കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയിൽ വൻ പ്രതിസന്ധി. മരുന്നുകളുടെയും ശസ്ത്രക്രിയ ഉപകരണങ്ങളുടേയും വിതരണം നിലച്ചതാണ് പ്രതിസന്ധിയായത്. 90 കോടി രൂപയോളം കുടിശിക വന്നതോടെയാണ് കമ്പനികള്‍ വിതരണം നിര്‍ത്തിയത്. മരുന്നുകളുടെയും ശസ്ത്രക്രിയ ഉപകരണങ്ങളുടെയും വിതരണം നിലച്ചതോടെ ആശുപത്രിയിലെ ശസ്ത്രക്രിയയും രോഗികള്‍ക്കുള്ള മരുന്ന് വിതരണവും ഉള്‍പ്പെടെ തടസപ്പെടുകയാണ്.
ആശുപത്രിയിലെ ന്യായവില മരുന്നുവിതരണ കേന്ദ്രങ്ങളിലേക്ക് മരുന്ന് വിതരണം ചെയ്‌തതിന് വിതരണക്കാര്‍ക്ക് പണം ലഭിച്ചിട്ട് ഒമ്പത് മാസം പിന്നിട്ടു. കഴിഞ്ഞ മാര്‍ച്ചിന് ശേഷം അവർക്ക് പണം കിട്ടിയിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി മരുന്ന് വിതരണം നിര്‍ത്തി വയ്ക്കുമെന്ന് കാണിച്ച് നേരത്തെ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കുള്‍പ്പെടെ കത്ത് നല്‍കിയിരുന്നു. അനുകൂല നടപടിയൊന്നുമുണ്ടാകാതെ വന്നതോടെയാണ് മരുന്നും ശസ്ത്രക്രിയ ഉപകരണങ്ങളും വിതരണം ചെയ്യുന്നത് നിര്‍ത്തിവച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കൂടിയ വിലയ്ക്ക് മരുന്നും ശസ്ത്രക്രിയ ഉപകരണങ്ങളും പുറത്ത് നിന്നും വാങ്ങേണ്ട അവസ്ഥയിലാണ് രോഗികള്‍. പണം കുടിശികയായതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലും മരുന്നു വിതരണം നിര്‍ത്തിവച്ചിരുന്നു. മാര്‍ച്ച് 31നകം കുടിശിക നല്‍കുമെന്ന ഉറപ്പിനെ തുടര്‍ന്നായിരുന്നു മരുന്ന് വിതരണം പുനരാംരഭിച്ചത്. എന്നാല്‍ ആ ഉറപ്പും ലംഘിക്കപ്പെട്ടെന്നാണ് വിതരണക്കാര്‍ പറയുന്നത്.
അതേസമയം ഉടന്‍ തന്നെ വിതരണക്കാര്‍ക്ക് ഫണ്ട് ലഭ്യമാക്കുമെന്ന വിശദീകരണമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍ നല്‍കുന്നത്. സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ ആശുപത്രിയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് രോഗികളുടെ അവസ്ഥ അതിസങ്കീർണമാകും.
Also Read: രാജ്യത്തെ അഞ്ച് മികച്ച കാഷ്വാലിറ്റികളിൽ തിരുവനന്തപുരവും; മെഡിക്കല്‍ കോളജ് ഇനി മികവിന്‍റെ കേന്ദ്രം