കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ആയിരുന്ന ഡോക്‌ടർ വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷി വിസ്‌താരം ആരംഭിച്ചു. കൊല്ലം അഡീഷണൽ സെഷൻസ് ജഡ്‌ജി പിഎൻ വിനോദ് മുമ്പാകെയാണ് വിസ്‌താരം നടക്കുന്നത്. കോടതിയിൽ പ്രതിയെ ഒന്നാം സാക്ഷി തിരിച്ചറിഞ്ഞു.
131 പ്രോസിക്യൂഷൻ സാക്ഷികള്‍ ഉള്ളതിൽ ആദ്യ 50 സാക്ഷികളെ ആദ്യഘട്ടത്തിൽ വിസ്‌തരിക്കും. കേസിൽ 35 ഡോക്‌ടർമാരാണ് സാക്ഷിപട്ടികയിൽ ഉള്ളത്. കൊല്ലപ്പെടുന്ന സമയത്ത് ഡോക്‌ടർ വന്ദനയ്‌ക്കൊപ്പം ജോലി ചെയ്‌തിരുന്ന ഡോക്‌ടർ ഷിബിൻ മുഹമ്മദിനെയാണ് ആദ്യം വിസ്‌തരിച്ചത്. ഷിബിൻ മുഹമ്മദ് കോടതിയിൽ വച്ച് പ്രതി സന്ദീപിനെ തിരിച്ചറിഞ്ഞു.
ഒരടി വലിപ്പമുള്ള കത്തി ഉപയോഗിച്ചാണ് പ്രതി ഡോക്‌ടർ വന്ദനയെ കുത്തിയതെന്നും മൊഴി നൽകി. സാക്ഷി വിസ്‌താരം നടക്കുമ്പോള്‍ ഡോക്‌ടർ വന്ദനദാസിൻ്റെ മാതാപിതാക്കളായ കെജി മോഹൻദാസും വസന്തകുമാരിയും അടുത്ത ബന്ധുക്കളും കോടതിയിൽ എത്തിയിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കാൻ ഏതറ്റം വരെയും പോകുമെന്ന് വന്ദനയുടെ പിതാവ് പ്രതികരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം വിചാരണ വൈകിപ്പിക്കാനുള്ള ശ്രമം പ്രതി ഭാഗത്തുനിന്നും ഉണ്ടായതായി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് പ്രതാപ് ജി പണിക്കർ പറഞ്ഞു. എന്നാൽ ഒന്നാം സാക്ഷി കോടതിയിൽ പറഞ്ഞ കാര്യങ്ങൾ പൊലീസിന് കൊടുത്ത മൊഴിയിൽ ഇല്ലെന്നും ഇത് കോടതിയിൽ ചോദ്യം ചെയ്യുമെന്നും പ്രതിഭാഗം അഭിഭാഷകൻ ആളൂർ പറഞ്ഞു.
2023-ന് പുലർച്ചെ 4:30നാണ് പൂയപ്പള്ളി പൊലീസ് വൈദ്യ പരിശോധനക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ച പ്രതി സന്ദീപ് പെട്ടെന്ന് അക്രമസക്തനായി വന്ദനയെ കൊലപ്പെടുത്തിയത്. മാർച്ച് അഞ്ചുവരെയാണ് ആദ്യഘട്ട വിചാരണ നടക്കുന്നത്.