മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ആളുകള്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നത് തുടര്‍ക്കഥയാവുകയാണ്. വാങ്കഡെയില്‍ മുംബൈ ഇന്ത്യന്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരത്തിനിടെയും സംഭവം ആവര്‍ത്തിച്ചു. ഗ്രൗണ്ടിലേക്ക് ചാടിയിറങ്ങിയ ഒരാള്‍ മുംബൈ ഇന്ത്യന്‍സ് മുന്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കും ഇഷാന്‍ കിഷനും അടുത്തേക്കാണ് ഓടിയെത്തിയത്.
രാജസ്ഥാന്‍ ഇന്നിങ്‌സിന്‍റെ സമയത്തായിരുന്നു ഇയാള്‍ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് എത്തിയത്. വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷന്‍റെ സമീപത്തായി ഫസ്റ്റ് സ്ലിപ്പിലായിരുന്നു രോഹിത് നിലയുറപ്പിച്ചിരുന്നത്. പിറകിലൂടെ ഓടിയെത്തിയ ആരാധകന്‍റെ അപ്രതീക്ഷിത നീക്കത്തില്‍ ഞെട്ടിത്തരിച്ച് പോയ രോഹിത്തിനെയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്.
നടുക്കം മാറും മുമ്പ് തന്നെ ഇയാള്‍ താരത്തെ കെട്ടിപ്പിടിക്കുകയും ചെയ്‌തു. തുടര്‍ന്ന് ഇഷാന്‍ കിഷനേയും കെട്ടിപ്പിടിച്ച ശേഷം ഇരു കൈകളും വായുവിലേക്ക് ഉയര്‍ത്തി വിശ്വവിജയിയെപ്പോലെയാണ് ഇയാള്‍ തിരികെ മടങ്ങിയത്. ഓടിയെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ സ്റ്റേഡിയത്തിന് പുറത്തേക്ക് കൊണ്ടുപോവുകയും ചെയ്‌തു.
നേരത്തെ, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു-പഞ്ചാബ് കിങ്‌സ് മത്സരത്തിനിടെയായിരുന്നു ഒരാള്‍ ഗ്രൗണ്ടിലേക്ക് എത്തിയത്. ആര്‍സിബിയുട സാറ്റര്‍ ബാറ്റര്‍ വിരാട് കോലിയ്‌ക്ക് സമീപത്തേക്ക് എത്തിയ ഇയാള്‍ താരത്തിന്‍റെ കാല്‍തൊട്ടുവണങ്ങുകയും കെട്ടിപ്പിടിക്കുകയും ചെയ്തിരുന്നു. സുരക്ഷ ഓദ്യോഗസ്ഥര്‍ ബലംപ്രയോഗിച്ചായിരുന്നു ആരാധകനെ പുറത്തേക്ക് എത്തിച്ചത്.