പാരിസ് ഒളിമ്പിക്‌സില്‍ സംയുക്ത വെള്ളി മെഡല്‍ നല്‍കണമെന്ന ഗുസ്‌തി താരം വിനേഷ് ഫോഗട്ടിന്‍റെ ഹര്‍ജി തള്ളി കായിക തർക്ക പരിഹാര കോടതി. ഇതോടെ വെള്ളി മെഡല്‍ നേടാമെന്ന ഇന്ത്യയുടെയും വിനേഷിന്‍റെ പ്രതീക്ഷ അസ്‌തമിച്ചു. ഭാരപരിശോധനയിൽ പരാജയപ്പെട്ടതിന് പിന്നാലെ ഒളിമ്പിക്‌സിൽ തുടർന്ന് മത്സരിക്കുന്നതിൽ നിന്ന് അയോഗ്യയാക്കപ്പെട്ട നടപടിയെ ചോദ്യം ചെയ്‌ത് താരം നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.
ഇതുമായി ബന്ധപ്പെട്ട വിധി പറയുന്നതിന് ഈ മാസം 16 വരെ കേസ് നീട്ടിവച്ചിരുന്നു. എന്നാൽ അതിന് കാത്ത് നിൽക്കാതെയാണ് ഇപ്പോൾ കോടതി കേസ് തളളിയിരിക്കുന്നത്. വിശദമായ വിധി പിന്നീട് പുറത്തുവിടുന്നതായിരിക്കും.
ഫൈനല്‍ വരെ എത്തിയതിനാല്‍ വെള്ളി മെഡല്‍ നല്‍കണമെന്നായിരുന്നു വിനേഷിന്‍റെ ആവശ്യം. വിനേഷിന്‍റെ അപ്പീലിനെ അന്താരാഷ്ട്ര ഗുസ്‌തി ഫെഡറേഷൻ കോടതിയില്‍ ശക്തമായി എതിര്‍ത്തു. വാദത്തിനിടെ ഫെഡറേഷന്‍ കോടതിയില്‍ ആവര്‍ത്തിച്ചു പറഞ്ഞത്, ഒളിമ്പിക്‌സിൽ വിനേഷ് ഫോഗട്ട് മാത്രമല്ല, മറ്റ് പല താരങ്ങളും ഭാരപരിശോധനയില്‍ പരാജയപ്പെട്ടിട്ടുണ്ടെന്നും എല്ലാവര്‍ക്കും ഒരേ നീതി ഉറപ്പാക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്നും വിനേഷ് ഫോഗട്ടിന് മാത്രമായി ഒരു ഇളവ് അനുവദിക്കാന്‍ കഴിയില്ലെന്നും നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണെന്നും ഫെഡറഷേൻ കോടതിയില്‍ വ്യക്തമാക്കി.