പോഴായി സന്ദർശിച്ചിട്ടുണ്ട്. അവിടെയൊക്കെ എല്ലാ വീട്ടിലേക്കും പോകുന്ന വഴികളിൽ ചെളിയാണ്. വേലിയേറ്റ സമയമായാൽ മൺറോ തുരുത്ത് ചെളി കൊണ്ട് നിറയും. ആ ചെളിയിലൂടെ ആളുകൾക്ക് നടക്കാൻ ഹോളോബ്രിക്‌സ് കല്ലുകൾ കൊണ്ടിടും. ആ കല്ലുകളിലൂടെ നടന്നാണ് ആളുകൾ വീട്ടിലേക്ക് കയറുക. ഈ കാര്യം അതുപോലെ പൊന്‍മാൻ എന്ന സിനിമയിലെ കല്യാണ സീനിൽ കാണിച്ചിട്ടുണ്ട്. പൊന്‍മാൻ എന്ന സിനിമയിലെ ഓരോ നിമിഷവും കൊല്ലം ജില്ലയുടെ ആത്‌മാവിൽ നിന്നും അടർത്തിയെടുത്ത കാര്യങ്ങളാണ്," ജ്യോതിഷ് ശങ്കർ പറഞ്ഞു.