കോഴിക്കോട്: പോക്സോ കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ പ്രതി മധ്യവയസ്‌കനെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഉണിച്ചിരാം വീട്ടില്‍ സുരേഷ് (55)നാണ് വെട്ടേറ്റത്. സംഭവത്തിൽ കരുവള്ള്യേരി കരുണൻ (54) എന്നയാളെ പൊലീസ് പിടികൂടി. മദ്യപാനത്തിനിടെയാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു.
കരുണൻ്റെ വീട്ടിൽ പണിക്ക് പോയതാണ് സുഹൃത്ത് സുരേഷ്. സുരേഷിനൊപ്പം സുകുമാരൻ എന്നയാളും ഉണ്ടായിരുന്നു. പണി ആയുധം എടുക്കാനായി വീട്ടിൽ പോയി തിരിച്ച് വന്ന സമയത്ത് വീടിന് തൊട്ടടുത്ത ഷെഡിൽ സുരേഷ് ചോരയിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടതെന്നാണ് സുകുമാരൻ മൊഴി നൽകിയത്. എന്നാൽ സുകുമാരൻ, കരുണൻ, സുരേഷ് എന്നിവർ ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമാവുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മുഖത്തും കഴുത്തിലും വെട്ടേറ്റ ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിത്സക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പരിക്കേറ്റ സുരേഷ് ഗുരുതരാവസ്ഥയിൽ കഴിയുകയാണ്.
അതേസമയം കൈയിൽ കൊടുവാളുമായി നിൽക്കുന്ന കരുണനെ കണ്ടുവെന്നും, ഇയാള്‍ വധഭീഷണി മുഴക്കിയതായും ദൃക്‌സാക്ഷി പൊലീസിന് മൊഴി നൽകി. "അവനൊരു പണി കൊടുത്തു, നിനക്കും ഒരു പണിയുണ്ട്" എന്ന് കരുണൻ പറഞ്ഞതായും സുകുമാരൻ സാക്ഷി മൊഴി നൽകി. നാട്ടുകാർ ഓടിയെത്തിയപ്പോള്‍ കരുണൻ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് അന്വേഷണത്തിൽ ഇയാളെ പിടികൂടുകയായിരുന്നു. പോക്സോ കേസിൽ അറസ്റ്റിലായി കണ്ണൂർ ജയിലിലായിരുന്ന കരുണൻ രണ്ട് ദിവസം മുമ്പാണ് പുറത്തിറക്കിയത്.