ജെറുസലേം: ഗാസയില്‍ ഹമാസും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറും ബന്ദികളെ വിട്ടയക്കാനുമുള്ള ധാരണയും അന്തിമഘട്ടത്തിലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഗാസയിലുണ്ടായ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. ജനുവരി മുതല്‍ രാജ്യാന്തര മധ്യസ്ഥരായ ഖത്തറും ഇസ്രയേലും അമേരിക്കയും വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ ശക്തമാക്കിയിരുന്നു. ഇതിലൂടെ ഇപ്പോഴും ഗാസയില്‍ ഹമാസിന്‍റെ ബന്ദികളായി കഴിയുന്നവരെ മോചിപ്പിക്കാനാകുമെന്നാണ് കരുതുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മാസങ്ങള്‍ക്ക് മുമ്പ് താന്‍ മുന്നോട്ട് വച്ച വെടിനിര്‍ത്തല്‍ കരാര്‍ ഇപ്പോള്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണെന്നാണ് വിദേശകാര്യമന്ത്രാലയത്തില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തില്‍ ബൈഡന്‍ പറഞ്ഞത്. കരാറിന് ഈയാഴ്‌ച തന്നെ അന്തിമ രൂപമാകുമെന്നാണ് വൈറ്റ്ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് ജേക്ക് സള്ളിവന്‍ വ്യക്തമാക്കിയിരിക്കുന്നത്. താന്‍ എന്തെങ്കിലും വാഗ്‌ദാനം നല്‍കുകയോ പ്രവചനം നടത്തുകയോ അല്ല ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സംഭവിക്കാന്‍ പോകുകയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ നിര്‍ണായക പുരോഗതിയുണ്ടായിട്ടുണ്ടെന്ന് ദോഹ ചര്‍ച്ചകളുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. കൃത്യമായ നിര്‍ദേശങ്ങള്‍ ഇരുപക്ഷത്തിനും മുന്നില്‍ വയ്ക്കുമെന്ന് പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയോടെ അദ്ദേഹം വാര്‍ത്ത ഏജന്‍സിയായ എഎഫ്‌പിയോടാണ് പ്രതികരണം. ചര്‍ച്ചകളുടെ സ്വഭാവത്തിലെ നിര്‍ണായകത്വം നിമിത്തമാണ് അദ്ദേഹം പേര് വെളിപ്പെടുത്തരുതെന്ന നിര്‍ദേശം മുന്നോട്ട് വച്ചിട്ടുള്ളത്.
ബന്ദികളെ വിട്ടയക്കണമെന്ന കാര്യത്തില്‍ ഇസ്രയേല്‍ നിലപാട് ശക്തമായിരിക്കുകയാണ്. അത് കൊണ്ട് തന്നെ വെടിനിര്‍ത്തല്‍ കരാറിനും തങ്ങള്‍ തയാറാണെന്ന് ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഗിഡിയോണ്‍ സാര്‍ പറഞ്ഞു. നിലവില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഏറെ ഗൗരവപൂര്‍ണമാണ്. ഒപ്പം ആഴത്തിലുള്ളതും. ഇതില്‍ നിര്‍ണായക പുരോഗതിയുണ്ട്. ഹമാസുമായി അടുത്ത ഒരു പലസ്‌തീനിയന്‍ ഉദ്യോഗസ്ഥന്‍ എഎഫ്‌പിയോട് പറഞ്ഞു.
എതിര്‍പ്പുമായി കടുത്ത വലതുപക്ഷക്കാര്‍
യുദ്ധം അവസാനിപ്പിക്കാനുള്ള ഏതൊരു കരാറിനെയും തങ്ങള്‍ ശക്തമായി എതിര്‍ക്കുമെന്ന പ്രഖ്യാപനവുമായി ഇസ്രയേലിന്‍റെ കടുത്ത വലതുപക്ഷ നേതാവായ ധനകാര്യമന്ത്രി ബെസാലെല്‍ സ്‌മോട്രിക് വ്യക്തമാക്കി. ഇസ്രയേലിന്‍റെ ദേശസുരക്ഷയെ അട്ടിമറിക്കുന്ന നിര്‍ദേശങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നിരിക്കുന്നതെന്നും സ്‌മോട്രിക് എക്‌സില്‍ കുറിച്ചു. കീഴടങ്ങാനുള്ള ധാരണ ചര്‍ച്ചകളില്‍ തങ്ങള്‍ ഭാഗമല്ല.
