കോയമ്പത്തൂർ: ഒരു കാലത്ത് തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനെ വിറപ്പിച്ച കൊമ്പൻ പിൽക്കാലത്ത് നാട്ടിൻ്റെ രക്ഷകനായ കഥ. പറഞ്ഞു വന്നത് 35 വയസുള്ള ചിന്നത്തമ്പി എന്ന് വിളിപ്പേരുള്ള കൊമ്പനാനയെപ്പറ്റിയാണ്. കോയമ്പത്തൂർ ജില്ലയിലെ തടകം, ആനക്കട്ടി, മംഗരൈ എന്നീ മലയോര പ്രദേശവും അതിനോട് ചേർന്ന് കിടക്കുന്ന ഗ്രാമങ്ങള്‍ക്കും ഒരു കാലത്ത് പേടി സ്വപ്‌നമായിരുന്നു ചിന്നത്തമ്പി.
അക്കാലത്ത് ചിന്നത്തമ്പി ആനപ്രേമികള്‍ക്കിടയിൽ ഹീറോ ആയിരുന്നു. കൃത്യമായി പറഞ്ഞാൽ 2019 കാലയളവിൽ ആനപ്രേമികളായ ആരാധകർക്ക് ചിന്നത്തമ്പി കുസൃതിക്കാരനായ കാട്ടാന മാത്രമായിരുന്നു. ആന്നത്തെ കാട്ടാന ആക്രമണത്തിൻ്റെ വീഡിയോകളും ഫോട്ടോകളും ചിന്നത്തമ്പിയുടെ കുസൃതികള്‍ എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
എന്നാൽ ഗ്രാമങ്ങളിലെ കർഷകർക്ക് അത് അത്ര തമാശയായിരുന്നില്ല. നിരന്തരമായ പരാതിയെ തുടർന്ന് 2019-ൽ, ചിന്നത്തമ്പിയെ പിടികൂടാൻ വനം വകുപ്പ് തീരുമാനമെടുത്തു. അന്ന് മയക്കുവെടി കൊണ്ട് വീണ ചിന്നത്തമ്പിക്കൊപ്പം ഉണ്ടായിരുന്ന പിടിയാനയും കുട്ടിയും ചിന്നത്തമ്പിയുടെ അരികിൽ നിന്ന് മാറാതെ നിലയുറപ്പിച്ചതും സോഷ്യൽ മീഡയിലും വാർത്തകളിലും നിറഞ്ഞു നിന്നിരുന്നു.
ഇത്രയും നേരം വായിച്ചത് ചിന്നത്തമ്പിയുടെ കഴിഞ്ഞ കാലം... ഇപ്പോ നിങ്ങളുടെ ഹീറോ എന്തു ചെയ്യുന്നു... അതെ അന്ന് കാടിനെയും നാടിനെയും വിറപ്പിച്ച ചിന്നത്തമ്പി ഇന്ന് ഒരു ദേശത്തിൻ്റെ രക്ഷകനാണ്. കുങ്കി ആനയായി പരിശീലനം ലഭിച്ച ചിന്നത്തമ്പി ഇന്ന് കർഷകർക്കും നാട്ടുകാർക്കുമെല്ലാം രക്ഷകനാണ്. കാടിറങ്ങുന്ന കാട്ടാനകളെ തിരിച്ചോടിക്കാൻ സജ്ജമാണ് ചിന്നത്തമ്പി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചിന്നത്തമ്പിക്ക് കൂട്ടായി പെരിയതമ്പിയും വിനായകനും ഒപ്പമുണ്ട്. ഇവരെല്ലാം ഒരേ കാലയളവിൽ പരിശീലനം നേടിയ കാട്ടാനകളാണ്. മാത്രവുമല്ല ഇവരെല്ലാം കുറച്ച് അക്രമകാരികളുമായിരുന്നു. ശല്യം സഹിക്കവയ്യാതെ വനം വകുപ്പ് പിടികൂടി നല്ല നടപ്പ് പരിശീലിപ്പിച്ച കുങ്കികള്‍. 2007ലാണ് പെരിയതമ്പി കർഷകർക്ക് ഭീഷണിയായി നാട്ടിലിറങ്ങിയത്. ശരവണാംപട്ടിയിലെ ജനവാസ മേഖല വിറപ്പിച്ച പെരിയതമ്പിയെയും മയക്കുവെടി വച്ച് വനപാലകർ പിടികൂടുകയായിരുന്നു. 2018ലാണ് വിനായകൻ്റെ കഥയുടെ തുടക്കം. കർഷകർക്ക് ഭീഷണിയായിരുന്ന വിനായകനെയും വനം വകുപ്പ് പിടികൂടി കുങ്കിയാക്കുകയായിരുന്നു.
വനം വകുപ്പ് പിടികൂടിയ ചിന്നത്തമ്പിയെ വനത്തിലേക്കയച്ചെങ്കിലും ഇവരെല്ലാം നാട് തേടി തിരികെ എത്തുകയായിരുന്നു. ചിന്നത്തമ്പി മൂന്ന് ദിവസം കൊണ്ട് ആനമലയിൽ നിന്ന് 100 കിലോമീറ്റർ നടന്നാണ് ജനവാസ മേഖലയിലെത്തിയത്. ഇതോടെ നാട്ടുകാർ വീണ്ടും ഭീതിയിലാവുകയായിരുന്നു. തുടർന്ന് ചിന്നത്തമ്പിയെയും കുങ്കി പരിശീലനത്തിന് വിടുകയായിരുന്നു. അങ്ങനെ ചിന്നത്തമ്പിയും കൂട്ടുകാരായ പെരിയ തമ്പി, വിനായകൻ എന്നിവരും പരിശീലനം പൂർത്തിയാക്കി.
ഇപ്പോള്‍ ഈ മൂവരും കോയമ്പത്തൂരിലെ തടകം, വരപ്പാളയം പ്രദേശങ്ങളിലെ കാവൽക്കാരാണ്. ജനവാസ മേഖലകളിൽ ഇറങ്ങുന്ന കാട്ടാനകളെ തുരത്തി കാട്ടിലേക്ക് അയക്കുന്നതാണ് ഇവരുടെ പ്രധാന ജോലി.