ബെംഗളൂരു: സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ടി20യില്‍ ഛണ്ഡീഗഡിന്‍റെ വെല്ലുവിളി മറികടന്ന് ക്വാര്‍ട്ടറില്‍ പ്രവേശിച്ച് ബംഗാള്‍. ബാറ്റുകൊണ്ടും ബോളുകൊണ്ടും നിറഞ്ഞാടിയ മുഹമ്മദ് ഷമിയാണ് ബംഗാളിന്‍റെ ഹീറോ. 17 പന്തില്‍ പുറത്താവാതെ 32 റണ്‍സ് അടിച്ച് ഷമി, ബോളെടുത്തപ്പോള്‍ നാല് ഓവറില്‍ 25 റണ്‍സിന് ഒരു വിക്കറ്റും വീഴ്‌ത്തി.
അവസാന ഓവര്‍ വരെ അവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ മൂന്ന് റണ്‍സിനാണ് ബംഗാള്‍ ജയം പിടിച്ചത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ബംഗാള്‍ നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 159 റണ്‍സാണ് നേടിയത്. മറുപടിക്ക് ഇറങ്ങിയ ഛണ്ഡീഗഡിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 156 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
20 പന്തില്‍ 32 റണ്‍സ് അടിച്ച രാജ് ബാവയാണ് ഛണ്ഡീഗഡിന്‍റെ ടോപ് സ്‌കോററായത്. ക്യാപ്റ്റന്‍ മനന്‍ വോറ (24 പന്തില്‍ 23), പ്രദീപ് യാദവ് (19 പന്തില്‍ 27), നിഖില്‍ ശര്‍മ (17 പന്തില്‍ 22) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. ബംഗാളിനായി സയന്‍ ഘോഷ് നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. കനിഷ്‌ക് സേഥ് രണ്ട് വിക്കറ്റുകളും വീഴ്‌ത്തി.
നേരത്തെ, വാലറ്റത്ത് അടിച്ചുതകര്‍ത്ത ഷമിയുടെ പ്രകടനമാണ് ബംഗാളിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്. പത്താമനായി ക്രീസിലേക്ക് എത്തിയ ഷമി മൂന്ന് ബൗണ്ടറികളും രണ്ട് സിക്‌സറുകളും നേടി. കരണ്‍ ലാല്‍ (25 പന്തില്‍ 33), പ്രദീപ്‌ത പ്രമാണിക്ക് (24 പന്തില്‍ 30), വൃതിക് ചാറ്റര്‍ജി (12 പന്തില്‍ 28) എന്നിവരും മുതല്‍ക്കൂട്ടായി. ഛണ്ഡീഗഡിനായി ജഗ്‌ജിത് സിങ് നാല് വിക്കറ്റുകള്‍ വീഴ്‌ത്തി.
ALSO READ:അഡ്‌ലെയ്‌ഡിലെ തോല്‍വിയില്‍ കിട്ടിയത് മുട്ടന്‍ പണി; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയില്‍ കൂപ്പുകുത്തി ഇന്ത്യ; ഓസ്‌ട്രേലിയ ഒന്നാമത്
കഴിഞ്ഞ ഏകദിന ലോകകപ്പിനിടെയേറ്റ പരിക്കില്‍ നിന്നും മോചിതനായ മുഹമ്മദ് ഷമി ഒരു ഇടവേളയ്‌ക്ക് ശേഷമാണ് ക്രിക്കറ്റില്‍ വീണ്ടും സജീവമായിരിക്കുന്നത്. ബംഗാളിന് വേണ്ടി സീസണില്‍ ഇതുവരെ എട്ട് മത്സരങ്ങള്‍ കളിച്ച 34-കാരന്‍ ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.
അതേസമയം ഷമിയെ ബോര്‍ഡര്‍ -ഗവാസ്‌കര്‍ ട്രോഫിയില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് പരിഗണിച്ചേക്കുമെന്നാണ് നിലവില്‍ പുറത്തുവരുന്ന വിവരം. എന്നാല്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ താരത്തിന് ഓസ്‌ട്രേലിയയിലേക്ക് പറക്കാനാവൂ.