അപകടകാരികളായ ഭീകരരെ മോചിപ്പിക്കാനുള്ള ധാരണയ്ക്ക് തങ്ങള്‍ തയാറല്ല. യുദ്ധം നിര്‍ത്തുന്നത് പലരുടെയും ചോരയ്ക്ക് പകരം ചോദിക്കുന്നത് അവസാനിപ്പിക്കലാണ്. തങ്ങളുടെ പല ആളുകള്‍ ഇപ്പോഴും ബന്ദികളായി തുടരുകയുമാണ്. ഈ സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കാനാകില്ല.
ഇപ്പോള്‍ തങ്ങളുടെ ഉദ്യമം കടുപ്പിക്കാനുള്ള വേളയാണ്. ലഭ്യമായ എല്ലാ സേനകളെയും ഉപയോഗിച്ച് തങ്ങള്‍ ഗാസ മുനമ്പ് ശുദ്ധീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ ഭരണസഖ്യത്തിലെ എന്തും ആരോടും മുഖം നോക്കാതെ തുറന്നടിക്കുന്ന ആളാണ് സ്‌മോട്രിക്. ഗാസയില്‍ യുദ്ധം അവസാനിപ്പിക്കുന്നതിനെ ഇദ്ദേഹം എന്നും എതിര്‍ക്കുന്നുണ്ട്.
ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കണമെന്ന അവരുടെ കുടുംബാംഗങ്ങളുടെ അടക്കം ആവശ്യം ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍റെ പരാമര്‍ശങ്ങള്‍ എന്നതും ശ്രദ്ധേയമാണ്. നെതന്യാഹു മന്ത്രിസഭയിലെ ഭിന്നതകള്‍ കൂടിയാണ് ഈ പരാമര്‍ശങ്ങള്‍ വ്യക്തമാക്കുന്നത്.
അതേസമയം യുദ്ധം അവസാനിപ്പിക്കുന്നതിന്‍റെ ധാരണകളോട് നെതന്യാഹു അനുഭാവ പൂര്‍ണമായ നിലപാടാണ് കൈക്കൊള്ളുന്നത്. എന്നാല്‍ തന്‍റെ മന്ത്രിസഭയില്‍ നിന്ന് കാര്യമായ പിന്തുണ നേടാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ധാരണയിലെത്താനായി കഴിഞ്ഞ കൊല്ലം നടന്ന ചര്‍ച്ചകളെല്ലാം തുടര്‍ച്ചയായി പരാജയപ്പെടുകയായിരുന്നു. ചര്‍ച്ചകളുടെ സുപ്രധാന വിഷയങ്ങളിലൊന്നും ധാരണയിലെത്താനായില്ല.
പലസ്‌തീന് നല്‍കേണ്ട മാനുഷിക സഹായങ്ങളുടെ കാര്യത്തിലും ധാരണയിലെത്താനായില്ല. പലയാനം ചെയ്യപ്പെട്ട ഗാസയിലെ ജനതയ്ക്ക് അവരുടെ ഭവനങ്ങള്‍ തിരികെ നല്‍കുന്നത് സംബന്ധിച്ചതാണ് മറ്റൊരു വിഷയം. ഇതിന് പുറമെ ഇസ്രയേലിന്‍റെ സൈന്യത്തെ പിന്‍വലിക്കുന്നതും അതിര്‍ത്തികള്‍ തുറന്ന് കൊടുക്കുന്നതും അടക്കമുള്ള വിഷയങ്ങളും നിലനില്‍ക്കുന്നുണ്ട്.
