ചെന്നൈ: പാര്‍ട്ടികളുടെ ആഭ്യന്തര വിഷയങ്ങള്‍ അന്വേഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്ന് തമിഴ്‌നാട് മുന്‍മന്ത്രിയും എഐഎഡിഎംകെയുടെ രാജ്യസഭാംഗവുമായ സി വി ഷണ്‍മുഖം. എഐഎഡിഎംകെയുടെ ആഭ്യന്തര വിഷയങ്ങള്‍ അന്വേഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിയ മദ്രാസ് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനമായ റോയല്‍പേട്ടിലുള്ള എംജിആര്‍ മാന്‍ഷനില്‍ വച്ചാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായി കൂടിക്കാഴ്‌ച നടത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവരും പാര്‍ട്ടിയംഗങ്ങളല്ലാത്തവരുമാണ് എഐഎഡിഎംകെയുടെ പേരില്‍ പരാതി നല്‍കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരാതിക്കാരനായ സൂര്യമൂര്‍ത്തി എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനി സ്വാമിക്കെതിരെ മത്സരിച്ച ആളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരണം ആരാഞ്ഞപ്പോള്‍ 23/12/2024ന് തങ്ങള്‍ മറുപടി അറിയിച്ചതുമാണ്.
എഐഎഡിഎംകെയ്ക്ക് രണ്ടില ചിഹ്നത്തില്‍ മത്സരിക്കാന്‍ അനുവാദം നല്‍കരുതെന്ന് ആവശ്യപ്പെട്ടാണ് ഡിണ്ടിഗല്‍ സ്വദേശിയായ സൂര്യമൂര്‍ത്തി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. 2024 ഡിസംബര്‍ നാലിന് കേസ് പരിഗണിച്ച കോടതി വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുമാസത്തിനകം തീരുമാനമെടുക്കണമെന്ന് നിര്‍ദേശിച്ചു. പിന്നീട് രണ്ടില ചിഹ്നത്തില്‍ ഒ പനീര്‍സെല്‍വം, എടപ്പാടി പളനി സ്വാമി തുടങ്ങിയ മറ്റുള്ളവരുടെ പരാതികള്‍ കൂടി പരിഗണിക്കാനും കോടതി ഉത്തരവിട്ടു.
സൂര്യമൂര്‍ത്തി എഐഎഡിഎംകെ അംഗമല്ല. അത് കൊണ്ട് തന്നെ അയാളുടെ പരാതി സ്വീകരിക്കരുതെന്നും തങ്ങള്‍ കമ്മീഷനോട് നിര്‍ദേശിച്ചിരുന്നതാണ്. പാര്‍ട്ടിയംഗമെന്ന നിലയില്‍ പാര്‍ട്ടിയിലെ ആഭ്യന്തര വിഷയങ്ങള്‍ അന്വേഷിക്കണമെന്ന അയാളുടെ പരാതി തെറ്റാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് ഇത് അന്വേഷിക്കാനുള്ള അധികാരവുമില്ലെന്ന് തങ്ങള്‍ വ്യക്തമാക്കിയിരുന്നതാണ്.
തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ട് പിഴവുകള്‍ പറ്റി. സൂര്യമൂര്‍ത്തിയെന്ന് പേരുള്ള ഒരാളാണ് പരാതി നല്‍കിയതെന്ന കാര്യമാണ് ഇതിലൊന്ന്. എഐഎഡിഎംകെ വിശദീകരണം നല്‍കിയിട്ടും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ചിലരുടെ അഭിപ്രായങ്ങള്‍ കമ്മീഷന്‍ കേട്ടുവെന്നതാണ് രണ്ടാമത്തേത്. ഇതിന് പുറമെ അധികാരമില്ലാഞ്ഞിട്ടും കമ്മീഷന്‍ പ്രശ്‌നം അന്വേഷിച്ചു.
ഇതിനെതിരെ തങ്ങള്‍ ഹൈക്കോടതിയില്‍ പരാതിപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതി ഉത്തരവ് ദുരപയോഗം ചെയ്യാന്‍ പോകുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തങ്ങളുടെ പരാതി സ്വീകരിച്ച് കൊണ്ട് കോടതി ആദ്യമേ വ്യക്തമാക്കിയത് ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടോയെന്ന് തീരുമാനിക്കട്ടെ എന്നായിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന് ഗുമസ്‌തപ്പണി മാത്രം
29A നിയമപ്രകാരം പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന പാര്‍ട്ടിയുടെ നിയമങ്ങള്‍ കമ്മീഷന്‍ രേഖപ്പെടുത്തണം. ഇത് ഭരണഘടനയുടെ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നതാണോ എന്ന് പരിശോധിച്ച് ആണെങ്കില്‍ അവര്‍ക്ക് അംഗീകാരം നല്‍കണം.
പാര്‍ട്ടിക്ക് അംഗീകാരം നല്‍കിയാല്‍ പാര്‍ട്ടിയുടെ ചുമതലക്കാര്‍, പാര്‍ട്ടി ഓഫീസ് വിലാസം, ചട്ടങ്ങളിലെ ഭേദഗതി എന്നിവ അറിയിക്കണമെന്നും 29A9ല്‍ പറയുന്നു. എന്നാല്‍ ഇവയൊക്കെ സത്യമാണോയെന്ന് അന്വേഷിക്കാനുള്ള അവകാശം കമ്മീഷനില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേവലം മാറ്റങ്ങള്‍ രേഖപ്പെടുത്തുക മാത്രം ചെയ്‌താല്‍ മതിയെന്നും സി വി ഷണ്‍മുഖം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ജോലി ഗുമസ്‌തപ്പണി മാത്രമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
പാര്‍ട്ടിയുടെ ചട്ടങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടായാല്‍ അന്വേഷിക്കാനുള്ള ചുമതല കോടതിക്ക് മാത്രമാണ്. കമ്മീഷന് ഇക്കാര്യം അന്വേഷിക്കാന്‍ അധികാരമില്ല. പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ തങ്ങള്‍ക്ക് അവകാശമില്ലെന്ന് കമ്മീഷന്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.