ന്യൂഡല്‍ഹി: 2025 ജനുവരി മാസത്തെ അഖിലേന്ത്യാ ഉപഭോക്ത്യ വില സൂചിക(സിപിഐ)4.31 ശതമാനമെന്ന് ഔദ്യോഗിക രേഖകള്‍. 2024 ഡിസംബറിലേതില്‍ നിന്ന് 91 അടിസ്ഥാന നിരക്കാണ് കുറഞ്ഞിട്ടുള്ളത്. 2024 ഓഗസ്റ്റിന് ശേഷമുണ്ടായ ഏറ്റവും കുറഞ്ഞ നിരക്കാണിതെന്നും സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു.
അതേസമയം ദേശീയ ഉപഭോക്തൃ വില സൂചികയെക്കാള്‍ വളരെ ഉയര്‍ന്ന നിരക്കാണ് മിക്ക സംസ്ഥാനങ്ങളിലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളം (6.76), ഒഡിഷ(6.05), ഛത്തീസ്‌ഗഡ്(5.85) എന്നീ സംസ്ഥാനങ്ങളാണ് ഉപഭോക്തൃവില സൂചിക പട്ടികയില്‍ ആദ്യമുള്ള സംസ്ഥാനങ്ങള്‍.
ഭക്ഷ്യവിലക്കയറ്റം
സ്ഥിതിവിവര മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷ അഖിലേന്ത്യാ ഉപഭോക്ത്യ ഭക്ഷ്യ വില സൂചിക 2024 ജനുവരിയില്‍ 6.02 ശതമാനമായിരുന്നു. ഇതിന് ആനുപാതികമായി ഗ്രാമീണ-നാഗരിക മേഖലകളില്‍ പണപ്പെരുപ്പം യഥാക്രമം 6.31, 5.53 ശതമാനം എന്നതോതിലായിരുന്നു.
ഭക്ഷ്യവിലപ്പെരുപ്പത്തില്‍ ഡിസംബര്‍ 2024ലേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ 237 അടിസ്ഥാന പോയിന്‍റുകളുടെ ഇടിവുണ്ടായതായാണ് വിലയിരുത്തുന്നത്. 2024 ഓഗസ്റ്റിന് ശേഷമുണ്ടായ ഏറ്റവും കുറഞ്ഞ ഭക്ഷ്യവിലപ്പെരുപ്പമാണ് 2025 ജനുവരിയിലേത്.
ഗ്രാമീണ ഭക്ഷ്യവിലപ്പെരുപ്പം പരിശോധിച്ചാല്‍ ജനുവരിയില്‍ നിര്‍ണായക ഇടിവുണ്ടായിട്ടുണ്ട്. 4.64ശതമാനമാണിത്. ഡിസംബറിലിത് 5.76ശതമാനമായിരുന്നു. ഗ്രാമീണ മേഖലകളിലെ ജനുവരിയിലെ ഭക്ഷ്യവില സൂചിക 6.31ശതമാനമായിരുന്നു. 2024 ഡിസംബറില്‍ ഇത് 8.65ശതമാനമായിരുന്നു.
നാഗരിക പണപ്പെരുപ്പത്തിലും നിര്‍ണായക ഇടിവ് ഉണ്ടായിട്ടുണ്ട്. ഡിസംബറില്‍ 4.58ശതമാനമായിരുന്ന വിലക്കയറ്റം ജനുവരിയില്‍ 3.87ശതമാനമായി കുറഞ്ഞു. സമാനമായ ഇടിവ് ഭക്ഷ്യ വിലക്കയറ്റത്തിലും സംഭവിച്ചിട്ടുണ്ട്. 2024 ഡിസംബറില്‍ 7.9ശതമാനമായിരുന്ന ഭക്ഷ്യവിലക്കയറ്റം 2025 ജനുവരിയില്‍ 5.53ശതമാനമായി കുറഞ്ഞു.
ഭവന വിലക്കയറ്റ നിരക്ക് 2025 ജനുവരിയില്‍ 2.76ശതമാനമാണ്. ഡിസംബറിലിത് 2.71ശതമാനമായിരുന്നു. ഭവന സൂചിക നഗരമേഖലകളിലെ മാത്രമാണ് ലഭ്യമായിട്ടുള്ളത്.