ഗാസയില്‍ നിന്ന് ഇസ്രയേല്‍ സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കുന്നതിനെ നെതന്യാഹുവും ശക്തമായി എതിര്‍ക്കുന്നുണ്ട്. ഒപ്പം പലസ്‌തീന് പ്രദേശത്തിന്‍റെ പൂര്‍ണ ഭരണം നല്‍കുന്നതിനെയും ഇദ്ദേഹം അനുകൂലിക്കുന്നില്ല.
2023 ഒക്‌ടോബര്‍ ഏഴിന് ആരംഭിച്ച യുദ്ധത്തില്‍ 1210 പേര്‍ ഇസ്രയേല്‍ ഭാഗത്ത് മരിച്ചിട്ടുണ്ട്. ഇതിലേറെയും നാട്ടുകാരാണെന്നും ഇസ്രയേല്‍ നല്‍കിയ കണക്കുകള്‍ ഉദ്ധരിച്ച് എഎഫ്‌പി റിപ്പോര്‍ട്ട് ചെയ്യുന്നു.
251 പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. ഇതില്‍ 94 പേര്‍ ഇപ്പോഴും ഗാസയിലുണ്ട്. 34 പേര്‍ മരിച്ചെന്ന് ഇസ്രയേല്‍ സേന പറയുന്നു. ഇസ്രയേലിന്‍റെ തിരിച്ചടിയില്‍ ഗാസയില്‍ 46,584 പേര്‍ കൊല്ലപ്പെട്ടു. ഇവരിലേറെയും നാട്ടുകാരാണെന്നും ഹമാസിന്‍റെ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഐക്യരാഷ്‌ട്രസഭയും ഇത് ശരിവച്ചിട്ടുണ്ട്.
സമാധാന ശ്രമങ്ങള്‍ നടക്കുന്നതിനിടെ ഗാസയില്‍ കഴിഞ്ഞ ദിവസവും ആക്രമണങ്ങള്‍ അരങ്ങേറി. അന്‍പതിലേറെ പലസ്‌തീനികളാണ് കൊല്ലപ്പെട്ടത്. വിദ്യാലയങ്ങള്‍ക്കും വീടുകള്‍ക്കും ജനക്കൂട്ടങ്ങള്‍ക്കും നേരെയാണ് ആക്രമണങ്ങള്‍ അരങ്ങേറിയതെന്ന് പ്രതിരോധ സേന വക്താവ് മഹമ്മൂദ് ബസാല്‍ പറയുന്നു.
നഗരത്തിലെ ഷൂജയയില്‍ അബു ഖത്തര്‍, ജര്‍ദാര്‍ഹ് കുടുംബങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു. ബാക്കിയുള്ള മരണം ദിവസം മുഴുവന്‍ ഗാസ നഗരത്തില്‍ നടന്ന ആക്രമണത്തിലാണ് ഉണ്ടായത്.
അതേസമയം പരിക്കേറ്റ് ആരും ചികിത്സയില്‍ ഇല്ലെന്ന് ഇസ്രയേല്‍ പറയുന്നു. ഇസ്രയേല്‍ സൈന്യത്തിലുള്ളവരും കൊല്ലപ്പെട്ടിട്ടുണ്ട്. വടക്കന്‍ ഗാസയില്‍ യുദ്ധം ചെയ്യുന്നതിനിടെ ആയിരുന്നു ഇസ്രയേല്‍ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടത്. പുതിയ മരണങ്ങള്‍ കൂടി ചേര്‍ക്കുമ്പോള്‍ ഇസ്രയേല്‍ സൈന്യത്തിന് ഗാസയിലെ യുദ്ധത്തിനിടെ ജീവന്‍ നഷ്‌ടമായ സൈനികരുടെ എണ്ണം 408 ആയി.
Also Read: അമേരിക്കന്‍ നാവിക സേനയ്‌ക്ക് കരുത്ത് പകരാന്‍ ക്ലിന്‍റനും ബുഷും; പ്രഖ്യാപനവുമായി ബൈഡൻ