തിരുവനന്തപുരം: നെന്മാറയിലും പത്തനംതിട്ടയിലും പൊലീസിന്‍റെ വീഴ്ച്ച സമ്മതിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ സംസ്ഥാനത്തെ പൊലീസ് സേനയുടെ വീഴ്ച്ച സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി എം ഷംസുദ്ദീൻ എംഎൽഎ നൽകിയ അടിയന്തര പ്രമേയ നോട്ടിസിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
നെന്മാറ ഇരട്ടകൊലപാതക കേസിലെ പ്രതി ചെന്താമരയോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന് നിദേശിച്ചു കോടതിയുടെ ജാമ്യ വ്യവസ്ഥയുണ്ടായിരുന്നുവെന്നും പിന്നീട് കോടതി തന്നെ നെന്മാറ പഞ്ചായത്ത് പരിധിയാക്കി ജാമ്യവ്യവസ്ഥ ഇളവ് ചെയ്‌തു നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജാമ്യവ്യവസ്ഥയിലെ ഇളവും പൊലീസ് എതിർത്തിരുന്നു. പക്ഷെ ചെന്താമരയുടെ ഭീഷണിയിൽ പരാതി ലഭിച്ചപ്പോൾ അതീവ ഗൗരവത്തിൽ പൊലീസ് കൈകാര്യം ചെയ്‌തില്ല. ഇതു വീഴ്‌ചയാണ്. സംഭവത്തിൽ സ്ഥലം എസ്ഐയെ സസ്‌പെൻഡ് ചെയ്‌തിരുന്നു. തുടർ നടപടികൾക്കായി ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പത്തനംതിട്ടയിലെ സംഭവവും സാധാരണ ഗതിയിൽ സംഭവിക്കാൻ പാടില്ലാത്തതാണ്. വിവാഹ പാർട്ടിയിൽപ്പെട്ട ആളുകൾക്ക് തല്ലുകൊള്ളാനിടയായി. അതിലൊരു യുവതിക്ക് തല്ല് കൊണ്ടു. അവർ പരാതിപ്പെട്ടു. അതിന്മേലുള്ള അന്വേഷണങ്ങളും നടക്കുകയാണ്. നടപടികളുടെ ഭാഗമായി പൊലീസ് എസ്ഐ അടക്കം സസ്‌പെൻഡ് ചെയ്‌തു നടപടിയെടുത്തു. മറ്റു അന്വേഷണങ്ങളും തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ഏതെങ്കിലും ചില സംഭവങ്ങൾ എടുത്തു കാണിച്ചു സംസ്ഥാനമാകെ ക്രമസമാധാന നില തെറ്റിയെന്ന് വരുത്തി തീർക്കാൻ ശ്രമിക്കേണ്ടെന്ന് ചൂണ്ടിക്കാട്ടി, അടിയന്തര പ്രമേയം സഭ നിർത്തിവച്ച് ചർച്ച ചെയ്യേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.