മധുരൈ: തമിഴകത്തെ ആവേശത്തിലാഴ്‌ത്തി ജല്ലിക്കെട്ട് മത്സരം. ഇന്ന് പൊങ്കൽ ഉത്സവത്തോടനുബന്ധിച്ചാണ് മധുരയിലെ ആവണിയാപുരത്ത് മത്സരം നടന്നത്. ടൂർണമെന്‍റിന്‍റെ 11 റൗണ്ടുകളിലായി ആകെ 836 കാളകളും 900 കളിക്കാരും പങ്കെടുത്തു. രാവിലെ 6.15 ന് ആണ് മത്സരങ്ങൾ ആരംഭിച്ചത്.
തമിഴ്‌നാട് മന്ത്രി മൂർത്തി, മധുര ജില്ലാ കളക്‌ടർ സംഗീത, മധുര കോർപ്പറേഷൻ കമ്മീഷണർ ദിനേശ് കുമാർ, മധുര മുനിസിപ്പൽ പൊലീസ് കമ്മീഷണർ ലോഗനാഥൻ എന്നിവരുടെ സാന്നിധ്യത്തിലാണ് മത്സരം ആരംഭിച്ചത്.
ആകെ 30 കളിക്കാരാണ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയത്. അവസാന റൗണ്ടിൽ 19 കാളകളെ മെരുക്കിയ മധുരൈയിലെ തിരുപ്പറങ്ങുന്ദ്രത്തിൽ നിന്നുള്ള കാളപ്പോരാളിയായ കാർത്തിക് ഒന്നാമതെത്തി. മികച്ച പ്രകടനം കാഴ്‌ച്ചവെച്ച കാര്‍ത്തികിന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ 8 ലക്ഷം രൂപയുടെ കാർ സമ്മാനിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കളത്തിൽ മികച്ച പ്രകടനം കാഴ്‌ചവച്ച മലയാണ്ടിയുടെ കാളയ്ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്‌റ്റാലിന്‍റെ വകയായി 12 ലക്ഷം രൂപയുടെ ട്രാക്‌ടറാണ് സമ്മാനമായി ലഭിച്ചത്. മധുര കോർപ്പറേഷൻ മേയർ ഇന്ദ്രാണി പൊൻ വസന്തിന്‍റെ വകയായി മികച്ച കളിക്കാരനും കാളയുടമയ്ക്കും പശുക്കളെയും കിടാവുകളെയും സമ്മാനിച്ചു.
മധുര ജില്ലയിലെ കുന്നത്തൂർ പ്രദേശത്തെ അരവിന്ദ് ദിവാകർ രണ്ടാം സമ്മാനമായ ഒരു ഇരുചക്ര വാഹനം നേടി. ജി ആർ കാർത്തിക്കിന്‍റെ കാളയ്ക്കാണ് രണ്ടാം സമ്മാനം. കാളയുടമയ്ക്കും ഇരുചക്ര വാഹനം സമ്മാനിച്ചു.
ജല്ലിക്കെട്ട് മത്സരത്തിനിടെ മത്സരാര്‍ഥിക്ക് ദാരുണാന്ത്യം
മധുര വേലങ്കുടി പ്രദേശത്തെ പശു ഉടമായായ നവീൻ കുമാര്‍ ജല്ലിക്കെട്ട് കാളയുടെ ആക്രമണത്തിൽ മരിച്ചു. ആക്രമണത്തില്‍ കുമാറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയ്ക്കായി മധുര സർക്കാർ രാജാജി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇവിടെ വച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.