വിദ്യാഭ്യാസ വിലക്കയറ്റ നിരക്ക് 2025 ജനുവരിയില്‍ 3.83ശതമാനമാണ്. ഡിസംബറിലിത് 3.95ശതമാനമായിരുന്നു.
ആരോഗ്യമേഖലയിലെ വിലക്കയറ്റം ജനുവരിയില്‍ 3.97ശതമാനമാണ്. ഡിസംബറിലിത് 4.05ശതമാനമായിരുന്നു. ഇത് നഗര-ഗ്രാമീണ മേഖലകളിലെ സംയുക്ത കണക്കുകളാണ്.
ഗതാഗത വാര്‍ത്താവിനിമയ മേഖലകളിലെ പണപ്പെരുപ്പ നിരക്ക് 2.76ശതമാനമാണ്. 2024 ഡിസംബറില്‍ ഇത് 2.64ശതമാനമായിരുന്നു.
ഭക്ഷ്യവിലക്കയറ്റത്തിലെ മാന്ദ്യമാണ് ഉപഭോക്തൃവിലസൂചിക 4.3ശതമാനമാകാന്‍ കാരണമെന്ന് കെയര്‍ എഡ്‌ജിലെ മുഖ്യ സാമ്പത്തിക വിദഗ്ദ്ധ രജനി സിന്‍ഹ പറഞ്ഞു. അതേസമയം പ്രധാന വിലക്കയറ്റം താഴ്‌ന്ന് തന്നെ തുടരുന്നു. കഴിഞ്ഞ കൊല്ലത്തേതിനെക്കാള്‍ നാല് ശതമാനം കുറവാണ്. അടുത്തിടെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് മൂലമുള്ള സമ്മര്‍ദ്ദം ഇറക്കുമതി വിലക്കയറ്റത്തിന് കാരണമായേക്കാം.
ഭക്ഷ്യ എണ്ണയുടെ വിലക്കയറ്റം രണ്ടക്കത്തിലേക്ക് കടക്കുന്നത് നിരീക്ഷിക്കേണ്ടതുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. റാബി വിളകളായ എണ്ണക്കുരുക്കളുടെയും കസ്റ്റംസ് നികുതിയിലെ വര്‍ദ്ധനമൂലം ആഗോള ഭക്ഷ്യ എണ്ണയുടെയും വിലയിലുണ്ടാകുന്ന വര്‍ദ്ധന ഭക്ഷ്യ എണ്ണ വില സൂചിക വര്‍ദ്ധിപ്പിക്കും. ഇതിന് പുറമെ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളും വില വര്‍ദ്ധനയ്ക്ക് കാരണമാകും.
ഏറ്റവും കൂടുതല്‍ വിലക്കയറ്റം ഉണ്ടായ ചില വസ്‌തുക്കള്‍
വെളിച്ചെണ്ണ (54.20ശതമാനം),
ഉരുളക്കിഴങ്ങ് (49.61ശതമാനം),
തേങ്ങ (38.71ശതമാനം),
വെളുത്തുള്ളി (30.65ശതമാനം)
പരിപ്പുകള്‍ (30.17ശതമാനം)
വിലകുറഞ്ഞ വസ്‌തുക്കള്‍
ജീരകം (-32.25ശതമാനം),
ഇഞ്ചി (-30.92ശതമാനം),
വറ്റല്‍മുളക് (-11.27ശതമാനം),
വഴുതനങ്ങ (-9.94ശതമാനം),
പാചകവാതകം(-9.29ശതമാനം)
ദേശീയ ശരാശരിയെക്കാള്‍ കൂടുതല്‍ ഉപഭോക്തൃവില സൂചിക രേഖപ്പെടുത്തിയ സംസ്ഥാനങ്ങള്‍
കേരളം-6.76
ഒഡിഷ-6.05
ഛത്തീസ്‌ഗഡ്-5.85
ഹരിയാന-5.10
ബിഹാര്‍-5.06
കര്‍ണാടക-5.03
തമിഴ്‌നാട്-4.94
ഉത്തരാഖണ്ഡ്-4.85
ജമ്മു കശ്‌മീര്‍-4.82
അസം-4.77
ഉത്തര്‍പ്രദേശ്-4.59
മധ്യപ്രദേശ്-4.42
Also Read: ആദായനികുതി ആശ്വാസവും റിപ്പോ നിരക്ക് കുറയ്ക്കലും ഉപഭോഗത്തിന് ഉണര്‍വേകും: നിര്‍മ്മല സീതാരാമന്‍